അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി പണം വന്നോ? ‘Jumped Deposit Scam’നെതിരെ SBI മുന്നറിയിപ്പ്

തിടുക്കം സൃഷ്ടിക്കല്‍, അടിയന്തര സാഹചര്യമാണെന്ന് പറഞ്ഞ് സമ്മര്‍ദത്തിലാക്കല്‍, വൈകിയാല്‍ പ്രശ്‌നമുണ്ടാകുമെന്ന് ഭയപ്പെടുത്തല്‍ തുടങ്ങിയ തന്ത്രങ്ങളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതെന്ന് എസ്ബിഐ മുന്നറിയിപ്പില്‍ പറയുന്നു
അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി പണം വന്നോ? ‘Jumped Deposit Scam’നെതിരെ SBI മുന്നറിയിപ്പ്
Published on: 

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി ചെറിയൊരു തുക എത്തിയോ? സന്തോഷിക്കാന്‍ വരട്ടെ. ഇങ്ങനെ തുക വന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

'Jumped Deposit Scam' എന്ന പേരില്‍ നടക്കുന്ന പുതിയ തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പില്‍, ചെറിയൊരു തുക അയച്ച് വിശ്വാസം നേടിയ ശേഷം വലിയ തുകയ്ക്കുള്ള യുപിഐ പേയ്‌മെന്റ് അംഗീകരിപ്പിക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. കേരളത്തിലടക്കം നിരവധി പേര്‍ക്ക് ഈ രീതിയില്‍ പണം നഷ്ടമായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

തട്ടിപ്പ് എങ്ങനെ?

ആദ്യം തട്ടിപ്പുകാര്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയൊരു തുക അയക്കും. പിന്നാലെ ആ തുക അബദ്ധത്തില്‍ അയച്ചതാണെന്നും ഉടന്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെടും. പലരും മനുഷ്യത്വം പരിഗണിച്ച് പണം തിരികെ നല്‍കാന്‍ തയാറാകും.

ഇവിടെയാണ് യഥാര്‍ത്ഥ തട്ടിപ്പ് ആരംഭിക്കുന്നത്. പണം സാധാരണ രീതിയില്‍ തിരിച്ചയക്കാന്‍ പറയുന്നതിന് പകരം, തട്ടിപ്പുകാര്‍ ഒരു UPI collect request അല്ലെങ്കില്‍ മറ്റൊരു പേയ്‌മെന്റ് റിക്വസ്റ്റ് അയയ്ക്കും. ആദ്യം ലഭിച്ച ചെറിയ തുകയേക്കാള്‍ വളരെ വലിയ തുകയ്ക്കായിരിക്കും ഈ അഭ്യര്‍ത്ഥന. ഉപഭോക്താവ് പരിശോധിക്കാതെ അത് അംഗീകരിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് വലിയ തുക നഷ്ടപ്പെടാം.

തിടുക്കം സൃഷ്ടിക്കല്‍, അടിയന്തര സാഹചര്യമാണെന്ന് പറഞ്ഞ് സമ്മര്‍ദത്തിലാക്കല്‍, വൈകിയാല്‍ പ്രശ്‌നമുണ്ടാകുമെന്ന് ഭയപ്പെടുത്തല്‍ തുടങ്ങിയ തന്ത്രങ്ങളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതെന്ന് എസ്ബിഐ മുന്നറിയിപ്പില്‍ പറയുന്നു.

ഉപഭോക്താക്കള്‍ എന്ത് ചെയ്യണം?

അപ്രതീക്ഷിതമായി അക്കൗണ്ടിലേക്ക് പണം എത്തിയാല്‍, പരിചയമില്ലാത്ത ആളുകള്‍ അയക്കുന്ന UPI payment request അംഗീകരിക്കരുതെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. തുക തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമ്മര്‍ദം ചെലുത്തിയാലും ആദ്യം ഇടപാട് പരിശോധിക്കണം.

സംശയകരമായ നമ്പര്‍ ബ്ലോക്ക് ചെയ്ത് സംഭവം ഉടന്‍ ബാങ്കിനെ അറിയിക്കണമെന്നും എസ്ബിഐ നിര്‍ദേശിക്കുന്നു. പരിചയമില്ലാത്തയാളുടെ വാക്ക് വിശ്വസിച്ച് സ്വമേധയാ പണം തിരികെ അയയ്ക്കുന്നതിനുപകരം, ബാങ്കിനെ ബന്ധപ്പെടുന്നതാണ് സുരക്ഷിതം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com