'മലയാളിത്തം' വിട്ട് കേരളബാങ്കുകള്‍

'മലയാളിത്തം' വിട്ട് കേരളബാങ്കുകള്‍
Published on

തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാരഥിയായി മുരളി രാമകൃഷ്ണന്‍ കൂടി നിയമിതനാകുന്നതോടെ കേരളം ആസ്ഥാനമായുള്ള ബാങ്കുകളുടെ നിയന്ത്രണം കേരളത്തിന് പുറത്തുനിന്നുള്ള ബാങ്കിംഗ് പ്രൊഫഷണലുകളുടെ കൈകളിലാകും. ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് ( പഴയ കാത്തലിക് സിറിയന്‍ ബാങ്ക്), ഫെഡറല്‍ ബാങ്ക് എന്നിവയുടെ സാരഥ്യത്തില്‍ ഇപ്പോള്‍ തന്നെയുള്ളത് കേരളത്തിന് പുറത്തുള്ളവരാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യു സെപ്തംബര്‍ 30നാണ് സ്ഥാനമൊഴിയുന്നത്.

ഐസിഐസിഐ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരായ മുരളി രാമകൃഷ്ണന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അഡൈ്വസറായി മുംബൈയില്‍ സ്ഥാനമേറ്റു കഴിഞ്ഞു. നിയമനത്തിന് റിസര്‍വ് ബാങ്ക് അനുമതി കാക്കുകയാണ്. മുരളി രാമകൃഷ്ണന്‍ എസ്‌ഐബി സാരഥിയാകുമ്പോള്‍, സ്വകാര്യ ബാങ്കില്‍ നിന്ന് എസ്‌ഐബിയുടെ സാരഥ്യത്തിലെത്തുന്ന ആദ്യ വ്യക്തികൂടിയാകും ഇദ്ദേഹം.

കേരളം ആസ്ഥാനമായുള്ള ഏറ്റവും വലിയ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ സാരഥ്യത്തില്‍ തമിഴ്‌നാട് സ്വദേശിയായ ശ്യാം ശ്രീനിവാസന്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അദ്ദേഹത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കുമെങ്കിലും റിസര്‍വ് ബാങ്ക് നീട്ടി നല്‍കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

ന്യൂ ജെന്‍ ബാങ്കുകളില്‍ നിന്ന് ന്യൂ ജെന്‍ മുഖങ്ങള്‍

തമിഴ്‌നാട് സ്വദേശിയായ സി വി ആര്‍ രാജേന്ദ്രനാണ് സിഎസ്ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും. സിഎസ്ബി ബാങ്കിന്റെ ലിസ്റ്റിംഗില്‍ നിര്‍ണായക പങ്കുവഹിച്ച സി വി ആര്‍ രാജേന്ദ്രന് തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭപാതയിലെത്തിക്കാനും സാധിച്ചിട്ടുണ്ട്. 2019 ഡിസംബറില്‍ മൂന്നുവര്‍ഷത്തേക്ക് കൂടി പുനര്‍നിയമനവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ സിഎസ്ബി ബാങ്കിന്റെ  റീറ്റെയ്ല്‍, എസ്എംഇ, ഓപ്പറേഷന്‍സ്, ഐറ്റി വിഭാഗം മേധാവിയായി ആക്‌സിസ് ബാങ്കിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ പ്രളയ് മൊണ്ടാല്‍ നിയമിതനായിട്ടുണ്ട്. രാജ്യത്തെ നിരവധി സ്വകാര്യ ബാങ്കുകളില്‍ പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മൊണ്ടാല്‍. ആക്‌സിസ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് യെസ് ബാങ്കിനൊപ്പമായിരുന്നു.

തൃശൂര്‍ ആസ്ഥാനമായ മറ്റൊരു ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി മാര്‍ച്ചില്‍ സ്ഥാനമേറ്റ സുനില്‍ ഗുര്‍ബക്‌സാനി രാജസ്ഥാന്‍ സ്വദേശിയാണ്. ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നിവിടങ്ങളില്‍ മൂന്നര പതിറ്റാണ്ടിന്റെ സേവനപാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്.

സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ നിന്നാണ് ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്കിനെ നയിക്കാനെത്തിയത്. ഇപ്പോള്‍ എസ്‌ഐബിയുടെ സാരഥ്യത്തിലേക്ക് വരുന്ന മുരളി രാമകൃഷ്ണന്‍ ഐസിഐസിഐയില്‍ നിന്നും.

അതിനിടെ കേരളത്തില്‍ സ്ഹകരണമേഖലയില്‍ രൂപീകൃതമായിരിക്കുന്ന കേരള ബാങ്കിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മലയാളിയായ പി എസ് രാജനാണ്. യൂണിയന്‍ ബാങ്കില്‍ നിന്നാണ് അദ്ദേഹം കേരള ബാങ്ക് സാരഥ്യത്തിലേക്ക് വന്നിരിക്കുന്നത്.

മാറ്റം അനിവാര്യം

ബാങ്കിംഗ് രംഗം അടിമുടി മാറുമ്പോള്‍ അതിനൊപ്പം കേരളം ആസ്ഥാനമായുള്ള ബാങ്കുകളും മാറുന്നതിന്റെ സൂചനയാണ് ഇതിലും തെളിയുന്നത്. ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്കില്‍ വരുത്തിയ നിര്‍ണായക മാറ്റം തന്നെ അതിനെ ദേശീയ ബാങ്കാക്കി എന്നതാണ്.

സംസ്ഥാനത്ത് നല്ല രീതിയില്‍ വേരോട്ടം ഇതിനകം കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍ക്കുണ്ട്. ഫെഡറല്‍ ബാങ്ക് ചെയ്തതുപോലെ നല്ല രീതിയില്‍ വേരോട്ടമുള്ളിടത്ത് ഒന്നാം നിര സ്ഥാനം അരക്കിട്ടുറപ്പിക്കാനും സാന്നിധ്യം മാത്രമുള്ളിടത്ത് ശക്തമായ ഇടപെടല്‍ നടത്തുന്ന ബാങ്കായി മാറാനുമൊക്കെയാണ് കേരള ബാങ്കുകള്‍ ഇനി ശ്രമിക്കുക. എങ്കില്‍ മാത്രമേ ദേശീയതലത്തില്‍ തലയുയര്‍ത്തി നില്‍ക്കാനാകൂ. ''ദേശീയ, രാജ്യാന്തരതലത്തില്‍ ബാങ്കിംഗിന്റെ വിവിധ തലങ്ങളില്‍ അനുഭവസമ്പത്തുള്ളവരാണ് കേരള ബാങ്കുകളുടെ സാരഥ്യത്തിലേക്ക് വരുന്നത്. അങ്ങനെയാകാതെ ഇനി വഴിയില്ല. മലയാളിയാണോ അല്ലയോ എന്നതില്‍ ഒരു കാര്യവുമില്ല. മാറിയ സാഹചര്യങ്ങളില്‍ ബാങ്കിനെ നയിക്കാനുള്ള വൈഭവമുണ്ടോ എന്നതുമാത്രമാണ് പ്രസക്തം,'' ബാങ്കിംഗ് രംഗത്തെ ഒരു നിരീക്ഷകന്‍ പറയുന്നു.

അതിനിടെ, ആക്‌സിസ് ബാങ്ക് പോലെ രാജ്യത്തെ മുന്‍നിര ബാങ്കുകളിലെ ഉയര്‍ന്ന പദവികള്‍ വഹിച്ചവര്‍ കേരള ബാങ്കുകളിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യാത്തവരുമുണ്ട്. കേരള ബാങ്കുകളുടെ കരുത്തും ദൗര്‍ബല്യവുമറിയാത്ത അവര്‍ നടത്തുന്ന ഭരണ പരിഷ്‌കാരണങ്ങള്‍ ബാങ്കുകളെ ദുര്‍ബലമാക്കുമെന്നാണ് ഇവരുടെ വാദം.

എന്തായാലും രാജ്യത്തെ ബാങ്കിംഗ് രംഗത്തും, മറ്റെല്ലാ രംഗത്തെന്നുപോലെ ഏറ്റവും അനുയോജ്യരായവരും അതിവേഗം പ്രവര്‍ത്തിക്കുന്നവരും മാത്രമേ നിലനില്‍ക്കൂ. ബാങ്കിംഗ്, ധനകാര്യ സേവനരംഗം അടിമുടി മാറുമ്പോള്‍ കേരള ബാങ്കുകളും ഒഴുക്കിനൊപ്പം നീങ്ങുകയാണ്, പുതിയ ഘട്ടത്തിലേക്ക് കടക്കാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com