മൂന്നാംപാദ ഫലങ്ങളില്‍ വിപണി ഉഷാര്‍; കേരള ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്

മൂന്നാംപാദത്തിലെ അനുകൂല ഫലത്തിനൊപ്പം നടപ്പുപാദത്തിലെ ഫലങ്ങളും മികച്ചതായിരിക്കുമെന്ന ബാങ്കുകളുടെ നിഗമനവും വിപണിക്ക് കരുത്തായി
മൂന്നാംപാദ ഫലങ്ങളില്‍ വിപണി ഉഷാര്‍; കേരള ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്
Published on

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദത്തില്‍ കേരള ബാങ്കുകളുടെ പ്രകടനം പ്രതീക്ഷകള്‍ക്ക് മുകളിലാണെന്ന റിപ്പോര്‍ട്ട് വന്നതോടെ കേരള ബാങ്കുകളുടെ ഓഹരികള്‍ക്ക് വന്‍കുതിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൂന്നാംപാദ ഫലം ഇന്നലെ പുറത്തുവന്നിരുന്നു. ഇന്നാണ് ഫെഡറല്‍ ബാങ്ക് ഫലം പുറത്തുവിട്ടത്. അനുകൂല ട്രെന്റ് രാവിലെ മുതല്‍ കേരള ബാങ്കുകളുടെ ഓഹരികളിലും പ്രതിഫലിച്ചു.

സിഎസ്ബി ബാങ്ക് ഒഴികെയുള്ള കേരള ബാങ്കുകളെല്ലാം ഇന്ന് ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മൂന്നാംപാദത്തിലെ അനുകൂല ഫലത്തിനൊപ്പം നടപ്പുപാദത്തിലെ ഫലങ്ങളും മികച്ചതായിരിക്കുമെന്ന ബാങ്കുകളുടെ നിഗമനവും വിപണിക്ക് കരുത്തായി.

ഫെഡറല്‍ ബാങ്ക്

മൂന്നാംപാദ ഫലങ്ങള്‍ ഫെഡറല്‍ ബാങ്ക് ഇന്നാണ് പ്രഖ്യാപിച്ചത്. ആകെ വരുമാനം 8,503.16 കോടി രൂപയായി വര്‍ധിച്ചു. ലാഭം 1,041.21 കോടി രൂപയായി ഉയര്‍ന്നു. സുസ്ഥിരമായ പ്രകടനത്തിനാണ് ബാങ്ക് ഊന്നല്‍ നല്കുന്നതെന്ന ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ് മണിയന്റെ പ്രഖ്യാപനവും ഫെഡറല്‍ ബാങ്ക് ഓഹരികളില്‍ വലിയ കുതിപ്പിന് വഴിയൊരുക്കി.

ഇന്ന് രാവിലെ 247 രൂപയില്‍ വ്യാപാരം തുടങ്ങിയ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഒരുഘട്ടത്തില്‍ 278.40 രൂപ വരെ ഉയര്‍ന്നിരുന്നു. ഏകദേശം 13 ശതമാനത്തോളം. വൈകുന്നേരം ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ കടന്നതോടെ ഇന്നത്തെ നേട്ടം 10 ശതമാനത്തില്‍ താഴെയായി.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

ബാങ്കിന്റെ ചരിത്രത്തിലെ ഉയര്‍ന്ന ലാഭം നേടിയെന്ന മൂന്നാംപാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളെയും ഇന്ന് ഉയരത്തിലേക്ക് എത്തിച്ചത്. ഒരുഘട്ടത്തില്‍ അഞ്ച് ശതമാനത്തിന് മുകളില്‍ ഓഹരിവില ഉയരുകയും ചെയ്തു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളിലും ഇന്ന് വലിയ കുതിപ്പുണ്ടായി. ഓഹരിവില ഇന്നൊരു ഘട്ടത്തില്‍ 10 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നിരുന്നു. മൂന്നാംപാദത്തില്‍ മികച്ച പ്രകടനം നടത്തുമെന്ന സൂചനകളാണ് ഈ ഓഹരിയിലും പ്രതിഫലിക്കുന്നത്.

ധനലക്ഷ്മി ബാങ്ക്

കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കും ഇന്ന് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഓഹരിയൊന്നിന് 25.25 രൂപയില്‍ തുടങ്ങിയ ധനലക്ഷ്മി ഓഹരികള്‍ ഒരുഘട്ടത്തില്‍ 25.92 രൂപ വരെ ഉയര്‍ന്നിരുന്നു.

സിഎസ്ബി ബാങ്ക്

ഇന്ന് നെഗറ്റീവ് പ്രവണത കാണിച്ച ഒരേയൊരു കേരള ബാങ്ക് ഓഹരി സിഎസ്ബി ബാങ്ക് ആണ്. 525 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരിവില ഒരുഘട്ടത്തില്‍ 497 രൂപ വരെ താഴ്ന്നിരുന്നു. ഉച്ചയ്ക്കുശേഷമാണ് ഓഹരിയില്‍ കൂടുതല്‍ സമ്മര്‍ദം ശക്തമായത്.

മൂന്നാംപാദത്തിലും ഈ സാമ്പത്തിക വര്‍ഷം മുഴുവനായും കേരള ബാങ്കുകളുടെ പ്രകടനം മികച്ചതായിരിക്കുമെന്നാണ് പൊതുവിലയിരുത്തല്‍. കിട്ടാക്കടത്തിലും നിഷ്‌ക്രിയ ആസ്തിയിലും ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com