സമ്പാദ്യം ഇനി വളരുന്ന സമ്പത്താകണം; കേരളം നിര്‍ണായക വഴിത്തിരിവിലെന്ന് ഇക്വിറസ്-ധനം റിപ്പോര്‍ട്ട്

കേരളത്തിലെ കുടുംബങ്ങള്‍ എങ്ങനെ സമ്പാദിക്കുന്നു, ചെലവഴിക്കുന്നു, നിക്ഷേപിക്കുന്നു, കടമെടുക്കുന്നു, സ്വത്തുക്കള്‍ എങ്ങനെ സംരക്ഷിക്കുന്നു എന്നിവ സമഗ്രമായി പരിശോധിക്കുകയാണ് ഈ റിപ്പോര്‍ട്ട്
Eight men on stage hold copies of the Equirus-Dhanam Kerala Money Report in front of a large screen showing the report's title, at its launch in Kochi.
ബാങ്ക് ഓഫ് ഇന്ത്യ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ എം ആർ കുമാർ കൊച്ചിയിൽ ഇക്വിറസ്-ധനം കേരള മണി റിപ്പോർട്ട് പുറത്തിറക്കുന്നു. ഇടത്തുനിന്ന്: വിജയ് കുര്യൻ എബ്രഹാം, സഞ്ജയ് എബ്രഹാം (ധനം ബിസിനസ് മീഡിയ), സന്ദീപ് വാലുഞ്ച്, ദിനേശ് കെ നായർ (ഇക്വിറസ്), എം ആർ കുമാർ, വിനോദ് മാത്യു, പ്രേംനാഥ് എസ് പൈ (ഇക്വിറസ്), കുര്യൻ എബ്രഹാം (ധനം ബിസിനസ് മീഡിയ).
Published on: 

പതിറ്റാണ്ടുകളായി മലയാളികള്‍ കരുതിവെച്ച സമ്പാദ്യം ഇനി ദീര്‍ഘകാലം നിലനില്‍ക്കുന്നതും വളരുന്നതുമായ സമ്പത്താക്കി മാറ്റേണ്ട സമയമായെന്ന് 'ഇക്വിറസ്-ധനം കേരള മണി റിപ്പോര്‍ട്ട്' (Equirus-Dhanam Kerala Money Report). കേരളത്തിലെ കുടുംബങ്ങള്‍ എങ്ങനെ സമ്പാദിക്കുന്നു, ചെലവഴിക്കുന്നു, നിക്ഷേപിക്കുന്നു, കടമെടുക്കുന്നു, സ്വത്തുക്കള്‍ എങ്ങനെ സംരക്ഷിക്കുന്നു എന്നിവ സമഗ്രമായി പരിശോധിക്കുന്ന റിപ്പോര്‍ട്ട്, സംസ്ഥാനം ഒരു വലിയ സാമ്പത്തിക വഴിത്തിരിവിലാണെന്ന് അടിവരയിടുന്നു.

പരമ്പരാഗതമായി ഒരു നിശ്ചിത പാതയിലൂടെയായിരുന്നു മലയാളികളുടെ പണത്തിന്റെ സഞ്ചാരം.

പ്രവാസലോകത്തടക്കം കഠിനാധ്വാനം ചെയ്ത് മലയാളികള്‍ സമ്പാദിച്ച പണം പ്രധാനമായും ബാങ്ക് നിക്ഷേപങ്ങള്‍, സ്വര്‍ണം, ഭൂമി എന്നിവയിലേക്കാണ് എത്തിയത്. ഇന്ന് കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങള്‍ ?10.84 ലക്ഷം കോടി കവിഞ്ഞു; പത്തില്‍ ഒന്‍പത് വീടുകളിലും സ്വര്‍ണവുമുണ്ട്.

സമ്പാദ്യശീലത്തില്‍ കേരളം ഏറെ മുന്നിലാണെന്നതില്‍ സംശയമില്ല. എന്നാല്‍, രാജ്യത്ത് ഏറ്റവും വേഗത്തില്‍ പ്രായമേറുന്ന ജനസംഖ്യയുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഒപ്പം, പുതുതലമുറയില്‍ ഭൂരിഭാഗവും പഠനത്തിനും ജോലിക്കുമായി സംസ്ഥാനത്തിന് പുറത്തേക്ക് ചേക്കേറുകയുമാണ്. ഈ സാഹചര്യത്തില്‍ പരമ്പരാഗത സമ്പാദ്യരീതികള്‍ മാത്രം മതിയാകില്ലെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

ഇക്വിറസ് വെല്‍ത്തുമായി (Equirus Wealth) സഹകരിച്ച് ധനം ബിസിനസ് മീഡിയ തയ്യാറാക്കിയ 48 പേജുള്ള ഈ റിപ്പോര്‍ട്ട്, ഒരു മലയാളി കുടുംബത്തിന്റെ സമ്പത്തിന്റെ സമ്പൂര്‍ണ ചിത്രം ആദ്യമായി ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്. [dhanamonline.com/kerala-money-report](https://dhanamonline.com/kerala-money-report) എന്ന വെബ്‌സൈറ്റില്‍ നിന്ന് റിപ്പോര്‍ട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

വഴിത്തിരിവില്‍ കേരളം

സമ്പത്ത് സൃഷ്ടിക്കുന്നതിലെ ഏറ്റവും പ്രയാസമേറിയ ഘട്ടമായ 'സമ്പാദ്യം' മലയാളികള്‍ ഇതിനോടകം ഭംഗിയായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഇക്വിറസ് ഗ്രൂപ്പ് വെല്‍ത്ത് വിഭാഗം മേധാവി അമിത് ബിവാല്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു. 'വിലക്കയറ്റത്തെ മറികടന്ന് വളരുന്നതും, ദീര്‍ഘമായ വിശ്രമജീവിതത്തില്‍ കൃത്യമായ വരുമാനം ഉറപ്പാക്കുന്നതും, അടുത്ത തലമുറയിലേക്ക് സുഗമമായി കൈമാറാന്‍ കഴിയുന്നതുമായ സമ്പത്ത് കെട്ടിപ്പടുക്കുക എന്നതാണ് ഇനിയുള്ള പ്രധാന ദൗത്യം,' അദ്ദേഹം പറഞ്ഞു.

വിവിധ സര്‍വേകളിലും റെഗുലേറ്ററി സ്ഥാപനങ്ങളിലുമായി ചിതറിക്കിടന്നിരുന്ന ആധികാരിക വിവരങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങളാണ് യഥാര്‍ത്ഥ സമ്പത്ത് സൃഷ്ടിക്കുന്നതെന്ന് ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം വ്യക്തമാക്കി.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

പ്രവാസി പണം എത്തുന്ന വീടുകള്‍ കുറയുന്നു: വിദേശത്തുള്ള കുടുംബാംഗങ്ങളില്‍ നിന്ന് നേരിട്ട് പണം ലഭിക്കുന്ന കേരളത്തിലെ വീടുകളുടെ എണ്ണം 2018-ല്‍ 16 ശതമാനമായിരുന്നത് 2023-ല്‍ 12 ശതമാനമായി കുറഞ്ഞു. എങ്കിലും, ഈ കുടുംബങ്ങളിലേക്ക് എത്തുന്ന ആകെ തുകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

വൈദഗ്ധ്യം കൂടുമ്പോള്‍ ശമ്പളത്തിലെ മുന്‍തൂക്കം കുറയുന്നു: സാധാരണ കൂലിപ്പണിക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്നത് കേരളത്തിലാണ്. 2025-ല്‍ ഒരു ദിവസത്തെ കൂലി 924 രൂപയായിരുന്നു; ദേശീയ ശരാശരിയായ 453 രൂപയുമായി നോക്കുമ്പോള്‍ ഇത് ഇരട്ടിയാണിത്. എന്നാല്‍, സ്ഥിരമായ പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ശരാശരി 25,443 രൂപ മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ 12% മാത്രം കൂടുതലും അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്.

ചെലവാക്കുന്നതില്‍ മുന്നില്‍, പക്ഷേ അന്തരം കുറയുന്നു: സമ്പന്ന സംസ്ഥാനങ്ങള്‍ക്ക് സമാനമായ ഉപഭോഗ ശീലമാണ് മലയാളികള്‍ക്കുള്ളത്. 2023-24ല്‍ ഒരാള്‍ പ്രതിമാസം ശരാശരി 7,189 രൂപ ചെലവഴിച്ചു; ദേശീയ ശരാശരിയായ 4,978 രൂപയേക്കാള്‍ 44% കൂടുതലാണിത്. എങ്കിലും 2011-12ല്‍ ഈ അന്തരം 62% ആയിരുന്നു എന്നത് കേരളത്തിന്റെ മുന്‍തൂക്കം കുറയുന്നതിന്റെ സൂചനയാണ്.

ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്ന നിക്ഷേപകര്‍: ബാങ്ക് നിക്ഷേപങ്ങളോടുള്ള പ്രിയം തുടരുമ്പോഴും മലയാളികള്‍ ആധുനിക നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറുകയാണ്. 2015 മാര്‍ച്ചിനും 2025 മാര്‍ച്ചിനും ഇടയില്‍ കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ 8.1 മടങ്ങ് വളര്‍ന്നു (ദേശീയ വളര്‍ച്ച 5.5 മടങ്ങ്). എന്‍.എസ്.ഇയില്‍ (NSE) രജിസ്റ്റര്‍ ചെയ്ത മലയാളി നിക്ഷേപകരുടെ എണ്ണം 2015 ഡിസംബറിലെ 6.31 ലക്ഷത്തില്‍ നിന്ന് 2026 സെപ്റ്റംബറില്‍ 35.21 ലക്ഷമായി കുതിച്ചുയര്‍ന്നു.

മൂന്നില്‍ ഒരാള്‍ക്ക് കടബാധ്യത: 2022-23ലെ കണക്കനുസരിച്ച് കേരളത്തിലെ പ്രായപൂര്‍ത്തിയായവരില്‍ 33.9% പേര്‍ക്കും വായ്പാ ബാധ്യതയുണ്ട് (ദേശീയ ശരാശരി 18.3%). ഇതില്‍ ഭൂരിഭാഗവും ബാങ്കുകളെയും സഹകരണ സംഘങ്ങളെയും ആശ്രയിച്ചുള്ളതാണ് എന്നത് ശ്രദ്ധേയമാണ്. 2018-ല്‍ ഗ്രാമീണ കേരളത്തിലെ കുടുംബ കടത്തില്‍ സ്വകാര്യ പണമിടപാടുകാരുടെ പങ്ക് വെറും 3.3% മാത്രമായിരുന്നു (ദേശീയ ശരാശരി 22.8%).

കണക്കുകള്‍ക്കപ്പുറമുള്ള ഉള്‍ക്കാഴ്ചകള്‍

വെറും കണക്കുകള്‍ നിരത്തുന്നതിനപ്പുറം, ഓരോ കണ്ടെത്തലും കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും അവര്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന 'ഇക്വിറസ് വ്യൂ' (Equirus View) ഓരോ അധ്യായത്തിനൊപ്പവും ചേര്‍ത്തിട്ടുണ്ട്. വെല്‍ത്ത് മാനേജ്മെന്റ്, ഇന്‍ഷുറന്‍സ്, സാമ്പത്തിക ഉപദേശക മേഖലകളിലെ വിദഗ്ധരുടെ നിരീക്ഷണങ്ങളും റിപ്പോര്‍ട്ടിന് കരുത്തേകുന്നു. അടുത്ത ഒരു ദശകക്കാലം കേരളത്തിന്റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന അഞ്ച് പ്രധാന മാറ്റങ്ങളെക്കുറിച്ചും, അവയെ എങ്ങനെ സമ്പത്ത് വളര്‍ത്താനുള്ള അവസരങ്ങളാക്കി മാറ്റാമെന്നും അവസാന അധ്യായത്തില്‍ ഇക്വിറസ് വെല്‍ത്ത് മാനേജിംഗ് ഡയറക്ടര്‍ അങ്കുര്‍ പുഞ്ച് വിശദീകരിക്കുന്നു.

റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

നവംബര്‍ 25-ന് കൊച്ചിയില്‍ നടന്ന 'ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026'-ല്‍ ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍.ഐ.സി മുന്‍ ചെയര്‍മാനുമായ എം.ആര്‍. കുമാര്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ഇക്വിറസ് ഗ്രൂപ്പ് ചീഫ് ഗ്രോത്ത് ഓഫീസര്‍ സന്ദീപ് വാലുഞ്ച്, ധനം ബിസിനസ് മീഡിയ റിസര്‍ച്ച് വിഭാഗം മേധാവി സഞ്ജയ് ഏബ്രഹാം എന്നിവര്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ സദസിന് മുന്നില്‍ അവതരിപ്പിച്ചു. ആധികാരിക വിവരങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, കേരളത്തിലെ കുടുംബങ്ങള്‍ക്കിടയിലും സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്കിടയിലും കാലഘട്ടം ആവശ്യപ്പെടുന്ന ഗൗരവകരമായ സാമ്പത്തിക ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഈ റിപ്പോര്‍ട്ടിന് കഴിയുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട് സൗജന്യമായി വായിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സന്ദര്‍ശിക്കുക: [dhanamonline.com/kerala-money-report](https://dhanamonline.com/kerala-money-report)

The 48-page Equirus-Dhanam Kerala Money Report reveals how Kerala's households earn, spend, invest, and borrow, urging a shift from traditional saving to long-term wealth creation.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```