

സംസ്ഥാനത്തെ പ്രമുഖ റീജ്യണൽ റൂറൽ ബാങ്കായ (ആർ.ആർ.ബി) കേരള ഗ്രാമീണ ബാങ്ക് (കെ.ജി.ബി), 2026–27 സാമ്പത്തിക വർഷത്തോടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപ എന്ന നിർണായക ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പിന്റെ (ഡി.എഫ്.എസ്) നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കേരള ഗ്രാമീണ ബാങ്കിന്റെ ഉന്നതതല യോഗത്തിൽ, ഇതുസംബന്ധിച്ച വിപുലമായ വളർച്ച പദ്ധതികൾ തയാറാക്കി. കാനറ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒ.യുമാ ഹർദീപ് സിംഗ് അലുവാലിയയുടെ അധ്യക്ഷതയിലായിരുന്നു ഈ തന്ത്രപ്രധാനമായ യോഗം ചേർന്നത്.
ഇതിനകം 65,000 കോടി രൂപയുടെ മൊത്തം ബിസിനസ് എന്ന നാഴികക്കല്ല് കേരള ഗ്രാമീണ ബാങ്ക് മറികടന്നിട്ടുണ്ട്. ഓരോ ബ്രാഞ്ചിന്റെയും ബിസിനസ് ശരാശരി 100 കോടി രൂപയുടെ മുകളിലേക്ക് എത്തിയത്, ബാങ്കിന്റെ പ്രവർത്തനക്ഷമതയേയും ആസ്തി ഗുണമേന്മയേയും (Asset Quality) സാക്ഷ്യപ്പെടുത്തുന്നു. ഈ നേട്ടം സംസ്ഥാനത്താകമാനമുള്ള കേരള ഗ്രാമീണ ബാങ്കിന്റെ ശൃംഖലയിലുടന്നീളം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഹർദീപ് സിംഗ് അലുവാലിയയുടെ നേതൃത്വത്തിൽ ചേർന്ന ബോർഡ് യോഗം അഭിപ്രായപ്പെട്ടു.
കേരള ഗ്രാമീണ ബാങ്കിനെ പരമ്പരാഗത ഗ്രാമീണ വായ്പാ സേവന ദാതാവിൽ നിന്നും ആധുനിക ധനകാര്യ സ്ഥാപനമായി ഉയർത്തുന്നതിനുള്ള വളർച്ചാ തന്ത്രങ്ങളിലായിരുന്നു ബോർഡ് യോഗത്തിലെ ചർച്ചകൾ കേന്ദ്രീകരിച്ചത്. ഒരു ലക്ഷം കോടി രൂപ എന്ന നിർണായക ലക്ഷ്യം കൈവരിക്കുന്നതിനായി ബാങ്ക് പ്രധാനമായും രണ്ട് മേഖലകളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്:
1. ഡിജിറ്റൽ പരിവർത്തനം: ഗ്രാമീണ മേഖലയിലെ ഇടപാടുകാർക്കും നഗരങ്ങളിലേതിന് തുല്യമായ അത്യാധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തും. ഇത് പ്രവർത്തനച്ചെലവ് കുറയ്ക്കാനും സേവന വേഗത വർദ്ധിപ്പിക്കാനും സഹായിക്കും.
2. മൂലധന ശാക്തീകരണം (Capital Augmentation): ബാങ്കിന്റെ ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ മൂലധനം സമാഹരിക്കുന്നതിനും സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.
നബാർഡിന്റെ (NABARD) സി.ജി.എം ആയ നാഗേഷ് അനുമാല, ഡി.എഫ്.സിനെ പ്രതിനിധീകരിച്ചുള്ള ബാങ്ക് ഡയറക്ടറായ സുർജീത് കാർത്തികേയൻ ഐ.ഇ.എസ്, റിസർവ് ബാങ്കിനെ പ്രതിനിധീകരിച്ചുള്ള ബാങ്ക് ഡയറക്ടറായ സബിത് സലിം എന്നിവരും കേരള ഗ്രാമീണ ബാങ്കിന്റെ അടുത്തഘട്ടം വളർച്ച ചെയ്യുന്ന യോഗത്തിൽ പങ്കെടുത്തു.
'വികസിത ഭാരതം 2047' എന്ന ദേശീയ ലക്ഷ്യവുമായി ചേർന്നുനിന്നുകൊണ്ട് സുസ്ഥിര ഗ്രാമീണ വികസനത്തിനും വായ്പാ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഡയറക്ടർ ബോർഡ് യോഗം മുൻഗണന നൽകിയത്. അതേസമയം ഭാവി വളർച്ച ത്വരിതപ്പെടുത്തുന്നതിന് ബോർഡ് യോഗത്തിലുയർന്ന തന്ത്രപരമായ മാർഗനിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുമെന്ന് കേരള ഗ്രാമീണ ബാങ്കിന്റെ ചെയർപേഴ്‌സൺ ശ്രീമതി വിമല വിജയ ഭാസ്‌കർ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine