കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ് രജതജൂബിലി: 25 പുതിയ പദ്ധതികള്‍, വിവിധ സംസ്ഥാനങ്ങളില്‍ ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ്

നവ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍
കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ് രജതജൂബിലി: 25 പുതിയ പദ്ധതികള്‍, വിവിധ സംസ്ഥാനങ്ങളില്‍ ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ്
Published on

ഇന്ത്യയിലെ മുന്‍നിര എന്‍.ബി.എഫ്.സികളില്‍ ഒന്നായ കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ രജതജൂബിലിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. റോഡ്‌ഷോ, സാമ്പത്തിക സാക്ഷരതാ പദ്ധതികള്‍, ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവുകള്‍, സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. ആദ്യപരിപാടിയായ എംപ്ലോയീസ് സമ്മിറ്റ്-ഫോര്‍ച്യുണ'25 ഡിസംബര്‍ 15 ന് നടക്കുമെന്ന് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, സി.ഇ.ഒ മനോജ് രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മിറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്റ്ററും സി.ഇ.ഒയുമായിരുന്ന ഡോ. വിഎ ജോസഫ് ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന് കെ.എല്‍.എം ആക്‌സിവയുടെ സ്ഥാപക ദിനം എല്ലാ ബ്രാഞ്ചുകളിലും വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

ജനുവരിയില്‍ റോഡ് ഷോ

'ഫിനാന്‍ഷ്യല്‍ ഫ്രീഡം' എന്ന പ്രമേയത്തില്‍ ജനുവരിയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ റോഡ്‌ഷോ സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജനുവരിയില്‍ നടക്കും..'ഇന്‍ഡ്യാസ് ഡിക്കേഡ്' എന്ന പ്രമേയത്തില്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കും.മുന്‍ ചെയര്‍മാന്‍ ഡോ. ജെ അലക്‌സാണ്ടറുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന  പ്രഭാഷണം ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കാന്‍ ബ്രാഞ്ച് തലത്തില്‍ അഡ്വൈസറി ഫോറം രൂപികരിക്കും. വിവിധ മേഖലകളിലെ അനുഭവ സമ്പന്നരും വിദഗ്ധരും സംബന്ധിക്കും.

സമഗ്രമായ ഒരു സാമ്പത്തിക സാക്ഷരതാ മിഷനും  കമ്പനി ആരംഭിക്കുന്നുണ്ട്. എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വീതം സാമ്പത്തിക സാക്ഷരതാ ക്യാമ്പ് ഒരുക്കും. പൊതുജനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താനും പ്രാപ്യമാക്കാനും ബ്രാഞ്ചുകളില്‍ ഫിനാന്‍ഷ്യല്‍ ക്ലിനിക്കും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും.

സാമൂഹിക പ്രതിബദ്ധതയുള്ള 25 പദ്ധതികള്‍

രജതജൂബിലിയോട് അനുബന്ധിച്ച് 25 സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ കമ്പനി നടപ്പാക്കും. വിദ്യാമൃതം, ധനമൈത്രി, സ്‌നേഹിത, ബ്രിഡ്ജ്, ഹോപ്പ്, സമൃദ്ധി, വെളിച്ചം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ അഞ്ച് പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഈ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെട്ട ഏകോപനത്തിനായി ഒരു സി.എസ്.ആര്‍ ഗ്രിഡും കമ്പനി ആരംഭിക്കും.

കമ്പനിയുടെ ഡിജിറ്റലൈസേഷന് ഗതിവേഗം കൂട്ടാന്‍ 'കെ.എല്‍.എം ഡിജിറ്റല്‍ ഡൈവ്' രജത ജൂബിലി വര്‍ഷം ആരംഭിക്കും. ഉപഭോക്താക്കളെ ഡിജിറ്റലായി കണക്റ്റ് ചെയ്യുന്ന സമഗ്ര പദ്ധതിയായിരിക്കും ഇത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ നൂതന ആശയങ്ങളെയും നവ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേറ്ററും കമ്പനി പദ്ധതിയിടുന്നു. ഇതിനു മുന്നോടിയായി രാജ്യവ്യാപകമായി ഐഡിയത്തോണ്‍ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ട് നല്‍കും. ആഘോഷങ്ങളുടെ സമാപനം അടുത്ത വര്‍ഷം ഡിസംബറിലാണ്. '2030 റോഡ്മാപ്പ്' ജൂബിലി സമാപനത്തില്‍ പ്രഖ്യാപിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com