കെഎസ്എഫ്ഇ പുതിയ ഉയരങ്ങളില്‍; വിറ്റുവരവ് ഒരുലക്ഷം കോടി രൂപയിലേക്ക്; സ്വര്‍ണപ്പണയ വായ്പ 10,000 കോടി കടന്നു

വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍
കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിംഗ് ഡയറക്റ്റര്‍ ഡോ. സനില്‍ എസ്.കെ
കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിംഗ് ഡയറക്റ്റര്‍ ഡോ. സനില്‍ എസ്.കെ
Published on

സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിംഗ് കമ്പനിയായ (എംഎന്‍ബിസി) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) പുതിയ ഉയരങ്ങളിലേക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ വിറ്റുവരവ് ഒരുലക്ഷം കോടി രൂപയിലെത്തുമെന്ന് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു. '' വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് സാക്ഷാത്കരിക്കപ്പെട്ടേക്കും,'' കെ. വരദരാജന്‍ പറഞ്ഞു.

വായ്പകളില്‍ വൈവിധ്യം

ചിട്ടി, സ്വര്‍ണപ്പണയ വായ്പ, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പകള്‍ എന്നിങ്ങനെ വിപുലമായ സാമ്പത്തിക സേവനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് കെഎസ്എഫ്ഇ ഇടപാടുകാരിലേക്ക് എത്തിക്കുന്നത്.

683 ശാഖകളുള്ള കെഎസ്എഫ്ഇക്ക് 58.41 ലക്ഷം ഇടപാടുകാരാണുള്ളത്. പ്രവാസി ചിട്ടിയുടെ നടത്തിപ്പിനായി തിരുവനന്തപുരത്ത് ഡിജിറ്റല്‍ ബിസിനസ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്യാരണ്ടി കമ്മിഷനും ലാഭ വിഹിതവുമായി ഒരുവര്‍ഷം ഏതാണ്ട് 200 കോടി രൂപയോളം കെഎസ്എഫ്ഇ സര്‍ക്കാരിന് നല്‍കുന്നുണ്ട്. ആകെ 9017 ജീവനക്കാരാണ് കെഎസ്എഫ്ഇയിലുള്ളത്.

ഇതില്‍ 50 ശതമാനത്തോളം പേരും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ നിയമിതരായവരാണ്. 6-7 വര്‍ഷം മുമ്പ് ലാഭം 100 കോടി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 489 കോടിയിലെത്തി. 1,000 രൂപ പ്രതിമാസ തവണയുള്ള ചിട്ടി മുതല്‍ അഞ്ച് ലക്ഷം രൂപ തവണ സംഖ്യയുള്ള ചിട്ടികള്‍ വരെ കെഎസ്എഫ്ഇയിലുണ്ട്.

ഡിജിറ്റല്‍ രംഗത്ത് മുന്നേറ്റം

അംഗീകൃത മൂലധനം 100 കോടി രൂപയില്‍ നിന്ന് 250 കോടിയായും അടച്ചുതീര്‍ത്ത മൂലധനം 100 കോടിയില്‍ നിന്ന് 200 കോടിയായും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ''ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനവും ഇടപാടുകാര്‍ക്കുള്ള സേവനങ്ങളും നവീകരിച്ചുകൊണ്ടിരിക്കുകയാണ് കെഎസ്എഫ്ഇ.

പുതിയ കാലഘട്ടത്തിന്റെ അഭിരുചികളും സാങ്കേതിക വിദ്യകളും ഉള്‍ച്ചേര്‍ത്തുള്ള പുതിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കെഎസ്എഫ്ഇയില്‍ നിന്ന് ചിട്ടി വിപണിക്ക് പ്രതീക്ഷിക്കാം,'' മാനേജിംഗ് ഡയറക്റ്റര്‍ ഡോ. സനില്‍ എസ്.കെ പറഞ്ഞു. ആകെ അറ്റമൂല്യം ഇപ്പോള്‍ 1,336 കോടിയാണ്.

പേപ്പര്‍രഹിത ഓഫീസാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടപ്പാക്കുന്നുണ്ട്. '' മൊബൈല്‍ ആപ്ലിക്കേഷനായ പവര്‍ ആപ്പ് ഇപ്പോള്‍ അഞ്ച് ലക്ഷത്തിലേറെ ഇടപാടുകാര്‍ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ സേവനങ്ങള്‍ അധികം വൈകാതെ പവര്‍ ആപ്പിലൂടെ ലഭ്യമാകും.'' ഡോ. സനില്‍ എസ്.കെ വ്യക്തമാക്കി.


ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍

ആകര്‍ഷകമായ സ്ഥിര നിക്ഷേപ പദ്ധതിയും കെഎസ്എഫ്ഇക്കുണ്ട്. ഒരു വര്‍ഷത്തേക്ക് 8.5% പലിശയാണ് സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (സിഎസ്ഡിടി) പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് ഒമ്പതാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാരുടെ പ്രായപരിധി 56 വയസാക്കി ചുരുക്കുകയും ഇവര്‍ക്കായി 8.75% പലിശ നിരക്കുള്ള വന്ദനം എന്ന നിക്ഷേപ പദ്ധതിയുമുണ്ട്. നിക്ഷേപ തുകയ്ക്ക് 100% സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കുന്നു.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com