മുദ്ര വായ്പാ പദ്ധതി പരിഷ്‌കരിക്കണം: തൊഴില്‍ മന്ത്രാലയം

മുദ്ര വായ്പാ പദ്ധതി  പരിഷ്‌കരിക്കണം: തൊഴില്‍ മന്ത്രാലയം
Published on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ

പ്രധാന്‍ മന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ)  കൂടുതല്‍ ശക്തി

പകരാനുതകുന്ന  നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ധനമന്ത്രാലയത്തിന് തൊഴില്‍

മന്ത്രാലയം കത്തു നല്‍കി. തൊഴിലുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാനും

സമൂഹത്തിലെ ഉച്ചനീചത്വം കുറയ്ക്കാനും മുദ്ര പദ്ധതി കൊണ്ടു കഴിയണമെന്ന്

കത്തില്‍ പറയുന്നു.

വ്യാപാരത്തിലൂടെയും വിവിധ

സേവനങ്ങളിലൂടെയും തൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക പിന്തുണ ദുര്‍ബല

ജനവിഭാഗങ്ങള്‍ക്കു ലഭ്യമാകണം. മുദ്ര പദ്ധതിയിലൂടെ കിട്ടുന്ന വായ്പ

ഇക്കാര്യത്തില്‍ പലപ്പോഴും അപര്യാപ്തമാകുന്നതായി ഇതു സംബന്ധിച്ചു നടത്തിയ

ഔദ്യോഗിക  സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താല്‍ നിലവിലെ വായ്പാ

പരിധി ഉയര്‍ത്തുന്ന കാര്യം സജീവമായി പരിഗണിക്കണം. തൊഴില്‍ സാധ്യത

ഉയര്‍ത്താന്‍ കൂടുതല്‍ ക്രെഡിറ്റ് സൗകര്യം അനുവദിക്കണം -തൊഴില്‍

മന്ത്രാലയത്തിന് വേണ്ടി തൊഴില്‍ ഉപദേഷ്ടാവ് ബി.എന്‍ നന്ദ കേന്ദ്ര ധനകാര്യ

സെക്രട്ടറി രാജിവ് കുമാറിനയച്ച കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

മുദ്ര

യോജന പ്രകാരം 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ശിശു, കിഷോര്‍,

തരുണ്‍ എന്നീ പദ്ധതികള്‍ക്ക് കീഴില്‍ ഈടില്ലാതെ വായ്പ ലഭിക്കുന്നത്. ഇതില്‍

60 ശതമാനം വായ്പാ വിതരണവും ശിശു പദ്ധതിക്ക് കീഴിലാണ്. 50,000 രൂപ വരെയേ

ശിശു  പദ്ധതിയില്‍  ലഭിക്കൂ. ഈ പരിധി ഉയര്‍ത്തി പദ്ധതി

പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ബി.എന്‍ നന്ദ പ്രത്യേകം

ചൂണ്ടിക്കാട്ടുന്നു.

മുദ്ര വായ്പകള്‍ വഴി 28 ശതമാനം തൊഴിലവസരങ്ങള്‍ കൂടിയതായി ഔദ്യോഗിക സര്‍വേയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎംഎംവൈ നിലവില്‍ വരുന്നതിന് മുമ്പ് 39.3 ദശലക്ഷം പേരാണ് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, പദ്ധതി പ്രയോജനപ്പെടുത്തിയത് വഴി ഇത് 50.4 ദശലക്ഷമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വയം തൊഴില്‍ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2015 ഏപ്രിലിലാണ് പദ്ധതി നിലവില്‍ വന്നത്. പുതുതായി 11.2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതില്‍ 55 ശതമാനം മുദ്ര ലോണ്‍ പ്രയോജനപ്പെടുത്തി തുടങ്ങിയ സ്വയംതൊഴില്‍ സംരംഭമാണെന്നും സര്‍വേയില്‍ പറയുന്നു.

മുദ്ര വായ്പകള്‍ 5.1 ദശലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ചെങ്കിലും ഇത് സര്‍ക്കാര്‍ അവകാശപ്പെട്ടതിലും ഏറെ താഴെയാണ്. 42.5 ദശലക്ഷം തൊഴിലവസരങ്ങള്‍ പിഎംഎംവൈ പദ്ധതി വഴിയുണ്ടാകുമെന്നാണ് ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്. സര്‍വേ ഫലം പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയില്‍ ആയിരുന്നതിനാലാണ്, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പരസ്യപ്പെടുത്താനിരുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ തടഞ്ഞുവെച്ചതെന്ന ആരോപണമുണ്ട്.

മുദ്ര

വായ്പയുടെ ഗുണഭോക്താക്കളില്‍ അഞ്ചിലൊന്ന് പേര്‍ (20.6%) മാത്രമാണ് തുക

പുതിയ സംരംഭം തുടങ്ങുന്നതിന് വിനിയോഗിച്ചത്. ബാക്കിയുള്ളവര്‍ നിലവിലുള്ള

സംരംഭം വിപുലപ്പെടുത്താന്‍ തുക ഉപയോഗപ്പെടുത്തി. 89 ശതമാനം ഗുണഭോക്താക്കളും

തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനോ പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനോ

മുദ്ര വായ്പകള്‍ പര്യാപ്തമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍

പറയുന്നു. ബാക്കി 11 ശതമാനമാകട്ടെ മറ്റ് വഴികള്‍ തേടി. മുദ്ര വായ്പകള്‍

പോരാ എന്ന് കണ്ടെത്തിയ ആളുകളില്‍ ഭൂരിഭാഗവും ബന്ധുക്കളില്‍ നിന്നും മറ്റും

അധിക വായ്പയെടുത്തതായും സര്‍വേയില്‍ പറയുന്നു. 2018 ഏപ്രില്‍ മുതല്‍

നവംബര്‍ വരെ 94,000 ഗുണഭോക്താക്കളിലാണ് സര്‍വ്വേ നടത്തിയത്.

ശിശു

വിഭാഗത്തില്‍ ഒതുക്കാതെ കിഷോര്‍, തരുണ്‍ പദ്ധതികളിലൂടെ ഉയര്‍ന്ന വായ്പ

കൂടുതലായി അനുവദിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. പരമാവധി  വനിതകളെ

പദ്ധതിയുടെ ഉപഭോക്താക്കളാക്കാനും കഴിയണം. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര

സംസ്ഥാനങ്ങളാണ് പദ്ധതി ഏറെയും പ്രയോജനപ്പെടുത്തിയത്. വിതരണം ചെയ്ത തുകയുടെ

30 ശതമാനം ഈ മൂന്നു സംസ്ഥാനങ്ങളിലേക്കു പോയി. മറ്റു സംസ്ഥാനങ്ങളിലും

ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം ഉണ്ടാകേണ്ടതുണ്ടെന്ന് സര്‍വ്വേ

റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com