എല്‍.ഐ.സിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്‍ട്രിയില്‍ ആകാംക്ഷ; മത്സരം കടുപ്പിക്കാന്‍ റിലയന്‍സും എത്തുന്നു

കൂടുതല്‍ സാധ്യത കല്പിക്കുന്നത് മണിപ്പാല്‍സിഗ്ന ഗ്രൂപ്പിന്റെ നിശ്ചിത ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ്
LIC Logo, Insurance, Indian Rupee sack
Image : Canva and LIC
Published on

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി) നേരെയാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള പ്രവേശന കാര്യത്തില്‍ ഏപ്രില്‍ ഒന്നിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന എല്‍.ഐ.സി എംഡിയും സി.ഇ.ഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തിയുടെ വാക്കുകളാണ് വിപണിയില്‍ ആകാംക്ഷ ജനിപ്പിച്ചിരിക്കുന്നത്.

ബജാജ് ഗ്രൂപ്പുമായുള്ള 24 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച അലയന്‍സ് ഗ്രൂപ്പ് റിലയന്‍സിന്റെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി കൂട്ടുകൂടിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് മത്സരം കടുപ്പിക്കാന്‍ ഈ കൂട്ടുകെട്ട് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന ഒരു മാസത്തിനിടയില്‍ സമവാക്യങ്ങളില്‍ വലിയ മാറ്റത്തിന് സാധ്യത ഒരുങ്ങുന്നുണ്ട്.

എല്‍.ഐ.സിക്ക് ആരാകും കൂട്ട്?

സ്റ്റാര്‍ ഹെല്‍ത്ത്, നിവ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ആദിത്യ ബിര്‍ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മണിപ്പാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, നാരായണ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഗ്യാലക്‌സി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നീ കമ്പനികളാണ് രാജ്യത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ ഉള്ളത്. ഇതില്‍ കൂടുതല്‍ സാധ്യത കല്പിക്കുന്നത് മണിപ്പാല്‍സിഗ്ന ഗ്രൂപ്പിന്റെ നിശ്ചിത ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ്.

പൂര്‍ണ തോതിലുള്ള ഏറ്റെടുക്കല്‍ ഉണ്ടാകില്ലെന്നും എല്‍.ഐ.സിക്ക് 51 ശതമാനത്തില്‍ താഴെ ഓഹരി പങ്കാളിത്തമുള്ള ഇടപാടാകും തുടക്കത്തിലുണ്ടാകുകയെന്ന് എം.ഡി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ ഏറ്റെടുക്കലാകും ഉണ്ടാകുകയെന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമാണ് എം.ഡിയുടെ വെളിപ്പെടുത്തല്‍.

റിലയന്‍സും അലയന്‍സും തമ്മില്‍

24 വര്‍ഷത്തെ ബജാജുമായുള്ള ബന്ധം അറുത്തുമാറ്റിയാണ് ജര്‍മനി ആസ്ഥാനമായുള്ള അലയന്‍സ് ഗ്രൂപ്പ് ഇന്ത്യയില്‍ പുതിയ പങ്കാളികളെ തേടുന്നത്. ബജാജുമായുള്ള കൂട്ടുകെട്ടില്‍ അലയന്‍സിന് 26 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഉപേക്ഷിച്ച് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി കൂട്ടുകൂടാനാണ് കമ്പനി ഒരുങ്ങുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് കുറച്ചു നാളായി. പുതിയ സംയുക്ത സംരംഭത്തില്‍ 50 ശതമാനത്തിന് മുകളില്‍ പങ്കാളിത്തം വേണമെന്ന ഉപാധിയാണ് റിലയന്‍സ് മുന്നോട്ടുവച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com