

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി മഹേഷ് മുരളീധര്‍ പൈ 2026 ഇന്ന് (ഒക്ടോബര്‍ 01) ചുമതലയേല്‍ക്കും. ബാങ്കിംഗ് മേഖലയില്‍ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവര്‍ത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അമരത്തെത്തുന്നത്.
സ്ട്രാറ്റജി, ഗവേണന്‍സ്, ട്രഷറി, ഫോറെക്‌സ്, റീട്ടെയ്ല്‍ ബാങ്കിംഗ്, അഗ്രികള്‍ച്ചര്‍, എംഎസ്എംഇ വായ്പ തുടങ്ങി ബാങ്കിംഗിന്റെ വിവിധ മേഖലകളില്‍ പ്രഗത്ഭനായ മഹേഷ് പൈ, കാനറ ബാങ്കിന്റെ സ്വര്‍ണവായ്പാ വിഭാഗം ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്. കൂടാതെ, ബാങ്കിന്റെ ന്യൂയോര്‍ക്കിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനറ ബാങ്കിന്റെ ഏറ്റവും വലിയ സോണുകളിലൊന്നിന്റെ തലവനായി പ്രവര്‍ത്തിച്ച അദ്ദേഹം ചീഫ് ജനറല്‍ മാനേജര്‍ ആയിരിക്കെ ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്.
ഫിക്‌സഡ് ഇന്‍കം മണി മാര്‍ക്കറ്റ് ആന്‍ഡ് ഡെറിവേറ്റീവ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (FIMMDA), സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ബോര്‍ഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബാങ്കിംഗ് മേഖലയില്‍ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവര്‍ത്തനപരിചയവും ബിസിനസ് നേതൃപാടവവും തന്ത്രപ്രധാനമായ പദ്ധതികള്‍ നടപ്പാക്കിയുള്ള അനുഭവസമ്പത്തും സമന്വയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് മഹേഷ് പൈയുടെ നിയമനത്തെപ്പറ്റി സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ ജോസ് ജോസഫ് കാട്ടൂര്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ശക്തമായ ബിസിനസ് ശൃംഖലയും മികച്ച ബാലന്‍സ് ഷീറ്റുമാണുള്ളതെന്നും, ഭാവിയില്‍ കാര്യമായ വളര്‍ച്ചാസാധ്യതകള്‍ ബാങ്കിന് മുന്നിലുണ്ടെന്നും മഹേഷ് മുരളീധര്‍ പൈ പറഞ്ഞു. ബാങ്കിന്റെ ബിസിനസുകളെ മുന്നോട്ട് നയിക്കുന്നതിലും, അച്ചടക്കത്തോടെ വളര്‍ച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്ക് അനുസൃതമായി ഞങ്ങളുടെ ശേഷി ശക്തിപ്പെടുത്തുന്നതിലുമായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine