മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 223% വര്‍ധന; ഓഹരി ഉടമകൾക്ക് ഇടക്കാല ഡിവിഡന്റ് നൽകും; ശക്തമായ വളര്‍ച്ചയുടെ സൂചനയെന്ന് മാനേജ്മെന്റ്

മണപ്പുറം ഫിനാൻസിന്റെ രണ്ടാം പാദ അറ്റാദായം 701 കോടി രൂപയായി ഉയർന്നു; പ്രവർത്തന വരുമാനത്തിലും കൈകാര്യം ചെയ്യുന്ന ആസ്തിയിലും വളർച്ച രേഖപ്പെടുത്തിയ കമ്പനി പ്രതിയോഹരി ഒരു രൂപ വീതം ഇടക്കാല ഡിവിഡന്റും പ്രഖ്യാപിച്ചു
Manappuram Finance Q2 FY27 Results And Share
പ്രതീകാത്മക ചിത്രംImage Source: Canva/manappuram.com
Published on: 

രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) മണപ്പുറം ഫിനാന്‍സ് (BSE: 531213, NSE: MANAPPURAM) നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ, അര്‍ധ വാര്‍ഷിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2026 സെപ്തംബര്‍ 30-ന് അവസാനിച്ച രണ്ടാം സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 222.90 ശതമാനം വളര്‍ന്ന് 701 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 217 കോടി രൂപയായിരുന്നു അറ്റാദായം.

ഈ കാലയളവില്‍ മണപ്പുറം ഫിനാൻസിന്റെ മൊത്തം പ്രവര്‍ത്തന വരുമാനം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 46.2 ശതമാനം വര്‍ധിച്ച് 3,356 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ വരുമാനം 2,296 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആസ്തി (AUM ) 60.1 ശതമാനം വളര്‍ന്ന് 73,303 കോടി രൂപയായി. സ്വർണ വായ്പാ ആസ്തികൾ 92.5 ശതമാനം വളര്‍ച്ചയോടെ 60,640 കോടി രൂപയായും രേഖപ്പെടുത്തി. സ്വര്‍ണ വായ്പയില്‍ നിന്നല്ലാത്ത വരുമാനം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 17.27 ശതമാനമാണ്.

ഇടക്കാല ഡിവിഡന്റ് നൽകും

മണപ്പുറം ഫിനാൻസിന്റെ ചെറുകിട വായ്പാ സ്ഥാപനമായ ആശീര്‍വാദ് ഫിനാന്‍സ് രണ്ടാം പാദത്തില്‍ 32 കോടി രൂപ ലാഭം കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ കാലയളവില്‍ ആശിര്‍വാദ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന ആസ്തി 7,919 കോടി രൂപയുടേതാണ്.

നടപ്പ് (2026 ഏപ്രിൽ - 2027 മാർച്ച്) സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ മണപ്പുറം ഫിനാൻസിന്റെ ആകെ ലാഭം 1,286 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 350 കോടി രൂപ മാത്രമായിരുന്നു. മൊത്തത്തിലുള്ള കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 6,403 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 4,546 കോടി രൂപയായിരുന്നു. ശാഖകളുടെ എണ്ണം 5,375 ആണ്.

2026-27 സാമ്പത്തിക വര്‍ഷം 2 രൂപ മുഖവിലയുള്ള ഓരോ മണപ്പുറം ഫിനാൻസ് ഓഹരിക്കും 1 രൂപ വീതം ഇടക്കാല ലാഭ വിഹിതമായി (Interim Dividend) നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

ശുഭാപ്തി വിശ്വാസത്തോടെ മാനേജ്മെന്റ്

സെപ്റ്റംബർ സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ ലാഭ വളര്‍ച്ചയിലും കൈകാര്യം ചെയ്യുന്ന ആസ്തിയിലും വന്‍ കുതിപ്പു രേഖപ്പെടുത്തിയതായി മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊത്ത ലാഭത്തിലുണ്ടായ വര്‍ധന വരും സാമ്പത്തിക പാദങ്ങളിലെ ശക്തമായ വളര്‍ച്ചയുടെ സൂചനയാണെന്നും അദ്ദേഹം വിലയിരുത്തി. സ്വർണ വായ്പാ മേഖലയുടെ ഭാവി ശോഭനമാണെന്നും വരുംകാല വെല്ലുവിളികള്‍ നേരിടാന്‍ മണപ്പുറം ഫിനാൻസ് പൂ‌ർണ സജ്ജമാണെന്നും വി.പി നന്ദകുമാര്‍ വ്യക്തമാക്കി.

മികച്ച സെപ്റ്റംബർ പാദഫലം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വെള്ളിയാഴ്ച (നവംബർ 13) വ്യാപാരം പുനരാരംഭിച്ചപ്പോൾ മണപ്പുറം ഫിനാൻസ് ഒന്നര ശതമാനത്തോളം നേട്ടത്തിലാണ് ഓഹരികൾ. ഇന്നലെ 320 രൂപയിൽ ക്ലോസ് ചെയ്ത ഓഹരി ഇന്ന് രാവിലെ 324 രൂപയിൽ ഓപ്പൺ ചെയ്തശേഷം 327 രൂപയിലേക്ക് മുന്നേറുകയും ചെയ്തു.

Manappuram Finance reported a 223% year-on-year rise in Q2 FY27 net profit to ₹701 crore and announced an interim dividend of ₹1 per share.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```