

'മിനി' പേരില്‍ മാത്രം. വളര്‍ച്ചയില്‍ മെഗാസ്റ്റാറായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്. ലാഭം, വരുമാനം, കൈകാര്യം ചെയ്യുന്ന ആസ്തി എന്നിവയെല്ലാം നാല് വര്‍ഷത്തിനിടെ ഇരട്ടിയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യങ്ങള്‍ അവസാന പാദത്തിന് മുമ്പേ തന്നെ നേടിയെടുത്തിരിക്കുന്നു. മികച്ച വളര്‍ച്ചയുടെ പിന്‍ബലത്തില്‍ പുതിയ ഉയരങ്ങള്‍ തേടിയാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ യാത്ര.
2016ല്‍ പിതാവ് റോയ് എം മാത്യുവിന്റെ പിന്‍ഗാമിയായി മുത്തൂറ്റ് മിനിയുടെ മാനേജിങ് ഡയറക്റ്റര്‍ പദവിയേറ്റെടുത്ത യുവ സാരഥി മാത്യു മുത്തൂറ്റിന്റെ ചടുലമായ നേതൃത്വമാണ് വളര്‍ച്ചയെ വേഗത്തിലാക്കിയത്.
''ബിസിനസ് റീ എന്‍ജിനീയറിങ് ആണ് ഇവിടെ നടന്നത്. അതിന് ചുക്കാന്‍ പിടിച്ചത് മാനേജിങ് ഡയറക്റ്റര്‍ മാത്യു മുത്തൂറ്റും. തലമുറകള്‍ കൈമാറി വരുന്ന ബിസിനസ് പാരമ്പര്യത്തിനൊപ്പം യുവത്വത്തിന്റെ ചടുലതയും പ്രൊഫഷണലിസവും സമന്വയിപ്പിച്ചാണ് മുത്തൂറ്റ് മിനി മുന്നേറുന്നത്,'' ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പി.ഇ മത്തായി വിലയിരുത്തുന്നു.
സ്വര്‍ണ വായ്പ രംഗത്ത് ശക്തമായ മത്സരം നിലനില്‍ക്കുമ്പോഴും സുസ്ഥിര വളര്‍ച്ച നേടിയാണ് മുത്തൂറ്റ് മിനി മുന്നോട്ട് പോകുന്നത്. ഇതിന് കമ്പനിയെ പ്രാപ്തമാക്കിയ ഘടകങ്ങള്‍ പലതുണ്ട്.
26-ാം വയസില്‍ പ്രമുഖ സ്വര്‍ണ വായ്പ രംഗത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്റ്ററാവുകയെന്ന വെല്ലുവിളി ഏറ്റെടുത്ത വ്യക്തിയാണ് മാത്യു മുത്തൂറ്റ്. സാമ്പത്തിക സേവന രംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കുടുംബബിസിനസിന്റെ നാലാം തലമുറക്കാരനായി മാത്യു മുത്തൂറ്റ് കടന്നുവന്നതോടെ മുത്തൂറ്റ് മിനിയില്‍ യുവത്വത്തിന്റെ ഊര്‍ജം നിറഞ്ഞു. കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്ത ശേഷം കുടുംബ ബിസിനസിലേക്ക് എത്തിയ മാത്യു മുത്തൂറ്റിന്റെ രക്തത്തില്‍ തന്നെ അലിഞ്ഞുചേര്‍ന്നതാണ് ബിസിനസിനോടുള്ള പാഷന്‍.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ മുത്തച്ഛനും സ്വന്തം പിതാവുമെല്ലാം ബിസിനസ് ചെയ്യുന്നത് കണ്ടുവളര്‍ന്ന മാത്യു മുത്തൂറ്റ്, കമ്പനിയുടെ സാരഥ്യത്തിലെത്തിയപ്പോള്‍ മുതല്‍ കമ്പനിയെ അടുത്തതലത്തിലേക്ക് വളര്‍ത്താനുള്ള വഴികളാണ് ചിന്തിച്ചത്. 2010ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വിരമിച്ച, എന്‍ബിഎഫ്‌സി രംഗത്തും അനുഭവസമ്പത്തുള്ള പി.ഇ മത്തായിയെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി നിയമിച്ചു.
പിന്നീട് കമ്പനിയുടെ സുപ്രധാന പദവികളിലെല്ലാം തന്നെ ബാങ്കിങ് രംഗത്ത് അനുഭവസമ്പത്തുള്ളവരെ കൊണ്ടുവന്നു. കമ്പനിയുടെ വളര്‍ച്ച തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ശക്തമായ പ്രൊഫഷണല്‍ സംവിധാനം മാത്യു മുത്തൂറ്റ് നടപ്പാക്കി.
തട്ടിപ്പുകള്‍ തടയാനും റെഗുലേറ്റര്‍മാരുടെ അടക്കമുള്ള എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാനും സവിശേഷ ശ്രദ്ധ നല്‍കി. വിദൂരഗ്രാമത്തിലുള്ള ശാഖകളുടെ പ്രവര്‍ത്തനം വരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കി. 12 സോണല്‍ ഓഫീസുകളും 44 റീജ്യണണല്‍ ഓഫീസുകളും ഇന്ന് കമ്പനിക്കുണ്ട്. ഓരോ റീജ്യണലിന് കീഴിലും 20-30 ശാഖകളുണ്ടാകും. ടീമില്‍ യുവരക്തം നിറക്കാന്‍ ക്യാമ്പസ് റിക്രൂട്ട്മെന്റും ആരംഭിച്ചു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ക്യാമ്പസില്‍ നിന്ന് നേരിട്ട് 1000 മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
രാജ്യത്തെ പൊതുമേഖല ബാങ്കുകളും വന്‍കിട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണവായ്പ രംഗത്ത് സജീവമായുണ്ട്. വന്‍കിടക്കാരുമായി മത്സരത്തിന് നില്‍ക്കാതെ സാധാരണക്കാരായ ഇടപാടുകാരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളാണ് മുത്തൂറ്റ് മിനി സ്വീകരിച്ചത്. രണ്ട് വര്‍ഷം മുമ്പ് മുത്തൂറ്റ് മിനി നല്‍കിയ വായ്പകളില്‍ 80-85 ശതമാനവും മൂന്ന് ലക്ഷത്തില്‍ താഴെയായിരുന്നുവെങ്കില്‍ ഇപ്പോഴത് 90 ശതമാനത്തിന് മുകളിലാണ്. 60,000-70,000 രൂപയാണ് മുത്തൂറ്റ് മിനിയുടെ ശരാശരി വായ്പ തുക.
നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് ഞങ്ങള്‍ സ്വര്‍ണ വായ്പകള്‍ അനുവധിക്കുക. ആഭരണം സ്വര്‍ണം തന്നെയാണോ എന്ന് തിരിച്ചറിയാനുള്ള കാര്യങ്ങള്‍ വരെ പഠിപ്പിച്ചാണ് മുത്തൂറ്റ് മിനി ശാഖകളില്‍ ജീവനക്കാരെ നിയമിക്കുക.
ഓരോ ശാഖയും ശരാശരി 500-700 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ളവയാണ്. പുതുതായി തുടങ്ങുന്നത് മൂന്ന് ജീവനക്കാരോടെയാകും. മിക്കവാറും കെട്ടിടങ്ങളുടെ ആദ്യ നിലയിലാകും ശാഖ. സുരക്ഷ, കുറഞ്ഞ പ്രവര്‍ത്തന ചെലവ് തുടങ്ങി ഒട്ടനവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ശാഖകള്‍ തുറക്കുക. ഓരോ ശാഖയുടെയും ബിസിനസ് കൂടുന്നതിനനുസരിച്ച് ജീവനക്കാരെ കൂട്ടും. സൗകര്യങ്ങളും വര്‍ധിപ്പിക്കും. ബിസിനസ് വര്‍ധനക്കനുസരിച്ച് ശാഖകളിലെ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവുകളും നല്‍കും. അസംഘടിത സ്വര്‍ണവായ്പക്കാരില്‍ നിന്ന് വന്‍ പലിശക്ക് കടമെടുക്കുന്ന സാധാരണക്കാരെ തങ്ങളുടെ ഇടപാടുകാരാക്കി, അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യം വേണ്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുകയാണ് മുത്തൂറ്റ് മിനി.
തട്ടിപ്പുകള്‍ തടയാന്‍ കര്‍ശനമായ ചട്ടക്കൂടുണ്ടാക്കി, ചട്ടങ്ങള്‍ പാലിച്ച്, പ്രൊഫഷണലിസം കരുത്താക്കിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് മുത്തൂറ്റ് മിനി നേതൃത്വം പറയുന്നു. 994 ശാഖകള്‍ മുത്തൂറ്റ് മിനിക്കുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് 1000മാകും. 6000ലധികം ജീവനക്കാരും കമ്പനിക്കൊപ്പമുണ്ട്.
മികച്ച വളര്‍ച്ചയ്ക്ക് ഉറച്ച അടിത്തറ അനിവാര്യമാണ്. മുത്തൂറ്റ് മിനി ഇതിനകം സൃഷ്ടിച്ചതും അതാണ്. റിസ്‌ക് അനുസരിച്ച് ശാഖകളെ തിരിച്ചും, വിവിധ സോണുകളായി തിരിച്ചുമെല്ലാം കൃത്യമായ നിയന്ത്രണം കൊണ്ടുവന്നു. തട്ടിപ്പുകള്‍ തടയാന്‍ അഞ്ച് തലത്തിലുള്ള ഓഡിറ്റിങ് സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. ശക്തമായ വിജിലന്‍സ് വിഭാഗവുമുണ്ട്.
കമ്പനിയുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയിലാക്കുമ്പോള്‍ തന്നെ ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവ മികച്ച രീതിയില്‍ നടപ്പാക്കാനുമുള്ള സംവിധാനവും മാനേജിങ് ഡയറക്റ്ററുടെ നേതൃത്വത്തില്‍ തന്നെയുണ്ട്. 36കാരനായ, ഇപ്പോള്‍ തന്നെ മാനേജിങ് ഡയറക്റ്റര്‍ പദവിയില്‍ പത്തുവര്‍ഷത്തെ അനുഭവസമ്പത്തുള്ള മാത്യു മുത്തൂറ്റിനെ സംബന്ധിച്ചിടത്തോളം
ഇനിയും നീണ്ട ഒരു ഇന്നിംഗ്സ് ശേഷിക്കുന്നുണ്ട്. നേതൃത്വത്തിന്റെ ഈ സവിശേഷ ഘടകം മുത്തൂറ്റ് മിനിക്ക് കരുത്താകുന്നു.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ യാത്ര. എന്‍ബിഎഫ്‌സി രംഗത്തെ മൂന്ന് തലമുറയോട് ഒത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള നിസി മാത്യുവാണ് കമ്പനിയുടെ ചെയര്‍പേഴ്സണും മുഴുവന്‍ സമയ ഡയറക്റ്ററും. ടീമംഗങ്ങളെ ശാക്തീകരിച്ച്, പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി, നൂതനമായ ആശയങ്ങള്‍ നടപ്പാക്കാനുള്ള പ്ലാറ്റ്ഫോം ഒരുക്കിയാണ് മാത്യു മുത്തൂറ്റ് കമ്പനിയെ മുന്നില്‍ നിന്ന് നയിക്കുന്നത്.
2030ല്‍ കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 16,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യം. വളര്‍ച്ചാപാതയിലൂടെ നയിക്കാന്‍ വേണ്ട മൂലധന സമാഹരണത്തിന് വ്യത്യസ്തമായ രീതികളും സമീപഭാവിയില്‍ കമ്പനി സ്വീകരിച്ചേക്കാം. ഇടപാടുകാരുമായുള്ള ഇഴയടുപ്പമുള്ള ബന്ധത്തിലൂടെ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നു മുത്തൂറ്റ് മിനിയുടെ നേതൃത്വം.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് മുത്തൂറ്റ് മിനി നടത്തുന്നത്. ഇതില്‍ വിദ്യാഭ്യാസത്തിന് ഏറെ ഊന്നല്‍ നല്‍കുന്നുമുണ്ട്. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം എല്ലാവര്‍ഷവും നല്‍കിവരുന്നു. അശരണര്‍ക്ക് കൈത്താങ്ങാകുക, അവരുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തുക ഇതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നു മുത്തൂറ്റ്മിനി. കമ്പനിയുടെ ഓരോ ശാഖയുടെ കീഴിലും സഹായം വേണ്ടവരെ കണ്ടെത്തി അവ ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു. സ്വയം തൊഴില്‍ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്താനായി തയ്യല്‍ മെഷീന്‍, സൈക്കിള്‍ വിതരണം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ എന്നിവയെല്ലാം സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി കമ്പനി നല്‍കിവരുന്നു.
എഐ, ബ്ലോക്ക്ചെയിന്‍ പോലുള്ള പുതിയ ടെക്നോളജികള്‍ ഉപയോഗിച്ച് നൂതന ആശയങ്ങള്‍ സ്വര്‍ണ വായ്പ രംഗത്ത് വരേണ്ടിയിരിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പി.ഇ മത്തായി പറയുന്നു. ''ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് പ്രാഥമികമായും അത് ധരിക്കാനാണ്. നല്ലൊരു ആസ്തിയുമാണ്. ആഭരണം പണയം വെച്ചാല്‍ പിന്നെ അതിന്റെ പ്രാഥമിക ആവശ്യം നടക്കാതെ വരുന്നു. പണയത്തിലിരിക്കുന്ന ആഭരണം അണിയാന്‍ സാധിക്കില്ലല്ലോ? ആഭരണങ്ങള്‍ ഈട് നല്‍കി വായ്പ എടുക്കാനും അതേസമയം അത് സ്വന്തം കൈവശം വെക്കാനും പറ്റുന്ന സാഹചര്യം വന്നാല്‍ രാജ്യത്തെ സ്വര്‍ണ വായ്പ രംഗത്ത് വന്‍ വിപ്ലവം നടക്കും. എഐ, ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇതിനു വേണ്ട ടെക്നോളജി സംവിധാനം ഒരുക്കാനാകുന്ന കാലം വിദൂരമല്ല,'' പി.ഇ മത്തായി അഭിപ്രായപ്പെടുന്നു.
2019ല്‍ പി.ഇ മത്തായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ സിഇഒ പദവിയിലെത്തുമ്പോള്‍ കമ്പനിയുടെ റേറ്റിങ് BBB ആയിരുന്നു. പിന്നീട് BBB, BBB+, A എന്നിങ്ങനെ റേറ്റിംഗ് മെച്ചപ്പെടുത്തി. ഇപ്പോള്‍ ICRAയുടെ A Stable റേറ്റിങ്ങുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജനറല്‍ മാനേജരായിരുന്ന മത്തായി സ്വര്‍ണ വായ്പ രംഗത്തെ എന്‍ബിഎഫ്‌സികളിലെ അനുഭവസമ്പത്തുമായാണ് മുത്തൂറ്റ് മിനിയിലെത്തുന്നത്. ഇന്ന് മുത്തൂറ്റ് മിനിയുടെ നിര്‍ണായക പദവികള്‍ വഹിക്കുന്നത് ബാങ്കിങ് രംഗത്തെ അനുഭവസമ്പത്തുള്ള പ്രൊഫഷണലുകളാണ്.
(ധനം മാഗസീന്‍ 2026 ജനുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
'Mega' in Growth: Muthoot Mini Financiers Doubles Business in Just 4 Years!
Read DhanamOnline in English
Subscribe to Dhanam Magazine