എസ്‌ഐബി: വി ജി മാത്യു പടിയിറങ്ങി, മുരളി രാമകൃഷ്ണനില്‍ വന്‍ പ്രതീക്ഷ
ആറുവര്‍ഷം സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിച്ച വി ജി മാത്യു പടിയിറങ്ങി. ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി മുരളി രാമകൃഷ്ണന്‍ ചുമതലയേറ്റു.
വി ജി മാത്യു സാരഥ്യം വഹിച്ച ആറുവര്‍ഷം എസ് ഐ ബി വന്‍ വളര്‍ച്ചയാണ് നേടിയത്. ഇക്കാലയളവില്‍ ബാങ്കിന്റെ ബിസിനസ് 83,000 കോടിയില്‍ നിന്ന് 1,48,000 കോടി രൂപയിലെത്തി. നിക്ഷേപത്തിലും വായ്പയിലും വന്‍ വളര്‍ച്ച നേടിയ ബാങ്ക് ദുബായില്‍ പ്രതിനിധി ഓഫീസ് തുറക്കുകയും ചെയ്തു.
ബാങ്കിന്റെ കിട്ടാക്കടം നിയന്ത്രണം വളരെ ഫലപ്രദമായി നടപ്പാക്കാനും ഇക്കാലയളവില്‍ സാധിച്ചു. റീറ്റെയ്ല്‍ രംഗത്ത് കരുത്തുറ്റ സാന്നിധ്യമാക്കി എസ് ഐ ബിയെ വളര്‍ത്തി എന്നതാണ് വി ജി മാത്യുവിന്റെ നിര്‍ണായകമായ സംഭാവനകളില്‍ ഒന്ന്.
ബാങ്കിന്റെ പശ്ചാത്തല സൗകര്യങ്ങളില്‍ വരെ കാതലായ മാറ്റം വരുത്തിയാണ് വി ജി മാത്യു ബാങ്കിന്റെ ബിസിനസ് മോഡല്‍ കരുത്തുറ്റതാക്കിയത്. റീറ്റെയ്ല്‍ വായ്പ സംവിധാനം കുറ്റമറ്റതും കാര്യക്ഷമവുമാക്കാന്‍ ബാങ്കില്‍ സുസജ്ജമായ കേന്ദ്രീകൃത സംവിധാനം ഒരുക്കി. മുന്‍പ് ഈ വിഭാഗത്തില്‍ 90 ജീവനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 1000ത്തോളം ജീവനക്കാരടങ്ങുന്ന വിഭാഗമാണിത്.
ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തും ശ്രദ്ധേയമായ മുന്നേറ്റം ഇക്കാലത്തുണ്ടായി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി തൃശൂരിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ നേതൃത്വം നല്‍കി.
റീറ്റെയ്ല്‍ രംഗത്തേക്കുള്ള എസ് ഐ ബിയുടെ ചുവടുമാറ്റം വരും വര്‍ഷങ്ങളില്‍ നേട്ടം കൊയ്യാന്‍ പര്യാപ്തമാകുമെന്നാണ് ബാങ്കിംഗ് നിരീക്ഷകര്‍ പറയുന്നത്.
വി ജി മാത്യുവിന് പകരം സാരഥ്യത്തിലെത്തുന്ന മുരളി രാമകൃഷ്ണന്‍, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐയില്‍ നിര്‍ണായക പദവികള്‍ വഹിച്ച വ്യക്തിയാണ്. സ്വകാര്യ ബാങ്കില്‍ നിന്ന് എസ് ഐ ബിയുടെ സാരഥ്യത്തിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് മുരളി രാമകൃഷ്ണന്‍.
ബാങ്കിംഗ് രംഗത്ത്, പ്രത്യേകിച്ച് റീറ്റെയ്ല്‍ ബാങ്കിംഗ് മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രൊഫഷണലാണ് മുരളി രാമകൃഷ്ണന്‍. ഐഐഎം ബാംഗ്ലൂരില്‍ നിന്ന് ബിരുദമെടുത്ത ഇദ്ദേഹം ഒമ്പതോളം രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഐസിഐസിഐ ബാങ്കിന്റെ ഹോങ്കോങ് ഡിവിഷന്റെ നേതൃനിരയിലുണ്ടായിരുന്നു. കണക്കുകൂട്ടി ചുവടുവെപ്പുകള്‍ നടത്തുന്ന ബാങ്കിംഗ് പ്രൊഫഷണലായ മുരളി രാമകൃഷ്ണന്‍ ഒട്ടും എടുത്തചാട്ടക്കാരനല്ലെന്ന ബാങ്കിംഗ് രംഗത്തെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. റിസ്‌ക് മാനേജ്‌മെന്റ് രംഗത്തും വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് ഇദ്ദേഹത്തിനുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine