യാത്രയില്‍ ക്രെഡിറ്റ് കാര്‍ഡ് നല്ലതാണ്; പക്ഷെ, ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം; ഇല്ലെങ്കില്‍ പണികിട്ടും

സാമ്പത്തിക തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
Credit cards
Credit cardsImage Courtesy: Canva
Published on

വിദേശ യാത്ര നടത്തുന്നവര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഏറെ സഹായകമാണ്. എല്ലാ രാജ്യങ്ങളിലും യുപിഐ സംവിധാനം നിലവില്‍ ഇല്ലാത്തതിനാല്‍ ബാങ്ക് കാര്‍ഡുകളെയാണ് പണമിടപാടുകള്‍ക്ക് പ്രധാനമായും ആശ്രയിക്കാന്‍ കഴിയുന്നത്. യാത്രകളില്‍, ഇന്റര്‍നെറ്റ് തടസങ്ങള്‍ മൂലം ഓണ്‍ലൈന്‍ ഇടപാടുകള്‍ പലപ്പോഴും ശരിയാകണമെന്നില്ല. ടൂറിസ്റ്റ് ആയോ ജോലി ആവശ്യങ്ങള്‍ക്കോ ഏതാനും ദിവസങ്ങളില്‍ വിദേശത്ത് കഴിയേണ്ട വരുന്നവര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തന്നെ ഗുണകരം. ബാങ്ക് കാര്‍ഡുകള്‍ വിദേശത്ത് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മാത്രം. തട്ടിപ്പില്‍ കുടുങ്ങാനും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടാനും അമിതമായ ചാര്‍ജുകള്‍ ഈടാക്കുന്നതിനും അശ്രദ്ധയോടെയുള്ള കാര്‍ഡ് ഉപയോഗം കാരണമാകാം. ഇത്തരം യാത്രകളില്‍ ഈ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.

മൊബൈല്‍ നമ്പര്‍ സജീവമാകണം

സ്വന്തം ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ബാങ്ക് കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ സജീവമാണെന്ന് ഉറപ്പു വരുത്തണം. വിദേശത്ത് പോയാലും ഈ നമ്പറിലേക്കാണ് എസ്.എം.എസുകളും ഒടിപികളും വരുന്നത്. അതിനാല്‍ ഈ നമ്പര്‍ കൈവശം വെക്കുമ്പോള്‍ റോമിംഗ് സൗകര്യം ഉറപ്പാക്കണം. ഈ നമ്പര്‍ യാത്രാ സമയങ്ങളില്‍ സ്വച്ച് ഓഫ് ആകാതിരിക്കാനും ശ്രദ്ധ വേണം. യഥാര്‍ത്ഥ ഉടമ തന്നെയാണ് കാര്‍ഡ് ഉപയോഗിക്കുന്നതെന്ന് ബാങ്കുകള്‍ക്ക് തിരിച്ചറിയാനും ഇത് സഹായിക്കും.

നിങ്ങളുടെ യാത്രയെ കുറിച്ച് ബാങ്കിനെ അറിയിക്കണമെന്നില്ല. എന്നാല്‍ അകൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ആക്ടീവാകണം. പുതിയ കാലത്ത് അക്കൗണ്ട് ഉടമയും ബാങ്കും തമ്മിലുള്ള ബന്ധം പ്രധാനമായും ഈ നമ്പറിലൂടെയാണ്.

ബാലന്‍സില്‍ ഒരു കണ്ണ് വേണം

യാത്ര പുറപ്പെടും മുമ്പ് അക്കൗണ്ടിലെ ബാലന്‍സ് എത്രയെന്ന് രേഖപ്പെടുത്തി വെക്കണം. കാര്‍ഡിലെ ക്രെഡിറ്റ് ലിമിറ്റ് എത്രയെന്ന് അറിഞ്ഞിരിക്കണം. അക്കൗണ്ട് ഉടമ അറിയാതെ പണം നഷ്ടപ്പെടുന്നുണ്ടോ എന്നറിയാനും ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പെയ്‌മെന്റുകള്‍ റദ്ദാകുന്നത് ഒഴിവാക്കാനും പിഴയില്‍ നിന്ന് രക്ഷപ്പെടാനും ഇത് സഹായിക്കും.

പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കാം

വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവക്ക് കാര്‍ഡ് ഉപയോഗിക്കാമെങ്കിലും പര്‍ച്ചേസുകള്‍, ഭക്ഷണം എന്നിവക്ക് ആ രാജ്യത്തെ പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ലോക്കല്‍ മാര്‍ക്കറ്റുകളില്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാകില്ല. സാമ്പത്തിക തട്ടിപ്പ്, അമിതവും ഒളിഞ്ഞിരിക്കുന്നതുമായ ചാര്‍ജുകള്‍ എന്നിവക്ക് വിധേയരാകാം. ഓരോ രാജ്യങ്ങളില്‍ കാര്‍ഡുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകളിലും കറന്‍സി വിനിമയ നിരക്കുകളിലും വ്യത്യാസങ്ങളുണ്ട്. ഇത് സാമ്പത്തിക നഷ്ടം വര്‍ധിപ്പിക്കാം.

ട്രാവല്‍ കാര്‍ഡുകള്‍ ഉത്തമം

ഇടക്കിടെ വിദേശ യാത്ര നടത്തുന്നവര്‍ക്ക് ട്രാവല്‍ കാര്‍ഡുകളാണ് ഉത്തമം. ടൂറിസ്റ്റുകളെ മാത്രം ഉദ്ദേശിച്ച് ബാങ്കുകള്‍ പുറത്തിറക്കുന്ന ഇത്തരം കാര്‍ഡുകള്‍ പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ടാകും. ഹോട്ടല്‍, വിമാന ബുക്കിംഗുകളില്‍ ഇളവുകള്‍ ലഭിക്കാം. വിനിമയ നിരക്കുകളില്‍ കൂടുതല്‍ ആശ്വാസം ലഭിക്കുന്ന ഓഫറുകളും ഇത്തരം കാര്‍ഡുകളില്‍ വരുന്നുണ്ട്. സ്വന്തം ബാങ്കിന്റെ ട്രാവല്‍ കാര്‍ഡുകള്‍ അധിക ചാര്‍ജില്ലാതെ അക്കൗണ്ട് ഉടമകള്‍ക്ക് സ്വന്തമാക്കാം.

ബാങ്ക് കാര്‍ഡുമായി ബന്ധപ്പെട്ട എമര്‍ജന്‍സി നമ്പറുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. സാമ്പത്തിക തട്ടിപ്പുകള്‍ നടന്നാലോ കാര്‍ഡുകള്‍ നഷ്ടപ്പെട്ടാലോ ഈ നമ്പറുകളില്‍ ഉടനെ അറിയിക്കുന്നത് കൂടുതല്‍ നഷ്ടങ്ങള്‍ തടയാന്‍ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com