

തെരഞ്ഞെടുക്കപ്പെട്ട 20 മികച്ച കലാകാരന്മാരെ ആദരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍.ബി.എഫ്.സിയായ (Non-Banking Financial Corporation) മുത്തൂറ്റ് ഫിനാന്‍സ്. കമ്പനിയുടെ 2024ലെ മുത്തൂറ്റ് സ്‌നേഹസമ്മാനത്തിന്റെ ആദ്യ തുകയുടെ വിതരണം കൊച്ചിയില്‍ നടന്നു.
കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ മുന്‍ വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ് മുഖ്യാതിഥിയായ ചടങ്ങ് സിനിമാ സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം. ജോര്‍ജ്ജ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു എബ്രഹാം, മുത്തൂറ്റ് ഫിനാന്‍സ് ഡി.ജി.എം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ബാബു ജോണ്‍ മലയില്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മുതിര്‍ന്ന കലാകാരന്മാര്‍ക്ക് പിന്തുണ
തൊഴില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന കലാകാരന്മാര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നതിന് മുത്തൂറ്റ് ഫിനാന്‍സ് 2015ല്‍ ആരംഭിച്ചതാണ് മുത്തൂറ്റ് സ്‌നേഹസമ്മാനം പദ്ധതി. ഇതുവരെ മുത്തൂറ്റ് ഫിനാന്‍സ് 70 ലക്ഷം രൂപയാണ് ഈ പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളത്. 2024 സാമ്പത്തിക വര്‍ഷം 27 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 45 മുതിര്‍ന്ന കലാകാരന്മാര്‍ക്കാണ് പദ്ധതിക്കു കീഴില്‍ ഇതുവരെ ഗ്രാന്റ് അനുവദിച്ചിട്ടുളളത്. പ്രതിമാസം 3000 രൂപ മുതല്‍ 5000 രൂപ വരെയാവും ഇവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ഗ്രാന്റ് നല്‍കുക.
കഥകളി, ചെണ്ട, മൃദംഗം, സരസ്വതി വീണ, തമ്പുരു, നാഗസ്വരം, ഇടക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങല, ഇലത്താളം, കൊമ്പ്, ഓടക്കുഴല്‍ തുടങ്ങിയ വിവിധ വിഭാഗം ക്ഷേത്രകലകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സാമ്പത്തിക സഹായം കമ്പനി നല്‍കിയിട്ടുണ്ട്. സാമ്പത്തിക പിന്തുണയ്ക്ക് ഒപ്പം പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഉള്ള ആശുപത്രികളില്‍ ഇവര്‍ക്ക് സൗജന്യമായതോ കുറഞ്ഞ ചെലവിലുള്ളതോ ആയ ചികില്‍സയും ലഭ്യമാക്കും.
കലാ പാരമ്പര്യത്തെ സംരക്ഷിക്കാന്‍
ക്രിയാത്മക സമൂഹത്തിലെ ഈ ശക്തമായ വിഭാഗത്തെയാണ് മുത്തൂറ്റ് ഫിനാന്‍സ് പിന്തുണക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം. ജോര്‍ജ്ജ് പറഞ്ഞു. കലയ്ക്കു വേണ്ടി ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞു വെച്ചവര്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാനായുള്ള പിന്തുണയാണ് ഈ ഗ്രാന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കലാ പാരമ്പര്യത്തെ സംരക്ഷിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിനുള്ള പ്രതിബദ്ധതയുടെ യഥാര്‍ത്ഥ്യ സാക്ഷ്യപത്രമാണിതെന്ന് കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ മുന്‍ വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine