മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭത്തില്‍ വന്‍ വര്‍ധന; അറ്റ ലാഭം 2,046 കോടി രൂപ

കമ്പനിയുടെ അറ്റ പലിശ വരുമാനത്തില്‍ 50.6 ശതമാനത്തിന്റെ വളര്‍ച്ചയാണുള്ളത്
Muthoot Finance logo
Muthoot Finance logo
Published on

പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് ആദ്യപാദത്തില്‍ 89.6 ശതമാനത്തിന്റെ വന്‍ ലാഭ വളര്‍ച്ച. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 2,046 കോടി രൂപ ലാഭമുണ്ടായതായി കമ്പനി അറിയിച്ചു. ഒരു പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് നേടുന്ന ഏറ്റവും വലിയ ലാഭമാണിത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 1,079 കോടി രൂപയായിരുന്നു അറ്റലാഭം.

പലിശ വരുമാനം വര്‍ധിച്ചു

കമ്പനിയുടെ അറ്റ പലിശ വരുമാനത്തില്‍ 50.6 ശതമാനത്തിന്റെ വളര്‍ച്ചയാണുള്ളത്. മുന്‍ വര്‍ഷത്തെ 2,305 കോടി രൂപയില്‍ നിന്ന് 3,473 കോടി രൂപയായാണ് വര്‍ധിച്ചത്. വായ്പകളില്‍ നിന്നുള്ള പലിശ വരുമാനവും നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണ് അറ്റ പലിശ വരുമാനം. അറ്റ പലിശ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ 11.51 ശതമാനത്തില്‍ നിന്ന് 12.15 ശതമാനമായാണ് വര്‍ധിച്ചത്.

വായ്പാ ആസ്തി 1.33 ലക്ഷം കോടി

മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തികളിലും റെക്കോര്‍ഡ് വളര്‍ച്ചയാണുള്ളത്. 1.33 ലക്ഷം കോടി രൂപയുടെ വായ്പാ ആസ്തിയുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനമാണ് വര്‍ധന. ഒരു ബ്രാഞ്ചിലെ ശരാശരി ആസ്തി 23.21 കോടി രൂപയാണ്. 4,45,481 പുതിയ ഉപഭോക്താക്കള്‍ക്കാണ് ആദ്യ പാദത്തില്‍ വായ്പകള്‍ നല്‍കിയത്. 6,335 കോടി രൂപയാണ് പുതിയ ഉപഭോക്താക്കള്‍ വായ്പയെടുത്തത്. പണയത്തിലുള്ള സ്വര്‍ണം 209 ടണ്‍ ആയി വര്‍ധിച്ചു. മുത്തൂറ്റ് ഹോം ഫിന്‍സിന്റെ വായ്പാ ആസ്തി 3,096 കോടി രൂപയാണ്. പലിശ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ധിച്ചു.

മുത്തൂറ്റ് മണിക്കും ലാഭക്കുതിപ്പ്

മുത്തൂറ്റ് മണി ലിമിറ്റഡിന്റെ വരുമാനത്തില്‍ ഈ പാദത്തില്‍ 255 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ വായ്പാ ആസ്തി 202 ശതമാനം വര്‍ധിച്ച് 5,000 കോടി രൂപയിലെത്തി. മുത്തുറ്റ് മണി ലിമിറ്റഡില്‍ 500 കോടി രൂപയും മുത്തൂറ്റ് ഹോം ഫിന്‍ (ഇന്ത്യ) ലിമിറ്റഡില്‍ 200 കോടി രൂപയും നിക്ഷേപിക്കാന്‍ മുത്തൂറ്റ് ഫിന്‍നാന്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന് ബി.എസ്.ഇയില്‍ 2.510 രൂപയിലാണ് വ്യാപാരം നടന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com