

സ്വര്‍ണപ്പണയ രംഗത്തെ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ അഞ്ചാം ദിവസവും കുതിപ്പില്‍. വെള്ളിയാഴ്ച വ്യാപാരത്തില്‍ ഓഹരിയൊന്നിന് 3,373 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നേട്ടത്തില്‍ ട്രേഡ് ചെയ്യുന്നത്. ഇത്രയും ദിവസത്തിനിടെ അഞ്ച് ശതമാനം റിട്ടേണ്‍ നല്‍കാനും ഓഹരിക്കായി.
സ്വര്‍ണവില ഉയരുന്നതിനൊത്ത് മുത്തൂറ്റ് ഫിനാന്‍സിനൊപ്പം നിക്ഷേപകര്‍ നീങ്ങുന്നതാണ് ഓഹരി വിപണിയിലെ കാഴ്ച. സ്വര്‍ണവില ഉയരുമ്പോള്‍ കമ്പനി ഈടായി സ്വീകരിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കും. ഒപ്പം സ്വര്‍ണവായ്പക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചതും ഓഹരിക്ക് തുണയായി. 2025 മെയ് മുതല്‍ ബുള്‍ റണ്‍ തുടരുന്ന ഓഹരി ഇതുവരെ 58 ശതമാനം റിട്ടേണാണ് ഇക്കൊല്ലം നിക്ഷേപകര്‍ക്ക് നല്‍കിയത്. വാര്‍ഷിക റിട്ടേണ്‍ 60 ശതമാനം കഴിഞ്ഞാല്‍ കമ്പനിയുടെ ചരിത്രത്തില്‍ 2017ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമായിരിക്കും.
അതേസമയം, വിപണിയില്‍ സ്വര്‍ണവായ്പക്കുള്ള ഡിമാന്‍ഡ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. അനലിസ്റ്റുകള്‍ പറയുന്നത് അടുത്ത പാദങ്ങളിലും ഈ പ്രവണത തുടരുമെന്നാണ്. സുരക്ഷിതമല്ലാത്ത വായ്പ കുറയുന്നതും സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളും മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയുടെ വളര്‍ച്ചക്ക് സഹായകമാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ബ്രോക്കറേജുകള്‍ ലക്ഷ്യവില ഉയര്‍ത്തിയതും സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശങ്ങളും ഓഹരിക്ക് പിന്തുണയേകി.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എ അടുത്തിടെയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ലക്ഷ്യവില ഉയര്‍ത്തിയത്. ലക്ഷ്യവില 3,600 ആക്കിയതിനൊപ്പം നേരത്തെ നല്‍കിയിരുന്ന ബൈ (Buy) റേറ്റിംഗ് നിലനിറുത്തുകയും ചെയ്തു. സ്വര്‍ണ വിലയും ലോണ്‍ ടു വാല്യൂ (LTV) ആനുപാതവും ഉയരുന്നതും സ്വര്‍ണവില വര്‍ധിക്കുന്നതും കമ്പനിയുടെ വളര്‍ച്ച വര്‍ധിക്കാനുള്ള കാരണങ്ങളാണെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു. കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 23 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) ഉണ്ടാകുമെന്നാണ് സി.എല്‍.എസ്.എയുടെ വിലയിരുത്തല്‍. നികുതി കഴിഞ്ഞുള്ള വരുമാനത്തില്‍ (PAT) 37 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ പറയുന്നു.
അതിനിടെ സംഘടിത മേഖലയിലെ സ്വര്‍ണവായ്പ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം കോടി രൂപ കടക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐ.സി.ആര്‍.എയുടെ വിലയിരുത്തല്‍. പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം നേരത്തെയാണ് ഇത് സംഭവിക്കുന്നത്. സ്വര്‍ണവില ക്രമാനുഗതമായി ഉയരുന്നതാണ് കാരണം. 2027ലെത്തുമ്പോള്‍ സ്വര്‍ണ വായ്പാ വിപണി 18 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്നും ബ്രോക്കറേജുകള്‍ വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine