
പ്രകൃതി സൗഹൃദവും ഉത്തരവാദിത്വപൂര്‍ണവുമായ വളര്‍ച്ചയിലൂടെ കേരളത്തിലെ പ്രധാന മൈക്രോഫിനാന്‍സ് കമ്പനിയായ മൂത്തൂറ്റ് മൈക്രോഫിന്‍ ഉയര്‍ന്ന ഇ.എസ്.ജി റേറ്റിംഗ് കരസ്ഥമാക്കി. സെബിയുടെ അംഗീകാരമുള്ള ഇ.എസ്.ജി റേറ്റിംഗ് സ്ഥാപനമായ കെയര്‍ ഇ.എസ്.ജിയുടെ (CARE ESG) റേറ്റിംഗിലാണ് 72.2 സ്‌കോറോടെ മുത്തൂറ്റ് മൈക്രോഫിന്‍ ഉയര്‍ന്ന സ്ഥാനം നേടിയത്. കെയര്‍എഡ്ജ് ഇ.എസ്.ജി-1 റേറ്റിംഗാണ് കമ്പനിക്ക് ലഭിച്ചത്. പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്വം, ഭരണരംഗത്തെ മികവ് എന്നീ മേഖലകളിലുള്ള മുന്നേറ്റമാണ് മുത്തൂറ്റ് മൈക്രോഫിനിന് ഈ നേട്ടം സമ്മാനിച്ചത്.
ഇതോടെ സാമ്പത്തിക സേവനമേഖലയില്‍ ഇ.എസ്.ജി റേറ്റിംഗില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി. ഭരണ രംഗത്തെ ധാര്‍മികത, സാമൂഹികാധിഷ്ഠിതമായ സാമ്പത്തിക സേവനം, സുതാര്യത എന്നിവയിലുണ്ടാക്കിയ നേട്ടമാണ് ഈ റേറ്റിംഗിലുടെ അംഗീകരിക്കപ്പെടുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുക വഴി സ്ത്രീശാക്തീകരണത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ മാതൃക കാട്ടിയിരുന്നു.
പരിസ്ഥിതി,സാമൂഹ്യ, ഭരണ രംഗങ്ങളില്‍ കമ്പനികള്‍ പുലര്‍ത്തുന്ന നിലവാരമാണ് ഇ.എസ്.ജി ( environmental, social, and governance) റേറ്റിംഗിലൂടെ പരിശോധിക്കുന്നത്. പ്രകൃതി മലിനീകരണം കുറക്കല്‍, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലെ കാര്യക്ഷമത, തൊഴില്‍ രംഗത്തും മനുഷ്യാവകാശത്തിലും സാമൂഹിക ഇടപെടലിലുമുള്ള ഉത്തരവാദിത്വം എന്നിവ പരിഗണിക്കപ്പെടുന്നു. ഭരണ രംഗത്തെ സുതാര്യത, ധാര്‍മികത എന്നിവയും പ്രധാന ഘടകമാണ്. ഇ.എസ്.ജി റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ് കമ്പനികളുടെ സുസ്ഥിര വികസനം അളക്കുന്നത്. നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിലും ഈ റേറ്റിംഗ് പ്രധാന പങ്കുവഹിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine