
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ വരുമാനത്തിലും അറ്റാദായത്തിലും ആസ്തികളിലും വന്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും അവസാന പാദത്തിലെയും കണക്കുകള്‍ പ്രകാരം കമ്പനി 21.3 ശതമാനം വളര്‍ച്ചയോടെ 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 671.84 കോടി രൂപയായിരുന്നു. സ്വര്‍ണ വായ്പ ബിസിനസിലെ തുടര്‍ച്ചയായ വളര്‍ച്ചയാണ് മുന്നേറ്റത്തിന് കാരണം.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വര്‍ധിച്ച് 4141.60 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,522.77 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ 21 ശതമാനം വര്‍ധനയാണുള്ളത്. 94.18 കോടി രൂപയാണ് അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 77.83 കോടി രൂപയായിരുന്നു.
മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 0.85 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.50 ശതമാനമായും നിലനിര്‍ത്തി. കമ്പനിയുടെ മൂലധന പര്യാപ്തതാ അനുപാതം 21.38 ശതമാനം എന്ന ശക്തമായ നിലയില്‍ തുടരുകയാണ്. നിയന്ത്രണ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണിത്.
രാജ്യത്ത് 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 948 ശാഖകളാണ് മുത്തൂറ്റ് മിനിക്കുള്ളത്. 5,000 ത്തിലധികം ജീവനക്കാരുണ്ട്. 25 ലക്ഷത്തിലധികം ഉപഭോക്താക്കളും. മുത്തൂറ്റ് മിനിയുടെ ദീര്‍ഘകാല വായ്പകള്‍ക്ക് ഐസിആര്‍എ 'എ' (സ്റ്റേബിള്‍)' റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. നേരത്തെ കെയര്‍ റേറ്റിംഗ്‌സ് ലിമിറ്റഡ് കെയര്‍ എ- സ്റ്റേബിള്‍, ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് ഐഎന്‍ഡി എ- സ്റ്റേബിള്‍ എന്നീ റേറ്റിംഗുകള്‍ ലഭിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine