അവധി നോക്കാതെ പണം കൈമാറാന്‍ 'നെഫ്റ്റ്' ; 7 ദിവസവും ഏതു നേരവും

അവധി നോക്കാതെ പണം കൈമാറാന്‍ 'നെഫ്റ്റ്' ; 7 ദിവസവും ഏതു നേരവും
Published on

ഡിസംബര്‍ 16 മുതല്‍ ബാങ്കിംഗിലെ നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പണം കൈമാറ്റ ഇടപാടുകള്‍ അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ മുഴുവന്‍ സമയമാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.ഇപ്പോള്‍ പ്രവൃത്തി ദിവസങ്ങളില്‍ മാത്രം രാവിലെ 8 മുതല്‍ രാത്രി 7 വരെയാണ് നെഫ്റ്റ് സെറ്റില്‍മെന്റുള്ളത്. ഒന്നും മൂന്നും ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെയും.

പുതിയ ക്രമപ്രകാരമുള്ള ആദ്യത്തെ സെറ്റില്‍മെന്റ് ഡിസംബര്‍ 15 അര്‍ദ്ധ രാത്രി കഴിഞ്ഞ്  12.30 ന് നടക്കും.വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഏതെങ്കിലും ബാങ്ക് ശാഖയിലെ ഒരു എക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക് രീതിയില്‍ മറ്റൊരു ബാങ്ക് ശാഖയിലോ അതേ ബാങ്കിന്റെ തന്നെ ശാഖയിലോ എക്കൗണ്ടുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നെഫ്റ്റ് വഴി പണം കൈമാറാം. ബാങ്ക് എക്കൗണ്ട് ഇല്ലാത്ത വ്യക്തികള്‍ക്ക് പോലും നെഫ്റ്റ് സേവനം ലഭിക്കുന്ന ശാഖകള്‍ വഴി പണം മറ്റൊരു എക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കാം. നെഫ്റ്റിന് കീഴിലുള്ള ഓരോ ഇടപാടും പരമാവധി 50,000 രൂപ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

നെഫ്റ്റ് ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ പൂര്‍ണ്ണ വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. നെഫ്റ്റ് വഴി പണം സ്വീകരിക്കുന്നവര്‍ക്ക് ഫീസ് നിരക്കുകള്‍ ഒന്നും തന്നെ ബാധകമല്ല. എന്നാല്‍ പണം കൈമാറുന്നവര്‍ നിശ്ചിത ഫീസ് നല്‍കേണ്ടി വരും. 10,000 രൂപ വരെയുള്ള ഇടപാടുകളില്‍ ബാങ്കുകള്‍ക്ക് 2.25 രൂപ വരെ ഈടാക്കാം. 10,000 മുതല്‍ 1 ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക്, 4.75 രൂപ വരെ ഫീസ്. 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിലുള്ള ഇടപാടുകള്‍ക്ക്, 14.75 രൂപ വരെയും 2 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് 24.75 രൂപ വരെയുമാണ് ഫീസ്. ജിഎസ്ടി ഒഴികെയുള്ള നിരക്കാണിത്. റിസര്‍വ് ബാങ്ക്  നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്കുകളാണ് ഇവ.

സാധാരണഗതിയില്‍, രണ്ട് മണിക്കൂറിനുള്ളില്‍ നെഫ്റ്റ് വഴി ഗുണഭോക്താവിന്റെ എക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും. നിശ്ചിത സമയത്തിനുള്ളില്‍ നെഫ്റ്റ് ഇടപാട് ക്രെഡിറ്റ് ചെയ്യുകയോ തിരികെ നല്‍കുകയോ ചെയ്തില്ലെങ്കില്‍, നിലവിലെ ആര്‍ബിഐ ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി അനുസരിച്ച് റിപ്പോ നിരക്ക് (ആര്‍ബിഐ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പലിശ നിരക്ക്) കൂടാതെ 2% പിഴ പലിശ കൂടി നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്.

അതേസമയം, ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കുള്ള ആര്‍ടിജിഎസ് സേവനം പ്രവൃത്തി ദിനങ്ങളിലും പ്രവൃത്തി സമയത്തും മാത്രമേ തുടര്‍ന്നും ലഭ്യമാകൂ. ആര്‍ടിജിഎസ് ഉപയോഗിച്ച് കൈമാറാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. ഉയര്‍ന്ന പരിധികളില്ല. ഇടപാടിന്റെ പ്രോസസ്സിംഗ് തത്സമയം നടത്തുന്ന സംവിധാനമാണ് ആര്‍ടിജിഎസിന്റേത്. അതിനാല്‍ പണം അയയ്ക്കുന്ന ഉടന്‍ തന്നെ സ്വീകര്‍ത്താവിന് ലഭിക്കും. 

ആര്‍ടിജിഎസ് വഴി പണം കൈമാറുന്ന്് മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ബാങ്ക് ശാഖ സന്ദര്‍ശിച്ചോ ആകാം. ആര്‍ടിജിഎസ് വഴി പണം സ്വീകരിക്കുന്നതിന് യാതൊരു ചാര്‍ജും നല്‍കേണ്ടതില്ല.പണം കൈമാറുന്നയാള്‍ 2 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലാണെങ്കില്‍  24.50 രൂപ വരെയും 5 ലക്ഷത്തിന് മുകളിലെങ്കില്‍് 49.50 രൂപ വരെയും നല്‍കേണ്ടിവരും.

നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവയ്ക്കു പുറമേ അവധിദിനങ്ങള്‍ ഉള്‍പ്പെടെ അര്‍ദ്ധരാത്രി 12 വരെ ഇപ്പോള്‍ത്തന്നെ ലഭ്യമാണ് ഇന്റര്‍-ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്). ഇന്ത്യയിലുടനീളമുള്ള ബാങ്കുകള്‍ വഴിയും റിസര്‍വ് ബാങ്ക് അംഗീകൃത പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) വഴിയും പണം കൈമാറാന്‍ ഐഎംപിഎസ് വഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. മൊബൈല്‍, ഇന്റര്‍നെറ്റ് അല്ലെങ്കില്‍ എടിഎം എന്നിവ വഴി ഐഎംപിഎസ് വഴി പണം കൈമാറ്റം നടത്താം. ഐഎംപിഎസ് വഴിയുള്ള ഇടപാടുകളുടെ നിരക്ക് ബാങ്കുകളും പിപിഐകളുമാണ് തീരുമാനിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com