പുതിയ തൊഴില്‍ നിയമങ്ങള്‍ സ്വകാര്യ കമ്പനികളുടെ മൂന്നാംപാദ ഫലങ്ങളെ സ്വാധീനിച്ചു; ചെലവില്‍ വര്‍ധന, ലാഭത്തില്‍ ഇടിവ്

പുതിയ വേതന നിയമപ്രകാരം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം (Basic Salary) മൊത്തം സിടിസിയുടെ 50 ശതമാനത്തില്‍ കുറയാന്‍ പാടില്ല
പുതിയ തൊഴില്‍ നിയമങ്ങള്‍ സ്വകാര്യ കമ്പനികളുടെ മൂന്നാംപാദ ഫലങ്ങളെ സ്വാധീനിച്ചു; ചെലവില്‍ വര്‍ധന, ലാഭത്തില്‍ ഇടിവ്
Published on

കേന്ദ്രസര്‍ക്കാര്‍ നവംബറില്‍ നടപ്പിലാക്കിയ പുതിയ തൊഴില്‍ നിയമങ്ങള്‍ കമ്പനികളുടെ ചെലവുകളില്‍ ക്രമാനുഗത വര്‍ധനവിന് ഇടയാക്കുന്നു. ലേബര്‍ കോഡിലെ മാറ്റങ്ങള്‍ നടപ്പിലാക്കിയതു വഴി കമ്പനികള്‍ക്ക് ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പ്രവര്‍ത്തന ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ്, ബാങ്കിംഗ് കമ്പനികളുടെ പാദഫലങ്ങളില്‍ ലാഭം കുറയാന്‍ ഇടയാക്കിയത് ഇതാണ്. വരുമാനം വര്‍ധിച്ചിട്ടും ഒട്ടുമിക്ക കമ്പനികള്‍ക്കും മൂന്നാംപാദത്തില്‍ ലാഭത്തില്‍ ഇടിവ് സംഭവിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂന്നാംപാദത്തിലെ പ്രവര്‍ത്തന ചെലവ് 18,770 കോടി രൂപയാണ്. രണ്ടാംപാദത്തിലിത് 17,110 കോടി രൂപയായിരുന്നു. ഒറ്റയടിക്ക് 1,660 കോടി രൂപയുടെ വര്‍ധനയാണ് ചെലവിലുണ്ടായത്. ഇതില്‍ 800 കോടി രൂപയോളം ജീവനക്കാരുമായി ബന്ധപ്പെട്ട അധികബാധ്യതയാണ്.

മറ്റൊരു സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് ഈ പാദത്തില്‍ അധിക ചെലവിനത്തില്‍ ഉണ്ടായത് 155 കോടി രൂപയാണ്. ഫെഡറല്‍ ബാങ്കിന് 20.8 കോടി രൂപയും ആര്‍ബിഎല്‍ ബാങ്കിന് 32 കോടി രൂപയും പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കിയതിലൂടെ അധികമായി ചെലവഴിക്കേണ്ടി വന്നു.

ഇന്‍ഷുറന്‍സ് മേഖലയിലും ചെലവേറി

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പുതിയ ലേബര്‍ കോഡ് ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന് 106.02 കോടി രൂപയുടെ അധിക ചെലവാണ് മൂന്നാംപാദത്തിലുണ്ടായത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന് 11.04 കോടി രൂപയുടെയും ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിന് 53.06 കോടി രൂപയുടെയും അധികബാധ്യത പുതിയ ലേബര്‍ കോഡിനാല്‍ സംഭവിച്ചു.

ലേബര്‍ കോഡിലെ മാറ്റങ്ങള്‍

പുതിയ വേതന നിയമപ്രകാരം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം (Basic Salary) മൊത്തം സിടിസിയുടെ 50 ശതമാനത്തില്‍ കുറയാന്‍ പാടില്ല. അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശതമാനമാകും ബാധകമാകുക. പല കമ്പനികളും കുറഞ്ഞ അടിസ്ഥാന ശമ്പളം നല്‍കി അലവന്‍സുകള്‍ കൂട്ടുന്ന സാഹചര്യമുണ്ടായിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത വിഹിതമാണ് പി.എഫും ഗ്രാറ്റുവിറ്റിയും. അതുകൊണ്ടുതന്നെ ബാധ്യത കുറയ്ക്കുന്നതിനാണ് കമ്പനികള്‍ ഇപ്രകാരം ചെയ്തിരുന്നത്. ഈ പ്രവണത അവസാനിപ്പിച്ച് ജീവനക്കാര്‍ക്ക് അര്‍ഹമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ തൊഴില്‍ നിയമത്തിന് സാധിച്ചു.

പി.എഫ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 12% ആണ്. അടിസ്ഥാന ശമ്പളം ഉയരുമ്പോള്‍, ജീവനക്കാരന്റെയും തൊഴിലുടമയുടെയും പി.എഫ് വിഹിതം ഒരുപോലെ കൂടും. ഇത് ജീവനക്കാരുടെ വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത വര്‍ഷങ്ങളുടെ എണ്ണവും അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളവും അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. ഉയര്‍ന്ന അടിസ്ഥാന ശമ്പളം ലഭിക്കുന്നതിനാല്‍ ഗ്രാറ്റുവിറ്റി തുകയും വര്‍ധിക്കും.

New labor laws increase operational costs and reduce Q3 profits for private banks and insurance firms

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com