കൈയില്‍ പണം നില്‍ക്കുന്നില്ലേ? പുതുവര്‍ഷത്തില്‍ സാമ്പത്തിക അച്ചടക്കം ശീലമാക്കാന്‍ 7 സിംപിള്‍ ടിപ്‌സ്‌

നന്നായൊന്ന് പ്ലാന്‍ ചെയ്താല്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഈസി
financial planning
image credit : canva
Published on

പുതിയ വര്‍ഷം പിറന്നു. ഇനിയെങ്കിലും പണം സൂക്ഷിച്ച് ചെലവാക്കണം, കൃത്യമായൊരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ വേണമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. നന്നായൊന്ന് പ്ലാന്‍ ചെയ്താല്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഈസി. ഇതിന് ചില മാര്‍ഗങ്ങളാണ് ഇനി പറയുന്നത്.

സേവിംഗ്‌സ്

എല്ലാ മാസവും എത്ര രൂപ വീതം മിച്ചം പിടിക്കാമെന്ന് നേരത്തെ നിശ്ചയിക്കുക. ഇതില്‍ മാറ്റം വരുത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. എന്നാല്‍ എല്ലാ മാസവും വലിയൊരു തുക സേവിംഗ്‌സിലേക്ക് മാറ്റണമെന്നല്ല. ഓരോരുത്തരുടെയും ശേഷിക്ക് അനുസരിച്ചുള്ള സേവിംഗ്‌സ് രീതിയായിരിക്കണം ഉണ്ടാകേണ്ടത്.

ചെലവ് എങ്ങനെ

എന്തിനൊക്കെയാണ് പണം ചെലവഴിക്കുന്നതെന്ന കാര്യത്തില്‍ നിശ്ചയമുണ്ടായിരിക്കണം. അമിത ചെലവ് നിയന്ത്രിക്കാന്‍ ഓരോ ദിവസത്തെയും കണക്കുകള്‍ ചെറിയൊരു നോട്ട് ബുക്കിലോ മണി മോണിറ്റര്‍ ആപ്പുകളിലോ രേഖപ്പെടുത്തി വക്കാം. അതിനപ്പുറമുള്ള ചെലവുകള്‍ ഒഴിവാക്കാന്‍ ശീലിക്കണം.

നിക്ഷേപത്തിലും ശ്രദ്ധവേണം

അന്ധമായ നിക്ഷേപ ശീലങ്ങള്‍ വേണ്ട. നിങ്ങളുടെ സാഹചര്യം, പ്രായം, സാമ്പത്തിക സ്ഥിതി, നഷ്ടസാധ്യത തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി വേണം നിക്ഷേപം. ആവശ്യമെങ്കില്‍ ഇതിനായി പ്രൊഫഷണല്‍ സഹായം തേടാവുന്നതാണ്.

എമര്‍ജന്‍സി ഫണ്ട് മസ്റ്റാണ്

ഏതെങ്കിലും സാഹചര്യങ്ങളില്‍ ജോലിക്ക് പോകാന്‍ കഴിയാതെ വന്നാലുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇതിനെ മറികടക്കാന്‍ ആറ് മാസത്തേക്കെങ്കിലും സുഖമായി കഴിയാനുള്ള തുക എമര്‍ജന്‍സി ഫണ്ടായി കരുതണം. അടിയന്തര സാഹചര്യത്തില്‍ ലിക്വിഡ് മണിയായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാകണം ഇത്.

റിട്ടയര്‍മെന്റ് കാലത്തേക്ക് കൂടി കരുതണം

ഭാവിജീവിതത്തിലേക്കുള്ള കരുതല്‍ കൂടിയാണ് റിട്ടയര്‍മെന്റ് ഫണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണിത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍.പി.എസ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) എന്നിവയില്‍ നിക്ഷേപിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ഇന്‍ഷുറന്‍സ്

പ്രതീക്ഷിക്കാത്ത സമയത്ത് എന്തെങ്കിലും അസുഖം വന്ന് കുറച്ച് ദിവസം ആശുപത്രിയില്‍ കിടന്നാല്‍ തീരാവുന്നതേയുള്ളൂ ശരാശരിക്കാരന്റെ ജീവിത സമ്പാദ്യം. ഇതുമറികടക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ നിര്‍ബന്ധമായും എടുത്തിരിക്കണം.

സാമ്പത്തിക പരിജ്ഞാനം വേണം

വന്‍ തുക തിരിച്ച് ലഭിക്കുമെന്ന വാഗ്ദാനം നല്‍കി നിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ എല്ലായിടത്തുമുണ്ടാകും. സാമ്പത്തിക വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നേടുകയാണ് ഇതിനെ മറികടക്കാന്‍ പറ്റിയ മാര്‍ഗം. ധനകാര്യ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും ട്രെന്‍ഡുകളും കൃത്യമായി മനസിലാക്കണം. ഒരിക്കലും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവക്കരുത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി വേണം നിക്ഷേപം നടത്താന്‍. ഇനി തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കുകയും വേണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com