

യു.പി.ഐ വഴി ചറപറാ ഇടപാടുകള്‍ നടത്തുന്നവര്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. 100 രൂപയില്‍ താഴെയുള്ള ഇടപാടുകളെ കുറിച്ച് എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നത് നിര്‍ത്താനൊരുങ്ങി ബാങ്കുകള്‍. ഇതിനായി റിസര്‍വ് ബാങ്കിനോട് അനുമതി തേടിയതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.പി.ഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ ചെറിയ തുകകളുടെ ഇടപാടുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം ഉപയോക്താക്കള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന എസ്.എം.എസുകളുടെ എണ്ണവും കൂടി. ഇതോടെ പലരും വലിയ തുകകളുടെ മെസേജ് പോലും ശ്രദ്ധിക്കാത്ത അവസ്ഥയുണ്ടാകുന്നതായാണ് ബാങ്കുകള്‍ പറയുന്നത്.
പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് റിസര്‍വ് ബാങ്കിനു മുന്നില്‍ ഇത്തരമൊരു നര്‍ദേശം വച്ചത്. ഇതിനൊപ്പം സാമ്പത്തിക തട്ടിപ്പ് തടയാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങളും മുന്നേട്ടു വച്ചിട്ടുണ്ട്. ചെറിയ തുകകളുടെ ഇടപാടുകളുടെ എണ്ണം നിശ്ചിത പരിധി കഴിഞ്ഞാല്‍ ഇതേ കുറിച്ച് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. റിസര്‍വ് ബാങ്കാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത്. അതേസമയം, എസ്.എം.എസ് നിര്‍ത്തലാക്കുന്നതിനു മുമ്പ് ബാങ്കുകള്‍ ഉപഭോക്താക്കളുടെ അനുമതി തേടുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
നിലവിലെ റിസര്‍വ് ബാങ്കിന്റെ നിയമമനുസരിച്ച് എല്ലാ ഇലക്ട്രോണിക് ഇടപാടുകളെകുറിച്ചും എസ്.എം.എസ് മുഖേന ഉപഭോക്താക്കളെ അറിയിക്കേണ്ടതുണ്ട്. ചില കേസുകളില്‍ ഇ-മെയില്‍ അലര്‍ട്ടുകളും നല്‍കാറുണ്ട്. എസ്.എം.എസുകള്‍ ഓട്ടോമാറ്റിക്കായാണ് അയക്കപ്പെടുന്നത്. അതേസമയം, ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ഇ-മെയിലുകള്‍ അയക്കുക.
100 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് എസ്.എം.എസുകള്‍ അയക്കണോ എന്നത് തീരുമാനിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കിയേക്കും. ഒരു എസ്.എം.എസിന് 0.20 പൈസയാണ് ചെലവ് വരുന്നത്. സാധാരണ ഇത് ഉപയോക്താക്കളില്‍ നിന്നാണ് ഈടാക്കുക. ചില ബാങ്കുകള്‍ ഇത് ഈടാക്കാറുമില്ല. അതേസമയം, ഇ-മെയില്‍ അലേര്‍ട്ടുകള്‍ സൗജന്യമാണ്. ഇത്തരമൊരു സൗകര്യം വന്നാല്‍ ഉപയോക്താക്കള്‍ ബുദ്ധിപൂര്‍വമായൊരു തീരുമാനമെടുക്കുമെന്നാണ് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine