പ്രായം പ്രശ്‌നമല്ല, എല്ലാവര്‍ക്കും ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം; പക്ഷെ പ്രീമിയം കൂടും

കാന്‍സര്‍, എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്കും 36 മാസത്തിനു ശേഷം കവറേജ്
പ്രായം പ്രശ്‌നമല്ല, എല്ലാവര്‍ക്കും ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം; പക്ഷെ പ്രീമിയം കൂടും
Published on

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (IRDAI). പോളിസി എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 65 വയസ് ആയിരിക്കണമെന്ന മാനദണ്ഡം നീക്കി. ഇനി എല്ലാ പ്രായക്കാര്‍ക്കും പോളിസി എടുക്കാം. നിലവിലെ നിയമ പ്രകാരം 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി.

പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കാനും ഉയരുന്ന മെഡിക്കല്‍ ചെലവുകളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് പരിരക്ഷ ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.ആര്‍.ഡി.എ.ഐ നിയോഗിച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ വിജ്ഞാപനം.

ഗുരുതര രോഗങ്ങള്‍ക്കും കവറേജ്

കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ ഗുരുതര അസുഖങ്ങള്‍ക്കും 36 മാസം തുടർച്ചയായി പോളിസിയില്‍ തുടര്‍ന്നാൽ കവറേജ് ഉറപ്പാക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. അതായത് പ്രൊപ്പോസല്‍ ഫോമില്‍ ഗുരുതര അസുഖങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള പോളിസിയുടമകള്‍ക്ക് 36 മാസത്തിനുശേഷം ഈ രോഗങ്ങൾക്കും കവറേജ് ലഭിക്കും. എന്നാല്‍ ഈ നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് എത്രത്തോളം പ്രായോഗികമായി നടപ്പാക്കാനാകുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്.

 ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

ചെറിയ രോഗങ്ങള്‍ക്ക് ഇത്തരത്തില്‍ കമ്പനികള്‍ കവറേജ് നല്‍കാറുണ്ടെങ്കിലും ഗുരുതര രോഗങ്ങളുണ്ടെന്ന് മുന്‍കൂര്‍ വെളിപ്പെടുന്ന പക്ഷം പോളിസി അനുവദിക്കുന്നത് കമ്പനികള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുന്ന നടപടിയാണ്. പ്രായോഗിക വശം പരിശോധിക്കുമ്പോള്‍ ഇതെത്രത്തോളം നടപ്പാക്കാനാകുമെന്നത് അറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗിന്റെ മാനേജിംഗ് ഡയറക്ടര്‍ വിശ്വനാഥന്‍ ഒഡാട്ട് പറയുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള വെയിറ്റിംഗ് പീരീഡ് 48 മാസത്തില്‍ നിന്ന് 26 മാസമായി ഐ.ആര്‍.ഡി.എ.ഐ കുറച്ചിരുന്നു. ബി.പി, ഡയബറ്റിസ്, തൈറോയിഡ്, മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്ക്ക് തുടര്‍ച്ചയായി 36 മാസം പോളിസിയില്‍ തുടര്‍ന്നാല്‍ കവറേജ് ലഭിക്കും

മറ്റ് നിര്‍ദേശങ്ങള്‍

മുതിര്‍ന്നവര്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭാവസ്ഥയിലുള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് അനുയോജ്യമായ പ്രത്യേക പോളിസികള്‍ അവതരിപ്പിക്കണമെന്നും ഐ.ആര്‍.ഡി.എ.ഐ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

പോളിസിയുടെ അധിക ബാധ്യത ഒഴിവാക്കാനായി കമ്പനികള്‍ ഇന്‍സ്റ്റാള്‍മെന്റ് ആയി പ്രീമിയം അടയ്ക്കാവുന്ന പ്ലാനുകള്‍ അവതരിപ്പിക്കും. കൂടാതെ ഫ്‌ളെക്‌സിബിളായ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി മാത്രമേ ട്രാവല്‍ പോളിസികള്‍ അനുവദിക്കാവൂ എന്നും നിബന്ധനയുണ്ട്.

ആയുര്‍വേദത്തിനും പരിധിയില്ല

ആയുര്‍വേദം, യോഗ ഉള്‍പ്പെടെയുള്ള ആയുഷ് വിഭാഗങ്ങളിലെ ചികിത്സയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളിലായി ഒന്നിലധികം പോളിസികള്‍ ക്ലെയിം ചെയാനാകും. മുതിര്‍ന്ന പൗരന്‍മാരുടെ ഇന്‍ഷുറന്‍സ് പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി പ്രത്യേക വിഭാഗത്തിന് രൂപം കൊടുക്കാനും നിര്‍ദേശമുണ്ട്.

പ്രീമിയം ഉയരും

അറുപതിന് മുകളില്‍ പ്രായമുള്ളവരില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ അമിത പ്രീമിയം ഈടാക്കുന്നതായി നിലവില്‍ ആക്ഷേപമുണ്ട്. പുതിയ നിയമം നടപ്പാക്കുന്നതോടെ ഇതു വീണ്ടും ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 30 വയസുള്ളവരുടെ പ്രീമിയവുമായി നോക്കുമ്പോള്‍ അറുപതു കഴിഞ്ഞവരുടെ പ്രീമിയം ഇരട്ടിയലധികം വരും. പ്രായം ചെല്ലുന്തോറും അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നതാണ് പ്രീമിയം ഉയരാന്‍ കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com