പിടിച്ചു നിര്‍ത്താനാകാതെ എന്‍.പി.എ; അന്തം വിട്ട് പൊതുമേഖലാ ബാങ്കുകള്‍

പിടിച്ചു നിര്‍ത്താനാകാതെ എന്‍.പി.എ; അന്തം വിട്ട് പൊതുമേഖലാ ബാങ്കുകള്‍
Published on

രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകള്‍ക്ക് മാര്‍ച്ച് പാദ ഫലങ്ങള്‍ മികച്ചതായിരുന്നെങ്കിലും മൊത്തത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ കുത്തനെയാണുയര്‍ന്നത്. സ്വകാര്യ ബാങ്കുകളുടെ ഇരട്ടിയിലേറെയാണ് പൊതുമേഖലാ ബാങ്കുകളുടെ എന്‍പിഎ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് പശ്ചാത്തലത്തില്‍ ഈ ദുരവസ്ഥയുടെ ആഴം ഇനിയും വിലയിരുത്താനിരിക്കുന്നതേയുള്ളൂ.

തുടര്‍ച്ചയായി നിരവധി പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ പാദത്തില്‍ പല പൊതുമേഖലാ ബാങ്കുകളും ലാഭത്തിലായിരുന്നു. എങ്കിലും, പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകള്‍  5.47 ലക്ഷം കോടി രൂപയുടെ മൊത്തം എന്‍പിഎ ആണ് രേഖപ്പെടുത്തിയത്. 19 സ്വകാര്യ ബാങ്കുകളുടെ മോശം വായ്പാ കൂമ്പാരത്തിന്റെ ഇരട്ടിയിലധികം വലിപ്പം വരുമിത്. 2.04 ലക്ഷം കോടി രൂപയാണ് അവരുടെ മൊത്തം എന്‍പിഎ.  ഈ കാലയളവില്‍ മറ്റ് ബാങ്കുകളുമായി ലയിപ്പിച്ച ആറ് പൊതുമേഖലാ ബാങ്കുകളുടെ പാദ വര്‍ഷ ഫലങ്ങള്‍ പരസ്യമാക്കിയിട്ടില്ലാത്തതിനാല്‍  മോശം ആസ്തികളുടെ യഥാര്‍ത്ഥ മൂല്യം വളരെ ഉയര്‍ന്നതായിരിക്കും.

കോവിഡിന്റെ വ്യാപനവും അനുബന്ധ ലോക്ഡൗണുകളും ബാങ്കുകളുടെ പുസ്തകങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചതിനാല്‍ ഇനിയും എന്‍പിഎ ഉയരുമെന്ന കാര്യത്തില്‍ വിദഗധര്‍ക്ക് ഏകാഭിപ്രായമാണുള്ളത്.കോര്‍പ്പറേറ്റ്, കോര്‍പ്പറേറ്റ് ഇതര വിഭാഗങ്ങളില്‍ നിന്ന് ഇത്തവണ സമ്മര്‍ദ്ദത്തിന്റെ പുതിയ ചക്രം വരാമെന്ന് ഇന്ത്യാ റേറ്റിംഗ്‌സ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക് എന്‍പിഎകളില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് രേഖപ്പെടുത്തി. ചില സ്വകാര്യ ബാങ്കുകളുടെ കാര്യവും വ്യത്യസ്തമല്ല. സിറ്റി യൂണിയന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ഡിസിബി ബാങ്ക് എന്നിവയുടെ മൊത്തം എന്‍പിഎകള്‍ 2019 ഡിസംബറിനും 2020 മാര്‍ച്ചിനുമിടയില്‍ 14-20 ശതമാനം വരെ വര്‍ദ്ധിച്ചു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ മൊത്തം എന്‍പിഎ  12.4 ശതമാനം ഉയര്‍ന്നു.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കിട്ടാക്കടം ഉയരുന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ഭദ്രത ഉറപ്പാക്കുന്നതിന് രണ്ടു വര്‍ഷം കൊണ്ട് 1.5 ലക്ഷം കോടി മുതല്‍ 3.75 ലക്ഷം കോടി വരെ രൂപ കണ്ടെത്തേണ്ടിവരുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍ ചൂണ്ടി്കകാട്ടിയിരുന്നു.നടപ്പു സാമ്പത്തികവര്‍ഷം ബാങ്കുകള്‍ക്ക് മൂലധനം നല്‍കുന്നതിനായി ബജറ്റില്‍ സര്‍ക്കാര്‍ തുക വകയിരുത്തിയിരുന്നില്ല. ബാങ്കുകള്‍ സ്വയം മൂലധനം കണ്ടെത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ വിഷമത്തിലായിരിക്കുകയാണ്. വിവിധ ബാങ്കുകള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം, അവരുടെ കുടിശ്ശികയുള്ള വായ്പകളില്‍ 25 മുതല്‍ 30 ശതമാനം വരെ മൊറട്ടോറിയത്തിന് കീഴിലാണ്. സെപ്റ്റംബറിന് ശേഷം നിഷ്‌ക്രിയ ആസ്തി നിലവിലെ നിലവാരമായ 10 ലക്ഷം കോടിയില്‍ നിന്ന് ഉയരുമെന്നാണ് കണക്കാക്കുന്നത്.

നിലവിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാരില്‍ നിന്ന് പുതിയ നടപടികളുണ്ടാകുമെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതീക്ഷ. കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് വായ്പാ തിരിച്ചടവില്‍ തുടര്‍ച്ചയായി ആറു മാസത്തെ മൊറട്ടോറിയം വരുന്നത് ബാങ്കുകളുടെ പണലഭ്യത കുറയാനിടയാക്കും. മാത്രമല്ല, വിവിധ മേഖലയിലെ സംരംഭങ്ങള്‍ പ്രതിസന്ധിയിലായതോടെ കിട്ടാക്കടവും ഉയരും. ഇതിനായി കൂടുതല്‍ തുക വകയിരുത്തേണ്ടി വരുന്നതാണ് ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുക.

ഇതു പരിഹരിക്കാന്‍ ബാങ്കിങ് മേഖലയ്ക്ക് രണ്ടു വര്‍ഷത്തിനകം 3.75 ലക്ഷം കോടിയിലധികം രൂപ വേണ്ടിവരുമെന്ന് ഫിച്ച് റേറ്റിങ്സ് ഡയറക്ടര്‍ ശാശ്വതാ ഗുഹ പറയുന്നു. കിട്ടാക്കടത്തില്‍ രണ്ടു മുതല്‍ ആറു ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും ഇവര്‍ വിലയിരുത്തുന്നു. അതേസമയം, ക്രെഡിറ്റ് സൂസിന്റെ മുന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് മൂലധനമായി കണ്ടെത്തേണ്ടിവരിക ഒന്നര ലക്ഷം കോടി രൂപയാണ്. ഇതില്‍ 98,000 കോടി രൂപയും പൊതുമേഖലാ ബാങ്കുകളുടേതായിരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂന്നു ലക്ഷം കോടിയിലധികം രൂപയാണ് മൂലധനമായി സര്‍ക്കാര്‍ നല്‍കിയത്.

അതേസമയം കിട്ടാക്കടം വര്‍ദ്ധിച്ചതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് ധനമന്ത്രാലയം 1.5 ട്രില്യണ്‍ രൂപ നല്‍കേണ്ടിവരുമെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കിട്ടാക്കടം മൊത്തം ആസ്തിയുടെ 18-20 ശതമാനമായി ഉയരുമെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക വീണ്ടെടുക്കലിന് വളരെയധികം സമയമെടുക്കുമെന്നാണ് ആഗോള റേറ്റിംഗ് ഏജന്‍സികള്‍ കണക്കാക്കുന്നത്. അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷവും കോവിഡിനു മുന്‍പുണ്ടായിരുന്ന വളര്‍ച്ച നിരക്കിലേക്ക് ഇന്ത്യ എത്താന്‍ സാധ്യതയില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കിയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വരുമാനം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കുന്നതായും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോര്‍ട്ടില്‍ ക്രിസില്‍ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com