ചെലവ് താങ്ങുന്നില്ല;  അടച്ചുപൂട്ടുന്ന  എടിഎമ്മുകളുടെ എണ്ണം കൂടുന്നു

1987-ൽ എച്ച്എസ്ബിസിയാണ് ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ മുംബൈയിൽ സ്ഥാപിച്ചത്. 1997 ആയപ്പോഴേയ്ക്കും ഇതിന്റെ എണ്ണം 1500 ആയി ഉയർന്നു. എന്നാൽ ചോദിക്കുമ്പോൾ പണം എണ്ണിത്തരുന്ന ഈ മെഷീന് സാധാരണക്കാരുടെ ഇടയിൽ സ്വീകാര്യത ലഭിക്കാൻ വർഷങ്ങൾ വേണ്ടിവന്നു.

ഇപ്പോൾ ഏറെക്കുറെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞപ്പോഴേക്കും അതാ പതുക്കെ പതുക്കെ ഇവ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കർക്കശമായ നിയമങ്ങളും എടിഎം നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് വർധിച്ചതുമാണ് ബാങ്കുകളേയും എടിഎം ഓപ്പറേറ്റർമാരേയും ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

ഇടപാടുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണത്തിൽ എല്ലാവർഷവും കുറവു വരുന്നുണ്ടെന്നാണ് ആർബിഐ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 2018-ൽ 207,052 എടിഎമ്മുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. മാർച്ച് 2019 ആയപ്പോഴേക്കും ഇതിന്റെ എണ്ണം 202,196 ആയി. 4000 ലധികം എടിഎമ്മുകളാണ് ഒരു വർഷം കൊണ്ട് അപ്രത്യക്ഷമായത്.

ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും കുറവ് എടിഎമ്മുകൾ ഉള്ളത് ഇന്ത്യയിലാണ്. 100,000 പേർക്ക് ഒരു എടിഎം വീതമാണ് ഇന്ത്യയിലുള്ളതെന്ന് ഇന്റർനാഷണൽ മോണേറ്ററി ഫണ്ട് ചൂണ്ടിക്കാണിക്കുന്നു.

അടച്ചുപൂട്ടുന്ന എടിഎമ്മുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. സുരക്ഷ ഉറപ്പാക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം സോഫ്റ്റ്‌വെയറും മറ്റ് ഉപകരണങ്ങളും അപ്ഗ്രേഡ് ചെയ്യണമെങ്കിൽ ചെലവ് വളരെക്കൂടുതലാണ്.

എടിഎം നടത്തിപ്പിനായി ഓപ്പറേറ്റർമാർ ഇന്റർ ചേഞ്ച് ഫീ എന്ന പേരിൽ 15 രൂപയാണ് ബാങ്കുകളിൽ നിന്നും ഈടാക്കുന്നത്. എടിഎം നടത്തിപ്പിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ പരിമിതമാണെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇത് കൂട്ടണമെങ്കിൽ ഇൻഡസ്ടറി കമ്മിറ്റിയുടെ അനുമതി വേണം.

മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് വ്യാപകമാകുന്നതോടെ നോട്ട് ഉപയോഗം കുറയുമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മൊബൈൽ ബാങ്കിങ് ഇടപാടുകളിൽ ഉണ്ടായ വർധന 65 മടങ്ങാണ്.

Related Articles
Next Story
Videos
Share it