

ഉപയോക്താക്കള്‍ക്കായി സാമ്പത്തിക സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC). ഇന്ത്യയിലെ ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ഇ-കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ഒ.എന്‍.ഡി.സി.
വിവിധ സാമ്പത്തിക സേവനങ്ങള്‍
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒ.എന്‍.ഡി.സി ഉപയോക്താക്കള്‍ക്ക് വായ്പ, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങൾ, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ അവതരിപ്പിക്കുമെന്ന് നെറ്റ്‌വർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി. കോശി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പ്രതിദിനം ഒരു ലക്ഷം നോണ്‍-മൊബിലിറ്റി ഓര്‍ഡറുകള്‍ നടത്താന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഒ.എന്‍.ഡി.സിയുടെ ഈ നീക്കം. ഒ.എന്‍.ഡി.സി വഴിയുള്ള യാത്രാ സേവനങ്ങള്‍ ഒഴികെയുള്ള ഉത്പന്നങ്ങളാണ് നോണ്‍-മൊബിലിറ്റി ഓര്‍ഡറുകളില്‍ ഉള്‍പ്പെടുന്നത്.
ഒ.എന്‍.ഡി.സി വളരുന്നു
യാത്രകളുമായി ബന്ധപ്പെട്ടുള്ളതാണ് മൊബിലിറ്റി വിഭാഗം. ഈ വിഭാഗത്തില്‍ ഒ.എന്‍.ഡി.സി 'നമ്മ യാത്രി' ആപ്പ് വഴി ബെംഗളൂരുവില്‍ ഓട്ടോറിക്ഷ ബുക്കിംഗ് നടത്തുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്. അടുത്തിടെ ഒരു പ്രമുഖ മള്‍ട്ടിബ്രാന്‍ഡ് സ്മാര്‍ട്ട്ഫോണ്‍ വിതരണക്കാരായ സംഗീത മൊബൈലിനെ ഒ.എന്‍.ഡി.സിയില്‍ ചേര്‍ത്തിരുന്നു. സെപ്റ്റംബറില്‍ ഒ.എന്‍.ഡി.സിയില്‍ നിന്നും ആദ്യ കയറ്റുമതി നടത്താനും പദ്ധതിയിടുന്നുണ്ടെന്ന് ടി. കോശി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine