

പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ പൊറിഞ്ചുവെളിയത്തിന്റെ പേര് ദുരുപയോഗം ചെയ്ത്‌കൊണ്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു. പൊറിഞ്ചു വെളിയത്തിന്റെ ഫോട്ടോയും എ ഐ ജനറേറ്റഡ് വീഡിയോകളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ വഴി പരസ്യം നല്‍കിയാണ് പണം തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആപ്പുകള്‍ വഴി നിക്ഷേപകരെ വഞ്ചിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2023 ഡിസംബര്‍ മുതല്‍ തന്നെ സെബിക്കും സെബര്‍ സെല്ലിനും പോലീസിനും പരാതി നല്‍കുകയും വിഷയത്തിലേക്ക് പൊതുശ്രദ്ധ ക്ഷണിക്കാന്‍ പത്രമാധ്യമങ്ങളില്‍ കൂടിയും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയും അറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും തന്റെ പേരില്‍ സജീവമായി ഇത്തരം വ്യാജ പരസ്യങ്ങളും തട്ടിപ്പുകളും തുടരുന്നതായി പൊറിഞ്ചു വെളിയത്ത് പറഞ്ഞു.
തുടരുന്ന തട്ടിപ്പ് കണക്കിലെടുത്ത് 2024 നവംബറില്‍ വീണ്ടും സൈബര്‍ സെല്ലില്‍ പരാതി നല്‍കി, ശേഷം 2025 ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത് മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയില്‍ ആണെന്ന് കണ്ട് മെറ്റ ഇന്ത്യ മേധാവിക്കും പരാതി നല്‍കി.
നിക്ഷേപത്തിനായി ആരെയും സമീപിക്കാറില്ലെന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴി ഉപദേശങ്ങളോ ടിപ്സോ നല്‍കുന്നില്ലെന്നും എസ്എംഎസുകള്‍ അയക്കാറില്ലെന്നും പൊറിഞ്ചു വെളിയത്തും ഇക്വിറ്റി ഇന്റലിജന്‍സും വ്യക്തമാക്കിയിട്ടുണ്ട്. സെബി അംഗീകൃത പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസ് (ജങട), ഓള്‍ട്ടര്‍നേറ്റീവ് ഫണ്ട് (അകഎ) സേവനങ്ങള്‍ മാത്രമാണ് ഇക്വിറ്റി ഇന്റലിജന്‍സ് നല്‍കുന്നത്.
വ്യാജ ഗ്രൂപ്പുകളില്‍ അംഗമായി തട്ടിപ്പിനിരയാകുന്നതില്‍ ഇക്വിറ്റി ഇന്റലിജന്‍സോ ജീവനക്കാരോ ഉത്തരവാദികളല്ലെന്നും കമ്പനി വ്യക്തമാക്കുന്നു. പൊറിഞ്ചുവെളിയത്തിന്റെയും ഇക്വിറ്റി ഇന്റലിജന്‍സിന്റെയും ഔദ്യോഗിക ഐ.ഡികള്‍ താഴെ.
ഇതിനോടകം ലക്ഷക്കണക്കിന് സാധാരണക്കാരാണ് സോഷ്യല്‍ മീഡിയ വഴി പ്രശസ്തരുടെ പേരു ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെട്ടിട്ടുള്ളത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ടെലികോം മന്ത്രാലയം രാജ്യത്തെ എല്ലാ ഫോണ്‍കോളുകളിലും ജാഗ്രത നിര്‍ദേശം കേള്‍പ്പിക്കണം എന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതില്‍ സൈബര്‍ പോലീസിനും പേര് ദുരുപയോഗം ചെയ്യപ്പെടുന്ന പ്രമുഖര്‍ക്കും പരിമിതികള്‍ ഉണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പ് തടയാന്‍ പരസ്യം വരുന്ന സാമൂഹ്യ മാധ്യമങ്ങള്‍ ഉറവിടത്തില്‍ തന്നെ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കി തടയുക മാത്രമേ നിവൃത്തിയുള്ളൂ. ഏതൊരു നിക്ഷേപത്തിലും അതീവ ജാഗ്രതയോടെ പലകുറി ചിന്തിച്ച് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോണ്‍ നമ്പര്‍/ഇമെയില്‍ ഐഡി എന്നിവയിലൂടെ വിശ്വാസത ഉറപ്പ് വരുത്തി മാത്രം ഏര്‍പ്പെടുക.
(ധനം മാഗസിന്‍ മെയ് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine