ട്രെന്റ് ഒന്ന്: വിദേശത്തേക്ക് പണമൊഴുക്ക് കുറഞ്ഞു, ട്രെന്റ് രണ്ട്: പ്രവാസിയുടെ ഓഹരി നിക്ഷേപം പെരുകുന്നു; കാരണം? വിദേശപഠനം അനാകർഷകം, സ്വദേശത്ത് വീടും റിയൽ എസ്റ്റേറ്റും മടുത്ത് പ്രവാസി

ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന തുകയില്‍ വര്‍ധന
US education
US educationImage courtesy: canva
Published on

വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറയുന്നതിന്റെ സൂചനകള്‍ നല്‍കി, വിദേശത്തേക്ക് ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ തോത് കുറയുന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്ക് അനുസരിച്ച് ഫെബ്രുവരിയില്‍ വിദേശത്തേക്ക് ഒഴുകിയ പണത്തില്‍ ജനുവരിയെ അപേക്ഷിച്ച് 29 ശതമാനം ഇടിവാണുണ്ടായത്. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം 196.4 കോടി ഡോളര്‍ (16,700 കോടി രൂപ)ആണ് വിദേശ രാജ്യങ്ങളിലേക്ക് പോയത്. ജനുവരിയില്‍ ഇത് 276.8 കോടി ഡോളര്‍ (23,528 കോടി രൂപ) ആണ് അയച്ചത്.

പഠനത്തിനുള്ള പണമയക്കല്‍ കുറഞ്ഞു

വിദേശത്തേക്ക് പഠനാവശ്യങ്ങള്‍ക്കായി അയക്കുന്ന പണത്തിന്റെ തോതില്‍ 50.52 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ജനുവരിയില്‍ 36.8 കോടി ഡോളറാണ് അയച്ചതെങ്കില്‍ ഫെബ്രുവരിയില്‍ 18.2 കോടി ഡോളറായാണ് കുറഞ്ഞത്. വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഈ ഇടിവിനുള്ള പ്രധാന കാരണമായി ചുണ്ടാക്കാണിക്കപ്പെടുന്നത്. കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളിലേക്ക് പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനം കുറവു വന്നിരുന്നു. വിദേശത്തേക്കുള്ള യാത്രാ ആവശ്യങ്ങള്‍ക്കുള്ള പണമടക്കല്‍ ഫെബ്രുവരിയില്‍ 33.77 ശതമാനം കുറഞ്ഞു. 164.6 കോടി ഡോളറില്‍ നിന്ന് 109 കോടി ഡോളറായാണ് കുറഞ്ഞത്.

ആഗോള അസ്ഥിരത

ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന അസ്ഥിരതയും പണമൊഴുക്കു കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ട്രാവല്‍ വ്യവസായ മേഖലയില്‍ ഈ വര്‍ഷം വലിയ ഇടിവുണ്ടായിട്ടുണ്ട്. ആഗോള തലത്തിലെ അസ്ഥിരതകള്‍ ആളുകളെ യാത്രാ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.

നിക്ഷേപങ്ങളില്‍ വളര്‍ച്ച

അതേസമയം, ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കപ്പെടുന്ന തുകയില്‍ ഫെബ്രുവരിയില്‍ വര്‍ധനയുണ്ടായി. 17.3 കോടി ഡോളറാണ് ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടത്. ജനുവരിയില്‍ ഇത് 10.4 കോടി ഡോളറായിരുന്നു.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വിദേശത്തേക്ക് പണമയക്കുന്നതിന് ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണ്. വിദേശ ടൂറിസം, വിദ്യാഭ്യാസം, എയര്‍ലൈന്‍ തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കുന്നതിനാണ് പദ്ധതി തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഒരു വര്‍ഷം 2.5 ലക്ഷം ഡോളര്‍ വരെ സ്വതന്ത്രമായി പണമയക്കാന്‍ അനുമതിയുണ്ട്.

വിദ്യാഭ്യാസം, വിദേശത്ത് സ്വത്തു വാങ്ങല്‍, ചികില്‍സ, വിദേശ ഓഹരികളിലെ നിക്ഷേപം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇത് അനുവദനീയമാണ്. ഈ ഇടപാടുകളില്‍ നികുതി പരിധി ഏഴു ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ റീഫണ്ട് ക്ലെയിം ചെയ്യാന്‍ കഴിയുന്നതിനാല്‍ അധിക നികുതി ബാധ്യത വരുന്നില്ല.

2024 മാര്‍ച്ചില്‍ ഈ സ്‌കീമില്‍ വിദേശത്തേക്ക് അയച്ചത് 31.73 ബില്യണ്‍ ഡോളര്‍ ആണ്. ഇതില്‍ 50 ശതമാനവും യാത്രാ ആവശ്യങ്ങള്‍ക്കുള്ളതായിരുന്നു. ഒക്ടോബര്‍ 1 മുതല്‍ വിദേശ ടൂര്‍ പാക്കേജിനുള്ള ഉറവിട നികുതി 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കുന്നതിന് ഈ നികുതി ഈടാക്കുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com