

ഇന്ത്യയില്‍ നിന്നും വിദേശത്തെത്തിയവര്‍ക്ക് ഇനി മുതല്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിച്ച് വിദേശ വ്യാപാരികള്‍ക്ക് പണം നല്‍കാം. ഇതോടെ ഉപയോക്താക്കള്‍ക്ക് അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഇന്ത്യയിലെ ബാങ്കില്‍ നിന്ന് വിദേശ കറന്‍സിയില്‍ നേരിട്ട് പണമടയ്ക്കാന്‍ കഴിയും. ഇനി യുഎഇ, സിംഗപ്പൂര്‍, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഇത്തരം ഫോണ്‍പേ ഇടപാടുകള്‍ നടത്താം. ഈ സേവനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സാമ്പത്തിക സാങ്കേതിക ആപ്പാണിതെന്ന് ഫോണ്‍പേയെന്ന് കമ്പനി അറിയിച്ചു.
നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒരു വിദേശ കറന്‍സിയോ, ക്രെഡിറ്റ് കാർഡോ അല്ലെങ്കില്‍ ഫോറെക്സ് കാർഡോ ഉപയോഗിച്ച് മാത്രമേ അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങളില്‍ പണമടയ്ക്കാന്‍ സാധിക്കൂ. ഫോണ്‍പേ ഉണ്ടെങ്കില്‍ ഇനി ഇതൊന്നും വേണ്ടിവരില്ല. വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ വിദേശത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പണമടയ്ക്കുന്ന രീതിയെ പൂര്‍ണ്ണമായും ഇത് മാറ്റുമെന്ന് ഫോണ്‍പേയുടെ ചീഫ് ടെക്‌നോളജി ഓഫീസറും സഹസ്ഥാപകനുമായ രാഹുല്‍ ചാരി പറഞ്ഞു.
കൂടുതൽ രാജ്യങ്ങളിലേക്ക്
ഉപഭോക്താക്കള്‍ക്ക് അവരുടെ യുപിഐ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് അന്താരാഷ്ട്ര യാത്രയ്ക്ക് മുമ്പായി ഫോണ്‍പേ ആപ്പ് വഴി സജീവമാക്കാം. ഇത് സജീവമാക്കുന്നതിന് ഉപഭോക്താവ് അവരുടെ യുപിഐ പിന്‍ നല്‍കേണ്ടതുണ്ട്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡുമായി സഹകരിച്ച് കൂടുതല്‍ രാജ്യങ്ങളിലേക്ക് യുപിഐ ഇന്റര്‍നാഷണല്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine