

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം/ജി.എന്‍.പി.എ) നടപ്പുവര്‍ഷം (2022-23) ഏപ്രില്‍-ഡിസംബറില്‍ 2017-18 മാര്‍ച്ചിലെ 14.6 ശതമാനത്തില്‍ നിന്ന് 5.53 ശതമാനമായി താഴ്ന്നു. ബാങ്കുകളുടെ ധനകാര്യസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാരെടുത്ത വിവിധ നടപടിക്രമങ്ങളും ലയനങ്ങളുമാണ് ഇതിന് സഹായിച്ചതെന്ന് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കെ. കരാഡ് പാര്‍ലമെന്റില്‍ പറഞ്ഞു.
കിട്ടാക്കട നിയന്ത്രണത്തില്‍ പിന്നാക്കംപോയ ബാങ്കുകളെ നേര്‍പാതയില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കെടുത്ത പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (പി.സി.എ) നടപടികളും ഗുണംചെയ്‌തെന്ന് മന്ത്രി വ്യക്തമാക്കി.
ലാഭം മേലോട്ട്
2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി കുറിച്ചത് 66,543 കോടി രൂപയുടെ ലാഭമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ തന്നെ ലാഭം 70,167 കോടി രൂപയായി. ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം (സി.എ.ആര്‍) 2015 മാര്‍ച്ചിലെ 11.5 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 14.5 ശതമാനമായും മെച്ചപ്പെട്ടു.
പൊതുമേഖലാ ബാങ്കുകളുടെ മൊത്തം വിപണിമൂല്യം ഡിസംബര്‍ പ്രകാരം 10.63 ലക്ഷം കോടി രൂപയാണ്. 2018 മാര്‍ച്ചില്‍ ഇത് 4.52 ലക്ഷം കോടി രൂപയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine