

പൊതുമേഖലാ ബാങ്കുകളിലെ ഉന്നതസ്ഥാനത്തേക്ക് സ്വകാര്യ മേഖലയിലെ പ്രൊഫഷണലുകളെയും പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ മാനേജിംഗ് ഡയറക്ടര്‍ (എം.ഡി) സ്ഥാനത്തേക്കുള്‍പ്പെടെയാണ് സ്വകാര്യ ഉദ്യോഗസ്ഥരെ പരിഗണിക്കുന്നത്. ഇതാദ്യമായാണ് പൊതുമേഖലാ ബാങ്കിംഗ് മേഖലയില്‍ ഇത്തരത്തിലുള്ള മാറ്റം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം നടന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണിത്.
എം.ഡി, സി.ഇ.ഒ, ഓള്‍ ടൈം ഡയറക്ടര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് സ്വകാര്യ മേഖലയിലുള്ളവരെ പരിഗണിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സുതാര്യത, മത്സരക്ഷമത, യോഗ്യത അനുസരിച്ചുള്ള നിയമനം എന്നിവ ഉയര്‍ത്താനാണ് നീക്കമെന്നാണ് വിശദീകരണം. ബാങ്കിംഗ് മേഖലയിലേക്ക് കഴിവും യോഗ്യതയുമുള്ള ഉദ്യോഗസ്ഥരെ എത്തിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ബാങ്കുകള്‍ക്ക് പുറമെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിലെ നിയമനത്തിലും ഇത് നടപ്പിലാക്കും.
സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ ആയാലും കൃത്യമായ യോഗ്യതയുണ്ടെങ്കില്‍ എസ്.ബി.ഐയില്‍ എം.ഡിയാകാം. 21 വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ഇതില്‍ പതിനഞ്ച് വര്‍ഷം ബാങ്കിംഗ് മേഖലയിലാകണം. രണ്ട് വര്‍ഷം ഏതെങ്കിലും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലും മൂന്ന് വര്‍ഷം ബോര്‍ഡിന് താഴെയുള്ള ഉന്നത പദവിയിലും പ്രവര്‍ത്തിച്ചിരിക്കണമെന്നുമാണ് വ്യവസ്ഥ. സ്വകാര്യ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ എച്ച്.ആര്‍ ഏജന്‍സികളുടെ സഹായവും ബന്ധപ്പെട്ടവര്‍ക്ക് തേടാവുന്നതാണ്.
കുറച്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ ലയന നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൂന്നോ നാലോ ചെറു പൊതുമേഖലാ ബാങ്കുകളെ വലുതില്‍ ലയിപ്പിക്കാനാണ് ആദ്യ ഘട്ടത്തില്‍ ആലോചിക്കുന്നത്. ആഗോളതലത്തിലെ ടോപ്പ് 20 ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടെണ്ണമെങ്കിലും കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതി. വമ്പന്‍ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഇന്ത്യന്‍ ബാങ്കുകളെ പ്രാപ്തമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ബാങ്കിംഗ് അടക്കമുള്ള നിര്‍ണായക മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറക്കുന്നതിന് കൂടിയാണ് ബാങ്ക് ലയനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവയിലേക്ക് ചെറു ബാങ്കുകളെ ലയിപ്പിക്കാനാണ് സാധ്യത. ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കാകും ലയിപ്പിക്കുക. കാനറ ബാങ്കിലേക്ക് യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെയും ലയിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
2017ല്‍ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളാണ് ഉണ്ടായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.റ്റി) അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും 2017ല്‍ എസ്.ബി.ഐയില്‍ ലയിപ്പിച്ചു. 2019ല്‍ വീണ്ടും ലയനം നടത്തി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി കുറച്ചു. ഇത് മൂന്നെണ്ണമാക്കി കുറക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
Read DhanamOnline in English
Subscribe to Dhanam Magazine