പൊതുമേഖല ബാങ്കുകളില്‍ കാലിയായി കിടക്കുന്നത് 33,000 സീറ്റുകള്‍; വരുമാനം വാരിക്കൂട്ടുമ്പോഴും ജീവനക്കാര്‍ക്ക് അമിതഭാരം

ജൂണ്‍ 31 വരെയുള്ള കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകളില്‍ 7.58 ലക്ഷം ജീവനക്കാരാണുള്ളത്. ആകെ വേണ്ട ജീവനക്കാരുടെ എണ്ണം 7.91 ലക്ഷമാണ്. ആകെ വേണ്ടുന്നതിന്റെ 95.9 ശതമാനം ജീവനക്കാരാണ് ഇപ്പോഴുള്ളത്
പൊതുമേഖല ബാങ്കുകളില്‍ കാലിയായി കിടക്കുന്നത് 33,000 സീറ്റുകള്‍; വരുമാനം വാരിക്കൂട്ടുമ്പോഴും ജീവനക്കാര്‍ക്ക് അമിതഭാരം
Published on

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ വലിയ വളര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. ബാങ്കുകള്‍ തമ്മിലുള്ള ലയനവും ചെലവുചുരുക്കലും വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ലാഭവും കുതിച്ചുയര്‍ന്നിരുന്നു. മികച്ച പ്രകടനം നടത്തുമ്പോഴും രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റിലും വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ പൊതുമേഖല ബാങ്കുകളിലുമായി 33,000ത്തോളം ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനുണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ എഴുതി നല്കിയ മറുപടിയില്‍ വെളിപ്പെടുത്തി. ഓഫീസേഴ്‌സ്, ക്ലര്‍ക്ക്, മറ്റ് ജീവനക്കാര്‍ എന്നിവരുടേതായി 32,567 ജീവനക്കാര്‍ കുറവുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇതില്‍ 17,500 ഒഴിവുകള്‍ ഓഫീസര്‍മാരുടേതാണ്. 12,861 ക്ലാര്‍ക്കുമാര്‍ 2,206 മറ്റ് സ്റ്റാഫുകള്‍ എന്നിവരുടെ ഒഴിവുകളും നികത്താനുണ്ട്.

ഈ വര്‍ഷം പുതുതായി 48,570 പേരെ നിയമിക്കാനുള്ള പ്രക്രിയ നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുതുതായി 1.49 ലക്ഷം ജീവനക്കാരെ പൊതുമേഖല ബാങ്കുകള്‍ നിയമിച്ചതായും പങ്കജ് ചൗധരി പറഞ്ഞു.

ജീവനക്കാര്‍ക്ക് അമിത ഭാരം

ജൂണ്‍ 31 വരെയുള്ള കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകളില്‍ 7.58 ലക്ഷം ജീവനക്കാരാണുള്ളത്. ആകെ വേണ്ട ജീവനക്കാരുടെ എണ്ണം 7.91 ലക്ഷമാണ്. ആകെ വേണ്ടുന്നതിന്റെ 95.9 ശതമാനം ജീവനക്കാരാണ് പൊതുമേഖല ബാങ്കുകളില്‍ ഇപ്പോഴുള്ളത്. 4.1 ശതമാനം ജീവനക്കാരുടെ അഭാവം ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ലെങ്കിലും ജീവനക്കാരുടെ അധ്വാനം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകുമെന്നാണ് സര്‍ക്കാര്‍ വാദം.

2020 മുതല്‍ ആവശ്യമായ ജീവനക്കാരുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ടെക്‌നോളജിയെ കൂടുതല്‍ ആശ്രയിക്കുന്നതും ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് കൂടുതല്‍ ജനകീയമായതും ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലു പൊതുമേഖല ബാങ്കുകള്‍ മാത്രമാണ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര (16 ശതമാനം), പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് (15 ശതമാനം), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (രണ്ട് ശതമാനം), പഞ്ചാബ് നാഷണല്‍ ബാങ്ക് (ഒരു ശതമാനം) എന്നിങ്ങനെയാണ് ഈ കണക്ക്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജീവനക്കാരുടെ എണ്ണത്തില്‍ 11 ശതമാനം കുറവാണ് അഞ്ചുവര്‍ഷത്തിനിടെ സംഭവിച്ചത്.

അതേസമയം, ഈ ബാങ്കുകളില്‍ 1.01 ലക്ഷം പേര്‍ പുറംകരാറിലൂടെ ജോലി ചെയ്യുന്നുണ്ട്. ക്ലീനിംഗ്, സെക്യൂരിറ്റി, മറ്റ് അനുബന്ധ മേഖലയിലാണ് ഇത്രയും പേര്‍ പണിയെടുക്കുന്നത്.

Public sector banks in India face 33,000 vacancies despite growth, increasing workload for existing staff

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com