

ചെറുകിട, ഇടത്തര സംരംഭങ്ങളുടെ വികസനത്തിന് പഞ്ചാബ് നാഷണല്‍ ബാങ്ക് വലിയ പരിഗണനയാണ് നല്‍കുന്നതെന്ന് എം.ഡിയും സി.ഇ.ഒ യുമായ അശോക് ചന്ദ്ര പറഞ്ഞു. കേരളത്തില്‍ ബാങ്കിന് നിലവില്‍ 25,000 കോടി രൂപയുടെ ബിസിനസ് ആണ് ഉളളത്. ദേശീയ ശരാശരിയേക്കാള്‍ മികച്ച വളര്‍ച്ചയാണ് കേരളത്തില്‍ ബാങ്ക് പ്രകടിപ്പിക്കുന്നത്. ദേശീയതലത്തില്‍ 11-12 ശതമാനമാണ് വളര്‍ച്ചയെങ്കില്‍, സംസ്ഥാനത്ത് ഇത് 14 ശതമാനമാണ്. കേരളത്തില്‍ നിലവില്‍ 195 ബ്രാഞ്ചുകളാണ് ബാങ്കിനുളളത്. ഉടന്‍ തന്നെ 9 ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കാനുളള തയാറെടുപ്പുകളിലാണ് ബാങ്ക്.
എം.എസ്.എം.ഇ കള്‍ക്ക് 25 ലക്ഷം രൂപ വരെ ലോണുകള്‍ വളരെ വേഗത്തില്‍ ഡിജിറ്റലായി ലഭിക്കുന്നതിനുളള സംവിധാനങ്ങളാണ് ബാങ്ക് പ്രാവര്‍ത്തികമാക്കുന്നത്. ബാങ്കില്‍ അക്കൗണ്ട് ഉളളവര്‍ക്ക് 30-35 മിനിറ്റിനുളളില്‍ ഈടുകളൊന്നും ഇല്ലാതെ ചെറുകിട സംരംഭങ്ങള്‍ക്കായി ബാങ്ക് വായ്പകള്‍ നല്‍കുന്നു. വായ്പ എടുക്കുന്നവരുടെ അക്കൗണ്ട് ഇടപാട് വിവരങ്ങള്‍ പരിശോധിച്ച ശേഷം അപാകതകള്‍ ഇല്ലെന്ന ഉറപ്പു വരുത്തിയ ശേഷമായിരിക്കും തുക അനുവദിക്കുക. എം.എസ്.എം.ഇ വിഭാഗത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ഡിജിറ്റലായി ബാങ്കിന്റെ സേവനങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നതില്‍ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. 2047 ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മെയ്ക്ക് ഇന്ത്യ പദ്ധതികള്‍ക്ക് ഊര്‍ജം പകരുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാങ്ക് മുന്‍തൂക്കം നല്‍കുന്നത്.
അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പരിഗണനകളാണ് നല്‍കുന്നത്. ഡിസംബര്‍ പാദത്തിലെ ഫലങ്ങള്‍ ബാങ്ക് ഉടന്‍ പുറത്തുവിടും. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും വളര്‍ച്ചയിലും മികച്ച മുന്നേറ്റം ഡിസംബര്‍ പാദ ഫലങ്ങളില്‍ കാണാനാകും.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹർമീൻപ്രീത് കൗറിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത് ബാങ്ക് വനിതകള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. ബാങ്കിലെ 20 മുതല്‍ 30 ശതമാനം വരെ ജീവനക്കാര്‍ വനിതകളാണ്. സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ബാങ്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 2026-27 സാമ്പത്തിക വര്‍ഷം 3,000 ത്തോളം ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജി.ഡി.പി ഒന്നാം പാദത്തില്‍ നിന്ന് മൂന്നാം പാദത്തിലേക്ക് എത്തിയപ്പോള്‍ മികച്ച വളര്‍ച്ചയാണ് പ്രകടിപ്പിച്ചത്. ജി.എസ്.ടി പരിഷ്കാരങ്ങള്‍ അടക്കമുളള പ്രവര്‍ത്തനങ്ങള്‍ ജി.ഡി.പി യില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ സഹായിച്ചതായും അശോക് ചന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം പാലാരിവട്ടത്ത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഫീസേഴ്സ് റെസിഡന്‍ഷ്യല്‍ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതിനാണ് അശോക് ചന്ദ്ര കേരളത്തിലെത്തിയത്. ചെന്നൈ സോനല്‍ ഹെഡ് പി. മഹീന്ദറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine