അയല്‍ക്കാരനെ നോക്കി നിക്ഷേപിക്കരുത്, ഭക്ഷണമേശയിലും പണത്തെക്കുറിച്ച് ചര്‍ച്ച വേണം; ഇന്ത്യയില്‍ വരാനിരിക്കുന്നത് നിക്ഷേപ വിപ്ലവം: ധനം ബിഎഫ്എസ്‌ഐ സമിറ്റില്‍ രാധിക ഗുപ്ത

മറ്റുള്ളവരുടെ നേട്ടങ്ങള്‍ നോക്കിയല്ല നിക്ഷേപിക്കേണ്ടത്; കുടുംബത്തിലെ ഭക്ഷണമേശകളിലും പണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകണം
ധനം ബിസിനസ് മീഡിയ ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്തയും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. രഞ്ജിത്ത് ആര്‍.ജിയുമായി നടന്ന ഫയര്‍ചാറ്റ് സെഷന്‍.
ധനം ബിസിനസ് മീഡിയ ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്തയും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. രഞ്ജിത്ത് ആര്‍.ജിയുമായി നടന്ന ഫയര്‍ചാറ്റ് സെഷന്‍.
Published on: 

ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രംഗത്ത് വന്‍ വളര്‍ച്ചയാണ് വരാനിരിക്കുന്നതെന്നും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) വഴിയുള്ള പ്രതിമാസ നിക്ഷേപം അധികം വൈകാതെ ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നും എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്ത. കൊച്ചിയില്‍ ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംസാരിക്കുകയായിരുന്നു രാധിക ഗുപ്ത. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. രഞ്ജിത്ത് ആര്‍.ജിയുമായി നടത്തിയ ഫയര്‍ചാറ്റ് സെഷനില്‍ രാജ്യത്ത് ജനങ്ങളുടെ സമ്പാദ്യശീലങ്ങളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അവര്‍ മനസുതുറന്നു.

താന്‍ 2017ല്‍ മ്യൂച്വല്‍ ഫണ്ട് രംഗത്തേക്ക് കടന്നുവരുമ്പോള്‍ പ്രതിമാസ എസ്‌ഐപി നിക്ഷേപം 3,500 മുതല്‍ 4,000 കോടി രൂപ വരെയായിരുന്നു. ഏറ്റവും വലിയ ശുഭാപ്തിവിശ്വാസികള്‍ പോലും അന്ന് പ്രതിമാസ നിക്ഷേപം 30,000 കോടി രൂപയിലെത്തുമെന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ സമ്പാദ്യ, നിക്ഷേപ ശീലങ്ങളില്‍ വലിയ മാറ്റമാണ് സംഭവിച്ചതെന്നും രാധിക ഗുപ്ത ചൂണ്ടിക്കാട്ടി.

ഇനിയും വളരാന്‍ ഏറെ ഇടം

ഒരു പതിറ്റാണ്ട് മുമ്പ് വിമാനത്താവളത്തില്‍ വെച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ സിഇഒ ആണെന്ന് പരിചയപ്പെടുത്തിയാല്‍ ബാങ്കിലാണോ ജോലി ചെയ്യുന്നതെന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ ഇന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും തങ്ങളുടെ എസ്‌ഐപി നിക്ഷേപം പ്രതീക്ഷിച്ച നേട്ടം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന സ്ഥിതിയുണ്ട്.

വലിയ വളര്‍ച്ച കൈവരിച്ചിട്ടും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 18 ശതമാനത്തോളമാണ് മ്യൂച്വല്‍ ഫണ്ട് ആസ്തി. ആഗോള ശരാശരിയാകട്ടെ 80 ശതമാനമാണ്. രാജ്യത്തെ ധനകാര്യ സേവന മേഖലയ്ക്ക് മുന്നില്‍ വലിയ വളര്‍ച്ചാ സാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടുന്നതെന്നും അവര്‍ പറഞ്ഞു.

നെറ്റ്ഫ്ളിക്സിന് പണം നല്‍കുന്ന 40 കോടി പേര്‍

ഇന്ത്യയില്‍ ഏകദേശം 40 കോടി ആളുകള്‍ വിവിധ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ വരിക്കാരാണ്. പ്രതിമാസം 100 രൂപയോളം ഇതിനായി ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്ക് എസ്‌ഐപി നിക്ഷേപവും ആരംഭിക്കാനാകും. എന്നാല്‍ രാജ്യത്ത് നിലവില്‍ ആറ് കോടിയോളം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ മാത്രമാണുള്ളത്.

ഷാര്‍ക്ക് ടാങ്ക് ഇന്ത്യയുടെ സെറ്റില്‍ നടത്തിയ ഒരു ചെറിയ സര്‍വേയുടെ അനുഭവവും രാധിക പങ്കുവെച്ചു. അവിടെയുണ്ടായിരുന്ന മുന്നൂറോളം പേരില്‍ 80 ശതമാനം പേര്‍ക്കും എസ്‌ഐപിയെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ എസ്‌ഐപി നിക്ഷേപം നടത്തിയിട്ടുള്ളവര്‍ വെറും 20 ശതമാനമായിരുന്നു. നിക്ഷേപത്തെക്കുറിച്ചുള്ള അറിവ് പ്രായോഗികതലത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്.

അയല്‍ക്കാരനെ നോക്കി നിക്ഷേപിക്കരുത്

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ഇന്ത്യക്കാരുടെ പൊതുവായ ശീലം നിക്ഷേപ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. മറ്റൊരാള്‍ ക്രിപ്റ്റോകറന്‍സിയില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കിയെന്നത് അതില്‍ നിക്ഷേപിക്കാനുള്ള കാരണമാകരുത്. സ്വന്തം സാമ്പത്തിക സ്ഥിതിയും ജീവിതലക്ഷ്യങ്ങളും കുടുംബത്തിന്റെ ആവശ്യങ്ങളും പരിഗണിച്ചാകണം നിക്ഷേപ തീരുമാനങ്ങള്‍.

മറ്റൊരാളുടെ നിക്ഷേപത്തിന് 17 ശതമാനം നേട്ടം ലഭിച്ചപ്പോള്‍ തനിക്ക് 16 ശതമാനം മാത്രമേ കിട്ടിയുള്ളൂവെന്ന് പരിതപിക്കുന്നതിലല്ല കാര്യം. സമ്പാദിച്ച പണം ഉപയോഗിച്ച് കൂടുതല്‍ സന്തോഷകരവും മാന്യവുമായ ജീവിതം നയിക്കാന്‍ കഴിയുന്നതിലാണ് വ്യക്തിഗത ധനകാര്യത്തിന്റെ വിജയമെന്നും രാധിക പറഞ്ഞു.

കുടുംബത്തിലെ ഒരാളില്‍ മാത്രം ഒതുങ്ങേണ്ടതല്ല സാമ്പത്തിക ആസൂത്രണം. സ്ത്രീകളെയും അനുയോജ്യമായ പ്രായത്തില്‍ കുട്ടികളെയും ഇതിന്റെ ഭാഗമാക്കണം. ഭക്ഷണമേശയ്ക്ക് ചുറ്റുമിരുന്ന് കുടുംബാംഗങ്ങള്‍ പണത്തെക്കുറിച്ച് തുറന്നുപറയുന്ന ശീലം വളര്‍ത്തിയെടുക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

നിക്ഷേപ തീരുമാനങ്ങള്‍ എഐയ്ക്ക് വിടാമോ?

മ്യൂച്വല്‍ ഫണ്ട് മേഖലയിലും നിര്‍മിത ബുദ്ധി വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒ എന്ന നിലയില്‍ തന്റെ ജോലിസമയത്തിന്റെ 20-25 ശതമാനം എഐ ആപ്ലിക്കേഷനുകള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്ന് രാധിക വെളിപ്പെടുത്തി.

15 വര്‍ഷം മുമ്പ് ഫണ്ട് മാനേജര്‍മാര്‍ പ്രധാനമായും നൂറോളം കമ്പനികളെയാണ് നിക്ഷേപത്തിനായി വിലയിരുത്തിയിരുന്നത്. ഇന്നത് 700-800 കമ്പനികളായി ഉയര്‍ന്നു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ നിക്ഷേപയോഗ്യമായ കമ്പനികളുടെ എണ്ണം 1,500 മുതല്‍ 2,000 വരെയായി ഉയരാം.

ഇത്രയധികം കമ്പനികളെ വിശകലനം ചെയ്യുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും എഐ സഹായകരമാകും. എന്നാല്‍ അന്തിമ നിക്ഷേപ തീരുമാനം ഫണ്ട് മാനേജര്‍മാരുടേത് തന്നെയായിരിക്കണം. സാമ്പത്തിക സാക്ഷരത നേടാന്‍ എഐ മികച്ച ഉപകരണമാണെങ്കിലും വ്യക്തിഗത സാഹചര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കാതെയുള്ള നിക്ഷേപ നിര്‍ദേശങ്ങള്‍ അത്ര ഫലപ്രദമാകണമെന്നില്ല.

75ാം വയസിലും റിസ്‌കെടുക്കുന്ന അച്ഛന്‍

പ്രായം മാത്രം നോക്കി ഒരാളുടെ നിക്ഷേപ റിസ്‌ക് നിര്‍ണയിക്കാനാകില്ലെന്ന് വ്യക്തമാക്കാന്‍ സ്വന്തം പിതാവിന്റെ ഉദാഹരണവും രാധിക പങ്കുവെച്ചു. 75 വയസുള്ള അദ്ദേഹം ചെറിയ കമ്പനികളുടെ ഓഹരികളില്‍ പോലും നിക്ഷേപിക്കുന്ന വ്യക്തിയാണ്. പെന്‍ഷന്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, സ്വന്തമായി വീട് തുടങ്ങിയ സാമ്പത്തിക സുരക്ഷിതത്വമുള്ളതിനാലാണ് അദ്ദേഹത്തിന് അതിന് കഴിയുന്നത്.

പ്രായം മാത്രം പരിഗണിച്ചാല്‍ സ്ഥിരനിക്ഷേപം തെരഞ്ഞെടുക്കാനായിരിക്കും എഐ നിര്‍ദേശിക്കുക. എന്നാല്‍ നിക്ഷേപകന്റെ യഥാര്‍ഥ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കി ഉപദേശം നല്‍കാന്‍ സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്ക് കഴിയും. എഐയെ തങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുള്ള ഉപകരണമായി ഉപദേഷ്ടാക്കള്‍ പ്രയോജനപ്പെടുത്തണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു. സദസിന്റെ ചോദ്യങ്ങള്‍ക്കും രാധിക ഗുപ്ത മറുപടി നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```