സം-പത്ത് കാലത്ത് തൈ പത്തു വെച്ചാല്‍... പത്താം വയസില്‍ തുടങ്ങാം ബാങ്ക് അക്കൗണ്ട്, ഇന്റര്‍നെറ്റ് ബാങ്കിംഗ് അടക്കം ഇടപാട് സ്വന്തം നിലക്ക് നടത്താം; കുട്ടികള്‍ക്ക് അക്കൗണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

എടിഎം, ഡെബിറ്റ് കാർഡുകൾ, ചെക്ക് ബുക്കുകൾ തുടങ്ങിയ സേവനങ്ങളും ഇവര്‍ക്ക് പ്രയോജനപ്പെടുത്താം
bank account, minors
Image courtesy: Canva
Published on

പ്രായപൂർത്തിയാകാത്തവർക്കും ഇനി ബാങ്കുകളില്‍ അക്കൗണ്ടുകൾ സ്വന്തമായി തുറക്കാനും കൈകാര്യം ചെയ്യാനും ആര്‍.ബി.ഐ അനുമതി നൽകി. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കാണ് സേവിംഗ്സ് അല്ലെങ്കിൽ ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ സ്വന്തമായി തുറക്കാനാകുക.

ബാങ്കുകള്‍ അതിന്റെ റിസ്ക് മാനേജ്മെന്റ് നയത്തിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ അനുസരിച്ചാണ് ഇത്തരത്തില്‍ അക്കൗണ്ടുകൾ ആരംഭിക്കാന്‍ സാധിക്കുക. ഈ നിബന്ധനകൾ അക്കൗണ്ട് ഉടമയെ ബാങ്ക് അറിയിക്കേണ്ടതുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാർഡുകൾ, ചെക്ക് ബുക്കുകൾ തുടങ്ങിയ സേവനങ്ങളും ഇവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

എന്നാല്‍ ഈ അക്കൗണ്ടുകളിൽ ഓവർഡ്രോ ചെയ്യാൻ അനുവദിക്കുന്നില്ല. അവ എല്ലായ്പ്പോഴും ക്രെഡിറ്റ് ബാലൻസിൽ തന്നെ തുടരുമെന്നും ബാങ്കുകൾ ഉറപ്പാക്കും.

പ്രായപൂർത്തിയാകാത്തവരുടെ നിക്ഷേപ അക്കൗണ്ടുകൾ തുറക്കുന്നതിന് മുമ്പായി ബാങ്കുകൾ ഉപയോക്താക്കളെക്കുറിച്ചുളള സമഗ്ര വിവരങ്ങള്‍ അറിയുന്നതാണ്. കൂടാതെ ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച് തുടർച്ചയായ ജാഗ്രതയും ബാങ്കുകള്‍ പാലിക്കണമെന്നും ആർ‌ബി‌ഐ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവര്‍ക്ക് 18 വയസ്സ് തികയുമ്പോൾ, അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിന് ബാങ്കുകൾ അപ്ഡേറ്റ് ചെയ്ത നിർദ്ദേശങ്ങള്‍ അക്കൗണ്ട് ഉടമയെ അറിയിച്ച ശേഷം സമ്മത പത്രത്തില്‍ വ്യക്തിയുടെ ഒപ്പ് തേടുന്നതാണ്.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ നയങ്ങൾ രൂപീകരിക്കാനോ നിലവിലുള്ള നയങ്ങൾ ഭേദഗതി ചെയ്യാനോ ജൂലൈ 1 വരെ ബാങ്കുകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, അവരുടെ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ പേരില്‍ അക്കൗണ്ടുകൾ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com