കേന്ദ്രത്തിന് അപ്രതീക്ഷിത ബമ്പര്‍! വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

മുന്‍ സാമ്പത്തിക വര്‍ഷം നല്‍കിയ തുകയുടെ ഇരട്ടിയിലധികം
കേന്ദ്രത്തിന് അപ്രതീക്ഷിത ബമ്പര്‍!  വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്
Published on

കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കില്‍ നിന്ന് വമ്പന്‍ ഡിവിഡന്‍ഡ് പ്രഖ്യാപനം. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ ബാങ്ക് തീരുമാനിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ലാഭവിഹിതമായി ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ പോക്കറ്റില്‍ വീഴുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ 608-ാമത് മീറ്റിംഗിലാണ് തീരുമാനം.

2022-23ല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ച ലാഭവിഹിതം 87,416 കോടി രൂപയാണ്. 2023-24ല്‍ ഒരു ലക്ഷം കോടി രൂപ മുതല്‍ 1.2 ലക്ഷം കോടി രൂപവരെയായിരിക്കും ലാഭവിഹിതമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പ്രതീക്ഷകളെയെല്ലാം മറികന്ന് രണ്ടിരട്ടിയോളം തുകയാണ് കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി കൈമാറാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

ആശ്വാസ നീക്കം

അടിയന്തരാവശ്യങ്ങളുണ്ടായാല്‍ നേരിടാനായി 6.50 ശതമാനം തുക കരുതല്‍ ശേഖരമായി (Contingency Risk Buffer/CRB) നിലനിര്‍ത്തിയ ശേഷം ബാക്കിത്തുകയാണ് സര്‍ക്കാരിന് നല്‍കുന്നത്. 2022-23ല്‍ 87,416 കോടി രൂപയാണ് ലാഭവിഹിതമായി കൈമാറിയത്. 2021-22ല്‍ വരുമാനം കുറഞ്ഞ് നിന്നതിനെ തുടര്‍ന്ന് 30,307 കോടി രൂപയാണ് നല്‍കിയത്. 2021-22ല്‍ 99,112 രൂപയും 2018-19ല്‍ 1.76 ലക്ഷം രൂപയും കേന്ദ്രത്തിന് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നു.

കാലാവധി പൂര്‍ത്തിയാകും മുമ്പേ ചില കടപ്പത്രങ്ങള്‍ (Premature pay back) തിരികെ വാങ്ങി (bond buyback) നിക്ഷേപകര്‍ക്ക് 60,000 കോടി രൂപ മടക്കിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വമ്പന്‍ ലാഭവിഹിതം കിട്ടുകയെന്നത് കേന്ദ്രത്തിന് വലിയ ആശ്വാസമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയര്‍ന്ന നിരക്കിലുള്ള അടിസ്ഥാന പലിശ നിരക്കുകളും ഉയര്‍ന്ന വിദേശ നാണയ നിരക്കുകളും മികച്ച വരുമാനം നേടാന്‍ റിസര്‍വ് ബാങ്കിന് സഹായകമായിട്ടുണ്ട്. ഇതാണ് കേന്ദ്രത്തിന് കൂടുതല്‍ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്കിനെ പ്രാപ്തമാക്കിയത്. റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ നിന്ന് ചെലവ് കിഴിച്ചുള്ള ബാക്കിത്തുക അഥവാ സര്‍പ്ലസ് വരുമാനമാണ് കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്.

ബാങ്കുകളുടെ വകയും

കേന്ദ്രസര്‍ക്കാരിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ബമ്പര്‍ ലാഭവിഹിതമാണ് പ്രതീക്ഷിക്കുന്നത്. 2022-23നെ അപേക്ഷിച്ച് 30 ശതമാനം വര്‍ധന ലാഭവിഹിതത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു. 2022-23ല്‍ 13,804 കോടി രൂപയായിരുന്നു പൊതുമേഖല ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ച ലാഭവിഹിതം. 2023-24ല്‍ ഇത് 18,000 കോടി രൂപ കടന്നേക്കുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com