ധനലക്ഷ്മി ബാങ്കിന് പുതിയ എം.ഡി വരുന്നൂ, അനുമതി നല്‍കി റിസര്‍വ് ബാങ്ക്

നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരി ഉടമകളുടെയും അംഗീകാരം വേണം, ഉണർവില്ലാതെ ഓഹരിവില
RBI logo, Dhanlaxmi Bank Logo
Image : RBI and Dhanlaxmi Bank
Published on

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ (Dhanlaxmi Bank) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി (MD&CEO) കെ.കെ. അജിത് കുമാറിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. ജനുവരി 29ന് വിരമിച്ച ജെ.കെ. ശിവന്റെ പിന്‍ഗാമിയായാണ് അജിത് കുമാര്‍ എത്തുന്നത്. വിരമിച്ചെങ്കിലും പിന്‍ഗാമി എത്തുംവരെ തത്സ്ഥാനത്ത് തുടരുകയായിരുന്നു ജെ.കെ. ശിവന്‍.

ഫെഡറല്‍ ബാങ്കിന്റെ പ്രസിഡന്റും ചീഫ് എച്ച്.ആര്‍ ഓഫീസറുമായ കെ.കെ. അജിത് കുമാര്‍, ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈറ്റ് കണ്‍ട്രി ഹെഡ്ഡും സി.ഇ.ഒയുമായ മാധവ് നായര്‍ എന്നിവരുള്‍പ്പെടെയുള്ള അഞ്ച് പേരുടെ ചുരുക്കപ്പട്ടിക എം.ഡി ആന്‍ഡ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കാനായി ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് കെ.കെ. അജിത് കുമാറിനെ റിസര്‍വ് ബാങ്ക് തിരഞ്ഞെടുത്തത്.

അതേസമയം, അജിത് കുമാറിന്റെ നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ ചേര്‍ന്ന് അനുമതി നല്‍കും. തുടര്‍ന്ന്, ഓഹരി ഉടമകളുടെ അനുമതിയും തേടും. ഇത് നിയമപ്രകാരമുള്ള നടപടിക്രമങ്ങളാണ്.

ഫെഡറല്‍ ബാങ്കില്‍ നിന്ന് ധനലക്ഷ്മി ബാങ്കിലേക്ക്

ബാങ്കിംഗ് രംഗത്ത് 36 വര്‍ഷത്തെ പരിചയസമ്പത്തുള്ള കെ.കെ. അജിത് കുമാര്‍ ഫെഡറല്‍ ബാങ്കില്‍ വായ്പ, എച്ച്.ആര്‍., ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡറല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസ് ഡയറക്ടറുമാണ്.

എച്ച്.ആര്‍ രംഗത്തെ മികവിന് സ്വര്‍ണ മെഡല്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുമുണ്ട് അദ്ദേഹം. ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ധനലക്ഷ്മി ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒയായി കെ.കെ. അജിത് കുമാറിന്റെ നിയമനമെന്ന് ബാങ്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി.

സുനില്‍ ഗുര്‍ബക്‌സാനിയും കെ.എന്‍. മധുസൂദനനും

2020ല്‍ ധനലക്ഷ്മി ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒയായി റിസര്‍വ് ബാങ്ക് സുനില്‍ ഗുര്‍ബക്‌സാനിയെ നിയോഗിച്ചിരുന്നു. എന്നാല്‍, ഓഹരി ഉടമകളുടെ പൊതുയോഗം വോട്ടിനിട്ട് അദ്ദേഹത്തിന്റെ നിയമനത്തെ എതിര്‍ത്തു. 2020 സെപ്റ്റംബര്‍ 30നായിരുന്നു അത്.

തുടര്‍ന്നായിരുന്നു ജെ.കെ. ശിവന്റെ കടന്നുവരവ്. എസ്.ബി.ഐയില്‍ മൂന്നരപ്പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിന് ശേഷമാണ് ശിവന്‍ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തെത്തിയത്.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

കഴിഞ്ഞ സെപ്റ്റംബറില്‍ ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാനായി കെ.എന്‍. മധുസൂദനനും ചുമതലയേറ്റിയിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്കിന് ചെയര്‍മാനെ ലഭിച്ചതെന്നതും പ്രത്യേകതയായിരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സഹോദരനാണ് കെ.എന്‍. മധുസൂദനന്‍.

ഇടക്കാല ചെയര്‍മാനായിരുന്ന ജി. സുബ്രഹ്‌മണ്യ അയ്യര്‍ 2021 ഡിസംബറില്‍ രാജിവച്ചശേഷം ബാങ്കിന്റെ ചെയര്‍മാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. സ്വതന്ത്ര ഡയറക്ടറായിരുന്ന ജി. രാജഗോപാലന്‍ നായരെ ഇടക്കാല ചെയര്‍മാനായി നിയമിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തെങ്കിലും റിസര്‍വ് ബാങ്ക് തള്ളിയിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തനക്കണക്കും ഓഹരിയും

ധനലക്ഷ്മി ബാങ്കിന്റെ നാലാംപാദ (ജനുവരി-മാര്‍ച്ച്) പ്രവര്‍ത്തനഫലം പുറത്തുവിടാനിരിക്കുന്നേയുള്ളൂ. മൂന്നാംപാദത്തില്‍ 3.05 കോടി രൂപയായിരുന്നു ലാഭം. തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തിലെ 21.73 കോടി രൂപയെ അപേക്ഷിച്ച് കുറഞ്ഞു.

അതേസമയം, നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതിന് മുന്നോടിയായി ബാങ്ക് വെളിപ്പെടുത്തിയ പ്രാഥമിക കണക്കുകള്‍ ആശാവഹമാണ്. മൊത്തം ബിസിനസ് 6.30 ശതമാനം കുതിച്ച് 24,668 കോടി രൂപയിലെത്തിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നു.

മൊത്തം നിക്ഷേപങ്ങളിലും വായ്പകളിലും കാസ നിക്ഷേപങ്ങളിലും വളര്‍ച്ചയുണ്ട്. കാസ റേഷ്യോ പക്ഷേ, 30.7 ശതമാനമായി കുറഞ്ഞു. സ്വര്‍ണ വായ്പകള്‍ 24.85 ശതമാനം ഉയര്‍ന്നത് ബാങ്കിന് നേട്ടമാണ്. മൊത്തം വായ്പകളുടെ 27.3 ശതമാനവും സ്വര്‍ണപ്പണയ വായ്പകളാണ്.

പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒയുടെ നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ച പശ്ചാത്തലത്തിലും ധനലക്ഷ്മി ബാങ്കിന്റെ ഓഹരികളില്‍ ഇന്ന് ഉണര്‍വില്ല. ഓഹരി വിപണി നേരിടുന്ന പൊതുവേയുള്ള വില്‍പനസമ്മര്‍ദ്ദം ബാങ്കിന്റെ ഓഹരികളെയും സ്വാധീനിച്ചിട്ടുണ്ട്. നിലവില്‍ 0.46 ശതമാനം താഴ്ന്ന് 43.45 രൂപയിലാണ് ബാങ്കിന്റെ ഓഹരിവിലയുള്ളത്.

1,061 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണ് ധനലക്ഷ്മി ബാങ്ക്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ബാങ്കിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് 162.61 ശതമാനം നേട്ടം (Return) നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷം മുമ്പ് 7.60 രൂപവരെ താഴ്ന്ന ഓഹരിവില ഒരുവേള 56.40 രൂപവരെ ഉയരുകയും ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com