എം.ഡി ശ്യാം ശ്രീനിവാസിന് ഒരു വര്‍ഷം കൂടി നല്‍കണമെന്ന് ഫെഡറല്‍ ബാങ്ക്: അപ്രതീക്ഷിത മറുപടിയുമായി ആര്‍.ബി.ഐ

ശ്യാം ശ്രീനിവാസിന്റെ കാലാവധി ഈ വര്‍ഷം സെപ്തംബര്‍ 22ന് അവസാനിക്കും
എം.ഡി ശ്യാം ശ്രീനിവാസിന് ഒരു വര്‍ഷം കൂടി നല്‍കണമെന്ന് ഫെഡറല്‍ ബാങ്ക്: അപ്രതീക്ഷിത മറുപടിയുമായി ആര്‍.ബി.ഐ
Published on

ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള അപേക്ഷയില്‍ അപ്രതീക്ഷിത മറുപടിയുമായി ആര്‍.ബി.ഐ.  കുറഞ്ഞത് മറ്റു രണ്ട് പുതിയ പേരുകള്‍ കൂടിചേര്‍ത്ത് ഒരു പാനല്‍ സമര്‍പ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

ഈ വര്‍ഷം സെപ്തംബര്‍ 22നാണ് ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നത്. ഇത് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനായി 2023 ഒക്ടോബറില്‍ ബാങ്കിന്റെ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിരുന്നു.

റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു ബാങ്കിന്റെ മേധാവിയായി പ്രവര്‍ത്തിക്കാനുള്ള പരമാവധി കാലാവധി 15 വര്‍ഷമാണ്. ഫെഡറല്‍ ബാങ്ക് എം.ഡിയായി 2010ല്‍ ചുമതലയേറ്റ ശ്യാം ശ്രീനിവാസന്‍ വരുന്ന സെപ്റ്റംബറില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കും. കാലാവധി നീട്ടി നല്‍കിയാല്‍ ഒരു വര്‍ഷം കൂടി മാത്രമാണ് അദ്ദേഹത്തിന് തുടരാനാകുക. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാല നിയമനം കൂടി പരിഗണിക്കാവുന്ന പേരുകള്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതെന്ന് ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക വക്താവ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു.

ശ്യാം ശ്രീനിവാസന്റെ പേരിനൊപ്പം രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ശുപാര്‍ശ അധികം വൈകാതെ ഫെഡറല്‍ ബാങ്ക് റിസര്‍വ് ബാങ്കിന് നല്‍കും. നിലവില്‍ മറ്റ് പേരുകള്‍ ഇതിനായി കണ്ടെത്തിയിട്ടില്ലെന്നും നടപടികളാരംഭിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

മാനേജിംഗ് ഡയറക്ടറായി നീണ്ടകാലം

ബഹുരാഷ്ട്ര ബാങ്കുകളിലെ രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പരിചയവുമായി 2010 സെപ്തംബര്‍ 23നാണ് ഫെഡറല്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് ശ്യാം ശ്രീനിവാസനെത്തുന്നത്. ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി ഹോര്‍മിസിന് ശേഷം ബാങ്കിന്റെ സാരഥ്യത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടരുന്ന മാനേജിംഗ് ഡയറക്ടറാണ് ശ്യാം ശ്രീനിവാസന്‍. ഇന്ത്യന്‍ ബാങ്കിംഗ് രംഗം നിരവധി പ്രതിസന്ധികള്‍ നേരിട്ട കഴിഞ്ഞ ദശകത്തില്‍ ഫെഡറല്‍ ബാങ്കിനെ വളര്‍ച്ചാ പാതയിലൂടെ നയിക്കാന്‍ ശ്യാം ശ്രീനിവാസന് സാധിച്ചു.

മൂന്നാം പാദ റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ (ഒക്ടോബര്‍- ഡിസംബര്‍) പ്രാഥമിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ബാങ്ക് പുറത്തുവിട്ടത്. ബാങ്കിന്റെ ഉഭോക്തൃ നിക്ഷേപം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1.92 ലക്ഷം കോടി രൂപയില്‍ നിന്ന് 18 ശതമാനം മുന്നേറി 2.27 ലക്ഷം കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 2.10 ലക്ഷം കോടി രൂപയില്‍ നിന്ന് 19 ശതമാനം ഉയര്‍ന്ന് 2.39 ലക്ഷം കോടി രൂപയായി. മൊത്തം വായ്പകള്‍ 1.71 ലക്ഷം കോടി രൂപയില്‍ നിന്ന് 2.02 ലക്ഷം കോടി രൂപയിലുമെത്തി. 18 ശതമാനമാണ് വര്‍ധന. ഇതോടെ മൊത്തം ബിസിനസ് 4.42 ലക്ഷം കോടി രൂപയുമായി.

2023 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഫെഡറല്‍ ബാങ്ക് 953.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചതിനു ശേഷമാണ് കാലാവധി നീട്ടാനുള്ള അപേക്ഷയില്‍ റിസര്‍വ് ബാങ്കിന്റെ മറുപടി ഫെഡറല്‍ ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. അതിനാല്‍ തിങ്കളാഴ്ചയാകും വിപണിയിലിതിന്റെ പ്രതിഫലനമുണ്ടാകുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com