

വായ്പാദാതാക്കൾ ഉപയോക്താക്കളിൽ നിന്ന് ഈടായി സ്വീകരിച്ച സ്വർണം വീണ്ടും പണയം വെച്ച് (Repledge) അതിൻ്റെ അടിസ്ഥാനത്തിൽ വായ്പയെടുക്കുന്ന രീതിക്ക് തടയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). പണയ ദല്ലാളന്മാർക്ക് (pawn brokers) ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) നൽകിയിരുന്ന ഇത്തരം വായ്പകൾ അവസാനിപ്പിക്കാൻ ആര്‍.ബി.ഐ അടുത്തിടെ പുറപ്പെടുവിച്ച സ്വർണ്ണ വായ്പാ മാനദണ്ഡങ്ങൾ സംബന്ധിച്ച പുതിയ നിയമങ്ങൾ അവരെ നിർബന്ധിതരാക്കിയിരിക്കുകയാണ്. Reserve Bank of India (Lending Against Gold and Silver Collateral) Directions, 2025 ലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്.
പണയ ദല്ലാളന്മാർ അടക്കമുളള ചില അനൗപചാരിക വായ്പാദാതാക്കൾ ഉപയോക്താക്കളിൽ നിന്ന് സ്വീകരിക്കുന്ന സ്വർണം, വീണ്ടും ബാങ്കുകളിലും എൻബിഎഫ്‌സികളിലും പണയം വെച്ച് വായ്പയെടുക്കുന്ന ഒരു രീതി നിലനിന്നിരുന്നു. ഇത് ഉയർന്ന പലിശയ്ക്ക് പണം കടം കൊടുക്കുന്നതിനും മറ്റ് സാമ്പത്തിക ദുരുപയോഗങ്ങൾക്കും വഴിവെക്കുന്ന നീക്കങ്ങളായിരുന്നു.
പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, അനൗപചാരിക വായ്പാദാതാക്കൾക്ക് തങ്ങൾക്ക് ഈടായി ലഭിച്ച സ്വർണം മറ്റൊരാൾക്ക് വായ്പ നൽകുന്നതിനായി വീണ്ടും പണയം വെക്കാൻ കഴിയില്ല. ഇവര്‍ ഉപയോക്താക്കളില്‍ നിന്ന് കൂടിയ പലിശ നിരക്ക് ഈടാക്കുകയും, അതേ സ്വര്‍ണം റെഗുലേറ്റഡ് സ്ഥാപനങ്ങളില്‍ (ബാങ്കുകളും എൻബിഎഫ്‌സികളും) കുറഞ്ഞ പലിശ നിരക്കില്‍ വീണ്ടും പണയം വെക്കുകയും ചെയ്യുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. മറ്റ് വായ്പാദാതാക്കൾ പണയത്തിനെടുത്ത സ്വർണം ഈടായി സ്വീകരിച്ച് റെഗുലേറ്റഡ് സ്ഥാപനങ്ങള്‍ അവർക്ക് വായ്പ നൽകുന്നത് ആര്‍ബിഐ തടഞ്ഞിരിക്കുകയാണ്.
ഈ മാറ്റം, വായ്പയെടുത്ത സ്വർണത്തിൻ്റെ യഥാർത്ഥ ഉടമകൾക്ക് മാത്രമേ അതിൻ്റെ പേരിൽ വായ്പ ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. നിലവിൽ ഈ രീതിയിൽ നൽകിയിട്ടുള്ള വായ്പകൾ പുതുക്കാനോ തുടരാനോ കഴിയില്ല. ഇത് സ്വർണ വായ്പാ മേഖലയിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരാനും, വായ്പ നൽകുന്നതിലെ ദുരുപയോഗ സാധ്യതകൾ കുറയ്ക്കാനും സഹായിക്കും. വായ്പയുടെ സുസ്ഥിരത ഉറപ്പാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന നടപടിയാണ് ആര്‍.ബി.ഐ യുടേത്.
RBI barred repledging of customer gold by informal lenders to ensure transparency and prevent misuse in the loan system.
Read DhanamOnline in English
Subscribe to Dhanam Magazine