

ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന 'മിസ്-സെല്ലിംഗ്' (Mis-selling) തടയാന്‍ കര്‍ശന നടപടികളുമായി റിസര്‍വ് ബാങ്ക്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും മ്യൂച്വല്‍ ഫണ്ട് ഹൗസുകളില്‍ നിന്നും ബാങ്ക് ജീവനക്കാര്‍ നേരിട്ടോ അല്ലാതെയോ പാരിതോഷികങ്ങളോ ഇന്‍സെന്റീവുകളോ വാങ്ങുന്നത് നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ആര്‍ബിഐ. ബാങ്കുകളുടെ പരസ്യം, മാര്‍ക്കറ്റിംഗ്, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ കരട് മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് (Draft Amendment Directions, 2026) ഈ വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പലപ്പോഴും വായ്പാ ആവശ്യങ്ങള്‍ക്കായും മറ്റും ബാങ്കിലെത്തുന്ന ഉപഭോക്താക്കളോട് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ എടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ട്. ആവശ്യമില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്നവതു വഴി പലര്‍ക്കും നഷ്ടം നേരിടാറുമുണ്ട്. ഇതൊഴിവാക്കാനായാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.
തേര്‍ഡ് പാര്‍ട്ടി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ബാങ്ക് ജീവനക്കാര്‍ക്ക് പുറത്തുനിന്നുള്ള സ്ഥാപനങ്ങള്‍ പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുന്നത് പുതിയ കരട് നിയമത്തില്‍ പൂര്‍ണമായും വിലക്കിയിട്ടുണ്ട്. വില്‍പന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ബാങ്കിനുള്ളിലെ മത്സരങ്ങളും നിയന്ത്രിക്കും.
ലോണ്‍ അനുവദിക്കുന്നതിന് നിബന്ധനയായി ഇന്‍ഷുറന്‍സോ മറ്റ് ഉല്‍പന്നങ്ങളോ നിര്‍ബന്ധപൂര്‍വ്വം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കരുത്. ലോണ്‍ തുക ഉപയോഗിച്ച് ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ ബാങ്കുകള്‍ക്ക് പണം അനുവദിക്കാനാവില്ല.
ഉല്‍പന്നങ്ങള്‍ തെറ്റായ രീതിയില്‍ വിറ്റതാണെന്ന് (Mis-selling) തെളിഞ്ഞാല്‍ ഉപഭോക്താവ് അടച്ച മുഴുവന്‍ തുകയും ബാങ്ക് തിരികെ നല്‍കണം. കൂടാതെ ഉപഭോക്താവിനുണ്ടായ നഷ്ടത്തിന് ബാങ്കിന്റെ പോളിസി പ്രകാരം നഷ്ടപരിഹാരവും നല്‍കേണ്ടി വരും.
ബാങ്ക് പ്രതിനിധികള്‍ക്കോ വില്‍പന ഏജന്റുമാര്‍ക്കോ രാവിലെ 9 മണിക്ക് മുമ്പോ വൈകുന്നേരം 6 മണിക്ക് ശേഷമോ ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാനോ നേരിട്ട് സന്ദര്‍ശിക്കാനോ അനുവാദമില്ല. ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെട്ടാല്‍ മാത്രമേ ഇതില്‍ ഇളവുണ്ടാകൂ.
ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സോഫ്‌റ്റ്വെയര്‍ ഡിസൈനുകള്‍ (Dark Patterns) ഉപയോഗിക്കുന്നത് ആര്‍ബിഐ വിലക്കി. 'ലിമിറ്റഡ് ഓഫര്‍' എന്ന വ്യാജ സന്ദേശം നല്‍കി തിടുക്കപ്പെട്ട് തീരുമാനമെടുപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടും.
ഒരു ഉല്‍പ്പന്നം വിറ്റ് 30 ദിവസത്തിനുള്ളില്‍ ബാങ്ക് ഉപഭോക്താവില്‍ നിന്ന് പ്രതികരണം (Feedback) തേടിയിരിക്കണം. ഉല്‍പന്നത്തിന്റെ പ്രത്യേകതകളും റിസ്‌കും ഉപഭോക്താവ് കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണിത്.
മിസ്-സെല്ലിംഗ് നടന്നാല്‍ ഉല്‍പന്നത്തിന്റെ രേഖകള്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് ബാങ്കിന് പരാതി നല്‍കാം. ബാങ്കുകളില്‍ ജോലി ചെയ്യുന്ന വില്‍പന ഏജന്റുമാര്‍ ബാങ്ക് ജീവനക്കാരല്ലെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പുതിയ നിയമങ്ങള്‍ 2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഈ നിര്‍ദ്ദേശങ്ങളില്‍ മാര്‍ച്ച് 4 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine