പലിശ മാത്രം അടച്ച് സ്വര്‍ണപണയം പുതുക്കാന്‍ പറ്റില്ല, ഈടുവെച്ചത് തിരികെ കൊടുത്തില്ലെങ്കില്‍ പ്രതിദിനം ₹5,000 പിഴ, ചട്ടങ്ങള്‍ കര്‍ശനമാക്കി ആര്‍.ബി.ഐ

ഈ രംഗത്തെ സുതാര്യത വര്‍ധിപ്പിക്കാനും ഇടപാടുകാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും തിരിച്ചടവിലെ അച്ചടക്കം സൂക്ഷിക്കാനുമാണ് ആര്‍.ബി.ഐ നീക്കം
A smiling man and woman standing in front of a modern bank building. The woman is holding a red pouch with gold jewellery, and the man is holding bundles of Indian currency notes, symbolising a gold loan transaction
Published on

സ്വര്‍ണപണയ ചട്ടങ്ങള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക്. ഈ രംഗത്തെ സുതാര്യത വര്‍ധിപ്പിക്കാനും ഇടപാടുകാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും തിരിച്ചടവിലെ അച്ചടക്കം സൂക്ഷിക്കാനുമാണ് ആര്‍.ബി.ഐ നീക്കം. രണ്ട് ഘട്ടമായാണ് ഇവ നടപ്പിലാക്കുന്നത്. ചിലത് ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്നു. മറ്റ് ചിലത് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിലവില്‍ വരും.

സ്വര്‍ണം വാങ്ങാന്‍ വായ്പയില്ല

ഒക്ടോബര്‍ ഒന്ന് മുതല്‍ സ്വര്‍ണം വാങ്ങുന്നതിന് സ്വര്‍ണവായ്പ ലഭിക്കില്ല. ആഭരണങ്ങള്‍, കോയിന്‍, ഇ.ടി.എഫ് എന്നിവ അടക്കം വാങ്ങുന്നതിന് ഈ ചട്ടം ബാധകമാണ്. കൂടാതെ ശുദ്ധീകരിക്കാത്ത അസംസ്‌കൃത സ്വര്‍ണത്തിനും വെള്ളിക്കും ഇനി വായ്പ ലഭിക്കില്ല. ഇതുമായി ബന്ധപ്പെടുത്തിയ സ്വര്‍ണ ഉത്പന്നങ്ങള്‍ക്കും വായ്പ അനുവദിക്കാന്‍ കഴിയില്ല.

കൂടുതല്‍ വായ്പ

അതേസമയം, സ്വര്‍ണം, വെള്ളി എന്നിവ ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് പ്രവര്‍ത്തന മൂലധനമായി വായ്പ ലഭിക്കും. നേരത്തെ ജുവലറികള്‍ക്ക് മാത്രമായിരുന്നു ഇത്തരത്തില്‍ വായ്പ അനുവദിച്ചിരുന്നത്. സ്വര്‍ണ നിര്‍മാതാക്കള്‍ക്ക് അനുവദിക്കുന്ന ഗോള്‍ഡ് മെറ്റല്‍ ലോണുകള്‍ (GML) 270 ദിവസം വരെയാണ് ലഭിക്കുന്നത്. ചെറുപട്ടണങ്ങളിലെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് സ്വര്‍ണപണയം അനുവദിക്കാനുള്ള അനുമതിയും ആര്‍.ബി.ഐ നല്‍കിയിട്ടുണ്ട്.

അടുത്ത ഘട്ടം ഏപ്രില്‍ ഒന്നിന്

കൂടാതെ അടുത്ത ഘട്ടമായി 2026 ഏപ്രില്‍ ഒന്ന് മുതല്‍ മറ്റ് ചില നിബന്ധനകളും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. സ്വര്‍ണ മൂല്യത്തിന്റെ എത്ര രൂപ വരെ വായ്പ അനുവദിക്കാമെന്ന (loan to value ratio) കാര്യത്തിലാണ് പ്രധാനമാറ്റം. 2.5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കും. 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലാണെങ്കില്‍ മൂല്യത്തിന്റെ 80 ശതമാനം വരെയാണ് വായ്പ കിട്ടുന്നത്. ഇതിന് മുകളിലാണെങ്കില്‍ 75 ശതമാനം വരെയും അനുവദിക്കാം. മുന്‍ദിവസത്തെ സ്വര്‍ണവിലയോ മുപ്പത് ദിവസത്തെ ശരാശരിയോ അടിസ്ഥാനമാക്കി വേണം മൂല്യം നിശ്ചയിക്കാന്‍. പലിശ മാത്രം അടച്ച് വായ്പ പുതുക്കി വക്കാനും ഇനി കഴിയില്ല. അതായത് 12 മാസം കഴിഞ്ഞാല്‍ പലിശയും മുതലും മുഴുവനായും തിരിച്ചടക്കേണ്ടി വരും.

വീഴ്ച വരുത്തിയാല്‍ പിഴ

പണയത്തുക തിരിച്ചടച്ചാല്‍ അന്നേ ദിവസമോ ഏഴ് പ്രവര്‍ത്തി ദിവസത്തിനുള്ളിലോ പണയം വെച്ച സ്വര്‍ണം തിരികെ നല്‍കണമെന്നും ചട്ടങ്ങള്‍ പറയുന്നു. ഇതില്‍ വീഴ്ച്ച വരുത്തുന്ന ബാങ്കുകള്‍ പ്രതിദിനം 5,000 രൂപ വീതം പിഴ നല്‍കേണ്ടി വരും. തിരിച്ചടവ് മുടങ്ങിയാല്‍ സ്വര്‍ണം ലേലം ചെയ്യുന്നതിന് മുമ്പ് ഉപയോക്താവിനെ ചട്ടപ്രകാരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലും റിസര്‍വ് തുകയായി നിലനിറുത്തണം. വിജയകരമല്ലാത്ത രണ്ട് ലേലങ്ങള്‍ക്ക് ശേഷം ഇത് 85 ശതമാനമാക്കാം. ലേലം ചെയ്ത് കിട്ടുന്ന തുകയില്‍ വായ്പാതിരിച്ചടവിന് ശേഷം ബാക്കിവരുന്നത് ഏഴ് ദിവസത്തിനുള്ളില്‍ ഉപയോക്താവിന് മടക്കി നല്‍കുകയും വേണം.

സുതാര്യത വേണം

വായ്പാ നിബന്ധകള്‍, മൂല്യനിര്‍ണയം, തിരിച്ചടവ് വ്യവസ്ഥകള്‍, ലേല നടപടികള്‍ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉപയോക്താവ് ആവശ്യപ്പെടുന്ന ഭാഷയില്‍ ലഭ്യമാക്കണം. വായ്പ എടുക്കുന്നയാളിന് എഴുത്തും വായനയും അറിയില്ലെങ്കില്‍ സ്വതന്ത്രനായ മറ്റൊരാളുടെ സാന്നിധ്യത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ആര്‍.ബി.ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

The RBI has introduced stricter gold loan rules covering repayment, valuation, and auction processes. Here’s what borrowers and lenders need to know about the new guidelines.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com