
ദീർഘകാലമായി നിഷ്‌ക്രിയമായ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുന്നതിനും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതിനും ബാങ്ക് ഉപയോക്താക്കൾക്ക് ഇനി എളുപ്പമാകും. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). മാർഗനിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
എല്ലാ ശാഖകളിലും (ഹോം ബ്രാഞ്ചുകൾ അല്ലാത്തവ ഉൾപ്പെടെ) പ്രവർത്തനരഹിതമായ അക്കൗണ്ടുകളും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളും സജീവമാക്കുന്നതിന് കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ബാങ്ക് ലഭ്യമാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. വീഡിയോ-കസ്റ്റമർ ഐഡന്റിഫിക്കേഷൻ പ്രോസസ് (V-CIP) വഴി ഇത്തരം അക്കൗണ്ടുകളിലും നിക്ഷേപങ്ങളിലും കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാനും ബാങ്ക് ശ്രമിക്കണം. പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിന് ബാങ്കിന്റെ അംഗീകൃത ഉദ്യോഗസ്ഥന്റെ സേവനങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്.
പത്ത് വർഷമോ അതിൽ കൂടുതലോ ഉപയോഗിക്കാത്തതോ പ്രവർത്തിപ്പിക്കാത്തതോ ആയ ബാങ്ക് അക്കൗണ്ടുകളെയാണ് പ്രവർത്തനരഹിതമായി കണക്കാക്കുന്നത്. ഒരു ദശാബ്ദക്കാലമായി ക്ലെയിം ചെയ്യപ്പെടാതെ തുടരുന്ന നിക്ഷേപങ്ങളും ഈ വിഭാഗത്തിൽ പെടുന്നു. ഇത്തരം അക്കൗണ്ടുകളിലെ ബാലൻസ് ആർബിഐ പരിപാലിക്കുന്ന ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് (DEA) ഫണ്ടിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുന്നത്.
പ്രവർത്തനരഹിതമായ അക്കൗണ്ടുകൾക്കും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾക്കും, നോൺ-ഹോം ബ്രാഞ്ചുകൾ ഉൾപ്പെടെ എല്ലാ ബ്രാഞ്ചുകളിലും KYC രേഖകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ബാങ്കുകൾ ഇനി നൽകേണ്ടതാണ്. ഇതുമൂലം ഉപയോക്താക്കൾക്ക് അക്കൗണ്ട് ആദ്യം തുറന്ന ബ്രാഞ്ചിലേക്ക് യാത്ര ചെയ്യേണ്ടതില്ല.
KYC അപ്‌ഡേറ്റുകൾക്കായി വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയ (V-CIP) ഒരുക്കണമെന്ന് ബാങ്കുകളോട് ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും, പ്രവാസി ഇന്ത്യക്കാർക്കും, ഗ്രാമീണ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗപ്രദമാണ്. ഇതുമൂലം സ്വന്തം വീടുകളിൽ ഇരുന്ന് ഉപയോക്താക്കൾക്ക് വീഡിയോ കോൾ വഴി സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.
വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള നിയമങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കർശനമാക്കാനൊരുങ്ങുന്നുണ്ട്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനുമുളള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. വിദേശ നിക്ഷേപങ്ങളിലോ പലിശ ലഭിക്കുന്ന മറ്റ് അക്കൗണ്ടുകളിലോ പണം നിക്ഷേപിക്കുന്നത് തടയുന്നതിന് കൂടിയാണ് ആർബിഐ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത്.
ആര്‍.ബി.ഐ യുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരമാണ് ഇന്ത്യക്കാരുടെ വിദേശ നിക്ഷേപങ്ങള്‍ വരുന്നത്. ഒരു വർഷം 2,50,000 ഡോളർ വരെ ഇത്തരത്തില്‍ അയ്ക്കാവുന്നതാണ്. വിദേശ വിദ്യാഭ്യാസം, യാത്ര, ഓഹരി, ഡെറ്റ് നിക്ഷേപങ്ങൾ, മെഡിക്കൽ ചികിത്സകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇത്തരത്തില്‍ പണം അയയ്ക്കാം.
ഫെബ്രുവരിയിലെ 5.16 കോടി ഡോളറിൽ നിന്ന് മാർച്ചിൽ 17.32 കോടി ഡോളറായി പുറത്തേക്കുള്ള പണമയയ്ക്കല്‍ കുത്തനെ ഉയർന്നു. ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശവും ചട്ടങ്ങൾ ഭേദഗതി ചെയ്യാനുളള നീക്കത്തിനുണ്ട്.
RBI issues new guidelines to reactivate dormant accounts and claim unclaimed deposits via easier KYC and video verification options.
Read DhanamOnline in English
Subscribe to Dhanam Magazine