പ്രതിസന്ധി കാലത്ത് മോദി സര്‍ക്കാരിന് ആര്‍ബിഐ 'ലോട്ടറി'; കാത്തിരിക്കുന്നത് സഹസ്രകോടികള്‍

ഇത്തവണത്തെ വിഹിതം മൂന്നുലക്ഷം കോടി രൂപയ്ക്ക് മുകളിലോ അടുത്തോ ആയേക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
പ്രതിസന്ധി കാലത്ത് മോദി സര്‍ക്കാരിന് ആര്‍ബിഐ 'ലോട്ടറി'; കാത്തിരിക്കുന്നത് സഹസ്രകോടികള്‍
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സാമ്പത്തിക രംഗത്ത് ചെലവുചുരുക്കലിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമ്പോള്‍ അപ്രതീക്ഷിത സമ്മാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഓരോ വര്‍ഷവും ആര്‍ബിഐ കേന്ദ്രത്തിന് നല്കുന്ന ഡിവിഡന്റ് (ലാഭവിഹിതം) ഇത്തവണ റെക്കോഡിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മിഡില്‍ ഇൗസ്റ്റ് പ്രതിസന്ധിയില്‍ വിഷമാവസ്ഥയിലായ മോദി സര്‍ക്കാരിന് ആശ്വാസം പകരാന്‍ റിസര്‍വ് ബാങ്കിന്റെ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) കേന്ദ്രത്തിന് റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ചത് 2.69 ലക്ഷം കോടി രൂപയുടെ ലാഭവഹിതമായിരുന്നു. ഇതു വരെയുള്ള ഉയര്‍ന്ന തുകയാണിത്. തൊട്ടു മുന്‍ സാമ്പത്തികവര്‍ഷം 2.11 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് ഇപ്രകാരം ലഭിച്ചത്.

ഇത്തവണത്തെ വിഹിതം മൂന്നുലക്ഷം കോടി രൂപയ്ക്ക് മുകളിലോ അടുത്തോ ആയേക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം അവസാനം നടക്കുന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും.

സര്‍ക്കാരിന് ആശ്വാസം

ബജറ്റ് രേഖകള്‍ പ്രകാരം 3.16 ലക്ഷം കോടി രൂപയാണ് ആര്‍ബിഐ, ദേശസാത്കൃത ബാങ്കുകള്‍ എന്നിവയില്‍ നിന്നായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ഡിവിഡന്റ്. പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതം പ്രതീക്ഷയ്ക്കപ്പുറത്തേക്ക് കടന്നത് ബജറ്റ് പ്രതീക്ഷകളേക്കാള്‍ ഡിവിഡന്റ് ലഭിക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ആസ്തിയിലും വായ്പാ വിതരണത്തിലും ഉണ്ടായ അനുകൂല പ്രവണത, ഉയര്‍ന്ന വരുമാനം എന്നിവ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിന് കാരണമായി. മൊത്തം പ്രവര്‍ത്തന ലാഭം 3.21 ലക്ഷം കോടി രൂപയിലെത്തി. അതേസമയം മൊത്തം അറ്റാദായം 11.1 ശതമാനം വര്‍ധിച്ച് 1.98 ലക്ഷം കോടി രൂപയായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

ഡോളര്‍ വില്‍പ്പനയിലൂടെയുള്ള ലാഭവും വിദേശ കറന്‍സി ആസ്തികളില്‍ നിന്നുള്ള പലിശ വരുമാനവുമാണ് ആര്‍.ബി.ഐയുടെ കരുത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) കുറയ്ക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കുന്നതിനും ആര്‍ബിഐയുടെ വലിയ ഡിവിഡന്റ് സഹായകമാകും. സര്‍ക്കാരിന്റെ ചെലവിടല്‍ വര്‍ധിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിലെ പണമവിനിമയവും കൂട്ടും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com