ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാല്‍ എന്തുചെയ്യും? ഇനി ബാങ്കുകള്‍ക്കും സമയപരിധി

തട്ടിപ്പ് പണം കൈമാറാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ പുതിയ നടപടിക്രമവുമായി റിസര്‍വ് ബാങ്ക്
bank account fraud
Image courtesy: Canva
Published on: 

യുപിഐ വഴി പണം അയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടപാട് നടക്കുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് സംശയാസ്പദമായ ഇടപാടിന്റെ പേരില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി അറിയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ എന്തുചെയ്യണം, എത്ര ദിവസം കാത്തിരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പലപ്പോഴും വ്യക്തതയുണ്ടാകാറില്ല.

ഈ പ്രശ്നത്തിന് പരിഹാരമൊരുക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നവംബര്‍ 27ന് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളിലൂടെ.

എന്താണ് മണി മ്യൂള്‍ അക്കൗണ്ട്?

സൈബര്‍ തട്ടിപ്പിലൂടെ തട്ടിയെടുക്കുന്ന പണം സ്വീകരിക്കാനും മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് മണി മ്യൂള്‍ (Money Mule) അക്കൗണ്ടുകള്‍ എന്നു വിളിക്കുന്നത്. അക്കൗണ്ട് ഉടമയുടെ അറിവോടെയോ അറിവില്ലാതെയോ ഇത്തരം ഇടപാടുകള്‍ നടന്നേക്കാം.

ഇത്തരം അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് ഏകീകൃത നടപടിക്രമം വേണമെന്ന 2026 ഓഗസ്റ്റ് നാലിലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആര്‍.ബി.ഐ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.2027 ജൂലൈ ഒന്നു മുതല്‍ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണം. അതിനുമുമ്പ് നടപ്പാക്കാനും ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാം

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഉടന്‍ തന്നെ എസ്.എം.എസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ബാങ്ക് ഉപയോക്താവിനെ അറിയിക്കണം. നിയന്ത്രണത്തിനുള്ള കാരണവും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും അറിയിപ്പില്‍ ഉള്‍പ്പെടുത്തണം. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ അറിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അടുത്ത പ്രവൃത്തിദിവസത്തിനകം വിവരം കൈമാറണം.

അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനകം അക്കൗണ്ട് ഉടമയ്ക്ക് ഇടപാടുമായി ബന്ധപ്പെട്ട വിശദീകരണവും തെളിവുകളും ബാങ്കിന് സമര്‍പ്പിക്കാം. തുടര്‍ന്നുള്ള ഏഴ് ദിവസത്തിനകം ബാങ്ക് ഇവ പരിശോധിക്കണം. വിശദീകരണം തൃപ്തികരമാണെങ്കില്‍ നിയന്ത്രണം നീക്കണം. അല്ലാത്തപക്ഷം കാരണങ്ങള്‍ സഹിതം പൊലീസിന് റിപ്പോര്‍ട്ട് നല്‍കണം.

30 ദിവസത്തെ സമയപരിധി

പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയ തീയതി മുതല്‍ 30 ദിവസത്തിനകം അക്കൗണ്ടിന് മേലുള്ള നിയന്ത്രണം തുടരാന്‍ നിയമപരമായ നിര്‍ദേശം ലഭിച്ചില്ലെങ്കില്‍, ബാങ്കിന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ 31-ാം ദിവസം നിയന്ത്രണം നീക്കണം.

അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കുന്ന നടപടി യാന്ത്രികമായി സ്വീകരിക്കരുതെന്നും ഇതിന് ഉന്നതതല അനുമതി വേണമെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഓരോ ബാങ്കും നോഡല്‍ ഓഫീസറെ നിയമിക്കണം. പരാതികള്‍ക്ക് 30 ദിവസത്തിനകം പരിഹാരം കാണണമെന്നും നിര്‍ദേശമുണ്ട്.

അക്കൗണ്ട് മരവിപ്പിച്ചാല്‍ ചെയ്യേണ്ടത്

ബാങ്കുമായി ബന്ധപ്പെട്ട് നിയന്ത്രണത്തിനുള്ള കാരണം മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇടപാടുമായി ബന്ധപ്പെട്ട ഇന്‍വോയ്സുകള്‍, രസീതുകള്‍, ചാറ്റുകള്‍ തുടങ്ങിയ തെളിവുകള്‍ ശേഖരിക്കണം. പുതിയ നടപടിക്രമം പ്രാബല്യത്തിലായാല്‍ ഏഴ് ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണം. പരിഹാരം ലഭിച്ചില്ലെങ്കില്‍ ബാങ്കിന്റെ നോഡല്‍ ഓഫീസറെ സമീപിക്കാം.

സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനൊപ്പം നിരപരാധികളായ അക്കൗണ്ട് ഉടമകള്‍ അനിശ്ചിതകാലത്തേക്ക് സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കാനും പുതിയ നടപടിക്രമം സഹായകമായേക്കും. സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റൊരാളുടെ പണം കൈമാറാനുള്ള മാര്‍ഗമായി മാറുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഉപയോക്താക്കള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```