ബാങ്ക് ഇടപാടുകാര്‍ക്ക് ശുഭവാര്‍ത്ത, സേവനങ്ങളിലെ വീഴ്ചയില്‍ 30 ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കും

പുതിയ നിര്‍ദേശങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
BANK DEPPOSIT
Banking sectorImage Courtesy: Canva
Published on

ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന മോശം സേവനങ്ങള്‍ക്കുള്ള പരാതികള്‍ അതാത് സ്ഥാപനങ്ങള്‍ തന്നെ പരിഹരിച്ച് നല്‍കുന്നില്ലെങ്കില്‍, അതില്‍ തീര്‍പ് കല്‍പിക്കാന്‍ നിലവില്‍ ബാങ്കിങ് ഓംബുഡ്സ്മാന്‍ സംവിധാനമുണ്ട്. പരാതികള്‍ക്ക് പരിഹാരം നല്‍കുക മാത്രമല്ല, സേവന വീഴ്ചയുമായി ബന്ധപ്പെട്ട് ഇടപാടുകാര്‍ക്ക് വന്നിട്ടുള്ള നഷ്ടങ്ങള്‍ക്കായി 20 ലക്ഷം രൂപ വരെ ഓംബുഡ്‌സ്മാന്‍ സംവിധാനത്തിലൂടെ ലഭിക്കും. മാത്രമല്ല, സേവന വീഴ്ച മൂലം ഇടപാടുകാര്‍ക്ക് നേരിട്ടുള്ള മാനസിക വിഷമം, സമയനഷ്ടം, ബുദ്ധിമുട്ടുകള്‍, അലച്ചിലുകള്‍, അസൗകര്യങ്ങള്‍ എന്നിവക്ക് വേറെ 1,00,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കാവുന്നതാണ്.

ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഇറക്കിയ പുതിയ കരട് നിര്‍ദേശങ്ങളില്‍ ഈ തുക യഥാക്രമം 30 ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുമായി ഉയര്‍ത്തിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പലരും പല ആവശ്യങ്ങള്‍ക്കായി ബാങ്കുകളെ നേരിട്ട് സമീപിക്കാറുണ്ട്. സ്വര്‍ണപ്പണയ വായ്പ മുതല്‍ മറ്റ് വായ്പകള്‍ എടുക്കുന്നത് വരെ പലതിനും ബാങ്കുമായി ബന്ധപ്പെടുമ്പോള്‍, ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്. അത് മനസിലാക്കാം.

ആധാരം തിരികെ ലഭിച്ചില്ലെങ്കില്‍

വായ്പ എടുക്കുമ്പോള്‍ സ്ഥലത്തിന്റെയോ, വീടിന്റെയോ ഫ്ളാറ്റിന്റെയോ ആധാരം ഈടായി നല്‍കാറുണ്ട്. വായ്പ തിരിച്ചടച്ച് തീര്‍ക്കുമ്പോള്‍ ഈ രേഖകള്‍ ഇടപാടുകാര്‍ക്ക് തിരിച്ചുനല്‍കുകയും വേണം. വായ്പ അവസാനിപ്പിച്ച് 30 ദിവസത്തിനുള്ളില്‍ ഈട് രേഖകളോ, വസ്തുക്കളോ തിരിച്ച് ലഭിച്ചില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപ വീതം ബാങ്ക് നഷ്ടപരിഹാരം നല്‍കണം. ഏതെങ്കിലും കാരണവശാല്‍ ആധാരമോ മറ്റോ ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ പുതിയ ആധാരം തയാറാക്കി നല്‍കാനുള്ള ഉത്തരവാദിത്തവും ബാങ്കിനാണ്.

അതിനുള്ള ചെലവും ബാങ്ക് തന്നെയാണ് വഹിക്കേണ്ടത്. കാര്യങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം വന്നാല്‍ അത് സംബന്ധിച്ച് ഇടപാടുകാര്‍ക്ക് ഉണ്ടാകുന്ന മാനസിക വിഷമം, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവക്ക് വേറെ നഷ്ടപരിഹാരം നല്‍കേണ്ടതായി വരും.

സ്വര്‍ണത്തിനും നഷ്ടപരിഹാരം

സ്വര്‍ണപ്പണയ വായ്പ അടച്ചുതീര്‍ത്താല്‍, ഉടന്‍ പണയം വെച്ച ആഭരണങ്ങള്‍ ഇടപാടുകാര്‍ക്ക് തിരിച്ചുനല്‍കണം. അതിന് സാധിച്ചില്ലെങ്കില്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ ആഭരണങ്ങള്‍ തിരിച്ചുനല്‍കണം. എന്നിട്ടും നല്‍കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപ വീതം ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.

ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ബാങ്കിന്റെ കൈവശത്തിലിരിക്കെ പണയാഭരണങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം ബാങ്കിനാണ്. അതിനുള്ള ചെലവ് ബാങ്ക് വഹിക്കണം. ബാങ്കില്‍ നിന്ന് പണയം വെച്ച ആഭരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിനുള്ള നഷ്ടപരിഹാരവും ബാങ്ക് നല്‍കണം.

ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടാലോ?

ബാങ്ക് ലോക്കറില്‍ വെച്ച സാധനം തിരിച്ചെടുക്കുമ്പോള്‍ ബാങ്കും ഇടപാടുകാരും തമ്മിലുള്ള കരാറിന്റെ സ്വഭാവം, വീട് വാടകക്ക് നല്‍കുന്നത് പോലെയാണ്. വാടകക്കാരന്‍ വീട്ടില്‍ കൊണ്ടുവന്ന് വെച്ചിട്ടുള്ളത് എന്താണെന്ന് വീട്ടുടമസ്ഥന്‍ നോക്കുന്നില്ല. അതിനാല്‍ വീട്ടില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അതിന് ഉടമസ്ഥന്‍ ഉത്തരവാദിയല്ല. നഷ്ടം വാടകക്കാരന്‍ തന്നെ വഹിക്കണം. അതുപോലെ, ലോക്കറില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തവും നഷ്ടവും ഇടപാടുകാരനാണ്, ബാങ്കിനല്ല. എന്നാല്‍ ലോക്കര്‍ ആവശ്യമായ ഉറപ്പോടെയും സുരക്ഷിതത്വത്തോടെയും സംരക്ഷിക്കേണ്ട ചുമതല ബാങ്കിനുണ്ട്.

ഇക്കാര്യങ്ങളില്‍ ബാങ്കിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതുകൊണ്ടാണ് ലോക്കറില്‍ നിന്ന് വസ്തുക്കള്‍ നഷ്ടപ്പെട്ടതെങ്കില്‍ ആ ഉത്തരവാദിത്തം ബാങ്കിന് തന്നെയാണ്. എന്നാല്‍ പ്രകൃതിക്ഷോഭം മൂലമാണ് (വെള്ളപ്പൊക്കം, ഭൂമികുലുക്കം, കൊടുങ്കാറ്റ് മുതലായവ) ഇത്തരം നഷ്ടം സംഭവിച്ചതെങ്കില്‍ ബാങ്കിന് ഉത്തരവാദിത്തമില്ല. നഷ്ടം സംഭവിച്ചത് തീപിടിത്തം, കളവ്, ജീവനക്കാര്‍ നടത്തുന്ന ക്രമക്കേടുകള്‍ എന്നിവ മൂലമോ, ബാങ്കിന്റെ ഭാഗത്തുണ്ടായ അനാസ്ഥ മൂലമോ ആണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ബാങ്കിനാണ്. അങ്ങനെ വരുന്ന നഷ്ടം ബാങ്ക് നികത്തണം.

എന്നാല്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ വിലയനുസരിച്ചല്ല ഈ നഷ്ടപരിഹാര തുക തീരുമാനിക്കുക. ലോക്കറിനുള്ള വാര്‍ഷിക വാടകയുടെ നൂറ് ഇരട്ടിയാണ് ഇക്കാര്യത്തില്‍ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം. 3,000 രൂപയാണ് ലോക്കറിന്റെ വാര്‍ഷിക വാടകയെങ്കില്‍, ലഭിക്കുന്ന പരമാവധി നഷ്ടപരിഹാര തുക മൂന്ന് ലക്ഷം രൂപയായിരിക്കും. ഇത്തരം അവസരങ്ങളില്‍ ലോക്കറില്‍ വെച്ചിട്ടുള്ള വസ്തുക്കളുടെ മുഴുവന്‍ വിലയും ലഭിക്കണമെങ്കില്‍ അതിന് ഇടപാടുകാര്‍ നേരിട്ട് ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ബാങ്കിന് ഉത്തരവാദിത്തമൊന്നുമില്ല.

(ലേഖകന്‍ ഫെഡറല്‍ ബാങ്കിലെ മുന്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ധനുമാണ് kallarakkalbabu@gmail.com)

ഏപ്രില്‍ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com