പി.ഇ കമ്പനികൾക്ക് ആർബിഐയുടെ കടിഞ്ഞാൺ; എൻ.ബി.എഫ്.സി മേഖലയിൽ വൻ മാറ്റത്തിന് കളമൊരുങ്ങുന്നു; ലയനഭീതിയിൽ ഫിൻടെക്കുകൾ

ആഗോള പി.ഇ സ്ഥാപനത്തിനോ അതിന്റെ അനുബന്ധ കമ്പനികൾക്കോ സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ, അവർ നിയന്ത്രിക്കുന്ന ഒന്നിലധികം വായ്പാ സ്ഥാപനങ്ങളിലേക്ക് അതിന്റെ ആഘാതം പടരാനുള്ള സാധ്യത മുൻനിർത്തിയാണ് ആർബിഐയുടെ നീക്കം
NBFC ownership regulation draft RBI
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ഇന്ത്യയിലെ ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുടെ (NBFC) ഉടമസ്ഥാവകാശ ഘടനയിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പരി​ഗണനയിൽ. ഒരു സ്വകാര്യ മൂലധന നിക്ഷേപ സ്ഥാപനം അഥവാ പ്രൈവറ്റ് ഇക്വിറ്റി (PE) സ്ഥാപനത്തിന് ഒന്നിലധികം എൻബിഎഫ്സികളിൽ നിയന്ത്രണാവകാശം കൈവശം വയ്ക്കുന്നത് തടയാനുള്ള നിർദേശമാണ് ആർബിഐയുടെ പരി​ഗണനയിലുള്ളത്. നിർദേശം നടപ്പായാൽ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം മാത്രമല്ല, ഫിൻടെക് വായ്പാ സ്ഥാപനങ്ങളുടെ വളർച്ചയും ചെറുകിട എൻബിഎഫ്സികളുടെ ഭാവിയേയും അത് ബാധിക്കാമെന്നാണ് വിലയിരുത്തൽ.

ആഗോള പി.ഇ സ്ഥാപനത്തിനോ അതിന്റെ അനുബന്ധ കമ്പനികൾക്കോ സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ, അവർ നിയന്ത്രിക്കുന്ന ഒന്നിലധികം വായ്പാ സ്ഥാപനങ്ങളിലേക്ക് അതിന്റെ ആഘാതം പടരാനുള്ള സാധ്യത മുൻനിർത്തിയാണ് ആർബിഐയുടെ തന്ത്രപരമായ നീക്കം. പൊതുവായ ഫണ്ടിങ്, ഭരണസംവിധാനം, റിസ്ക് മാനേജ്മെന്റ് എന്നിവയിലെ ദൗർബല്യങ്ങൾ വിവിധ സ്ഥാപനങ്ങളിലേക്ക് ഒരേസമയം പടരുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയാകാം എന്നതാണ് ആർബിഐയുടെ മുഖ്യ ആശങ്ക.

ഫിൻടെക് നിക്ഷേപത്തിന് പുതിയ നിയന്ത്രണവഴി?

ഒരു പി.ഇ ഗ്രൂപ്പിന്റെ വ്യത്യസ്ത ഫണ്ടുകളോ അനുബന്ധ സ്ഥാപനങ്ങളോ വഴി ഒന്നിലധികം എൻബിഎഫ്സികളിൽ നിക്ഷേപം നടത്തുന്നത് പുതിയ ചട്ടത്തിന്റെ പരിധിയിൽ വരുമോ എന്നതാണ് ഫിൻടെക് മേഖല ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് ഒന്നിലധികം എൻബിഎഫ്സികളിൽ 20 ശതമാനത്തിലധികം ഓഹരി കൈവശം വയ്ക്കാൻ അനുവദിക്കണമെന്ന് ഇന്ത്യൻ വെഞ്ചർ ആൻഡ് ആൾട്ടർനേറ്റ് ക്യാപിറ്റൽ അസോസിയേഷൻ ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ നിക്ഷേപം വ്യത്യസ്ത സ്ഥാപനങ്ങളിലൂടെയാണെന്നതു കൊണ്ടുമാത്രം നിയന്ത്രണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാകാനാകുമോ എന്നത് വ്യക്തമല്ല. ഓഹരി പങ്കാളിത്തത്തേക്കാൾ ബോർഡ് നിയമനം, വീറ്റോ അധികാരം, മാനേജ്മെന്റ് തീരുമാനങ്ങളിലെ സ്വാധീനം തുടങ്ങിയവയ്ക്കാകും ആർബിഐ നിർണായക പ്രാധാന്യം നൽകാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.

ചെറുകിട എൻബിഎഫ്സികൾ ഇല്ലാതാകുമോ?

ഒന്നിലധികം വായ്പാ സ്ഥാപനങ്ങളിലെ നിയന്ത്രണാവകാശം ഉപേക്ഷിക്കേണ്ടിവന്നാൽ പി.ഇ നിക്ഷേപകർ ചില കമ്പനികൾ വിറ്റഴിക്കുകയോ തമ്മിൽ ലയിപ്പിക്കുകയോ ചെയ്യേണ്ടിവരാം. ഇതോടെ ചെറുകിട എൻബിഎഫ്സികൾ ഏറ്റെടുക്കലിനും പുതിയ ഉടമകളുടെ കീഴിലേക്ക് കൈമാറാനുമുള്ള സാധ്യതയുണ്ട്. അതേസമയം ബാങ്കിങ് ഇതര ധനകാര്യ സേവന മേഖലയിൽ ഇത്തരത്തിലുള്ള ഏകീകരണം (consolidation) ശക്തമാകുന്നത് മൂലധനശേഷിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാം. എന്നാൽ വായ്പാ വിപണിയിലെ മത്സരം കുറയാനും സാധ്യതയുണ്ട്. അതിനാൽ ലയനങ്ങൾ ഉപഭോക്താക്കൾക്കും വിപണിയിലെ വായ്പാ ലഭ്യതയ്ക്കും എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതും കണ്ടറിയേണ്ടതാണ്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്?

ആർബിഐയുടെ പരി​ഗണനയിലുള്ള നിർദേശം ഇപ്പോഴും കരട് തയ്യാറാക്കുന്ന ഘട്ടത്തിലാണ്. പൊതുജന അഭിപ്രായത്തിനായുള്ള കരട് നിർദേശം പുറത്തിറക്കിയശേഷമേ ഈ വിഷയത്തിലുള്ള അന്തിമ ചിത്രം വ്യക്തമാകൂ. എൻബിഎഫ്സികളിലെ നിലവിലുള്ള നിക്ഷേപങ്ങൾക്ക് ഇളവ് അനുവദിക്കുമോ, ഓഹരി വിറ്റഴിക്കാനുള്ള സമയപരിധി എന്തായിരിക്കും, നിയന്ത്രണാവകാശം നിർണയിക്കുന്ന മാനദണ്ഡങ്ങൾ ഏതൊക്കെയാകും, പുതിയ നിക്ഷേപങ്ങൾക്ക് അനുമതി എങ്ങനെ നൽകും തുടങ്ങിയ കാര്യങ്ങളാണ് ഇനി നിക്ഷേപകർ നിരീക്ഷിക്കേണ്ടത്.

15 ശതമാനമോ അതിൽ താഴെയോ ഉള്ള ഓഹരി പങ്കാളിത്തത്തെ സാമ്പത്തിക നിക്ഷേപമായി പരിഗണിക്കാനാണ് നിർദേശമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആർബിഐ പുറത്തിറക്കുന്ന അന്തിമ ചട്ടത്തിൽ എൻബിഎഫ്സി നിയന്ത്രണത്തിന്റെ നിർവചനവും ഭരണാവകാശങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമാകും നിർണായകമാകുക.

The RBI is reportedly considering limits on private equity firms controlling multiple NBFCs, a move that could reshape fintech investments and trigger consolidation in the sector.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```