ഡിജിറ്റല്‍ തട്ടിപ്പില്‍ പണം നഷ്ടമായോ? ₹25,000 വരെ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിഐ; പുതിയ പദ്ധതി വരുന്നു

തട്ടിപ്പ് നടന്ന് 5 ദിവസത്തിനുള്ളില്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലോ ഹെല്‍പ്പ് ലൈനിലോ പരാതി നല്‍കുകയും ബാങ്കിനെ വിവരമറിയിക്കുകയും വേണം
digital payments and cash transactions
canva
Published on

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്ന സാധാരണക്കാരായ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. 50,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഡിജിറ്റല്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പുതിയ ചട്ടക്കൂട് (Framework) ആര്‍ബിഐ അവതരിപ്പിച്ചു.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനുമാണ് ആര്‍ബിഐ ഈ നടപടി സ്വീകരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ധനനയ അവലോകന യോഗത്തിന് ശേഷം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഒറ്റത്തവണ ഓഫര്‍!

തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ വരെ (ഏതാണോ കുറവ് അത്) നഷ്ടപരിഹാരമായി ലഭിക്കും. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ആനുകൂല്യമായിരിക്കും ഇത്. അതായത്, ആദ്യമായി ഇത്തരം തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് മാത്രമാകും ഈ സഹായം ലഭിക്കുക.

അറിയാതെ ഒടിപി (OTP) കൈമാറിയതിലൂടെ പണം നഷ്ടപ്പെട്ടവര്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. തട്ടിപ്പ് നടന്ന് 5 ദിവസത്തിനുള്ളില്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലോ ഹെല്‍പ്പ് ലൈനിലോ (1930) പരാതി നല്‍കുകയും ബാങ്കിനെ വിവരമറിയിക്കുകയും വേണം. 2026 ജൂലൈ 1 മുതലുള്ള ഇടപാടുകള്‍ക്കായിരിക്കും ഈ ആനുകൂല്യം ബാധകമാകുക എന്നാണ് പ്രാഥമിക വിവരം.

ബാങ്കുകള്‍ക്കും ഉത്തരവാദിത്തം

നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ആര്‍ബിഐയുടെ പ്രത്യേക ഫണ്ടില്‍ (DEAF) നിന്നും ബാക്കി ഭാഗം ബാങ്കുകളുമാണ് വഹിക്കുന്നത്. പരാതി ലഭിച്ച് 5 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് തുക കൈമാറണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഒട്ടും വൈകാതെ പരാതിപ്പെടണമെന്നും ആര്‍ബിഐ ഓര്‍മ്മിപ്പിക്കുന്നു.

RBI has proposed a new framework to compensate victims of small digital frauds with up to ₹25,000 to strengthen consumer protection in digital banking.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com