

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക് റിപ്പോ റേറ്റ് 25 ബേസിസ് പോയിന്റ് (0.25%) വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കിയതിന് പിന്നാലെ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ റെപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് (RLLR / RBLR) ഉയര്‍ത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ (BoI), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (IOB), തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എന്നിവയാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഇന്നു (ഒക്ടോബര്‍ 8) മുതല്‍ പ്രാബല്യത്തില്‍ വന്നു.
റിപ്പോ റേറ്റുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വായ്പാ പലിശ നിരക്കുകളിലാണ് (RLLR/RBLR) ബാങ്കുകള്‍ വര്‍ധന വരുത്തിയിരിക്കുന്നത്:
പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് (RLLR) 8.10 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ബാങ്ക് ആര്‍.ബി.എല്‍.ആര്‍ (RBLR) 7.95 ശതമാനത്തില്‍ നിന്ന് 8.20 ശതമാനമായി വര്‍ധിപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ (BoB) ആര്‍.ബി.എല്‍.ആര്‍ 7.90 ശതമാനത്തില്‍ നിന്ന് 8.15 ശതമാനത്തിലേക്ക് ഉയര്‍ത്തി.
ബാങ്ക് ഓഫ് ഇന്ത്യയും (BoI) ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (IOB) വായ്പാ പലിശ നിരക്കുകള്‍ 8.35 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്.
അതേസമയം, ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (MCLR), ബേസ് റേറ്റ് (Base Rate) എന്നിവയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പി.എന്‍.ബി അറിയിച്ചിട്ടുണ്ട്.
ബാങ്കുകള്‍ ആര്‍.എല്‍.എല്‍.ആര്‍ നിരക്കുകള്‍ ഉയര്‍ത്തിയതോടെ ആര്‍.ബി.ഐയുടെ റിപ്പോ റേറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഹോം ലോണ്‍, കാര്‍ ലോണ്‍, വ്യക്തിഗത വായ്പകള്‍ എന്നിവയുടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ (EMI) വര്‍ധനയുണ്ടാകും.
പലിശ നിരക്ക് വര്‍ധിക്കുന്നതോടെ ബാങ്കുകള്‍ സാധാരണയായി രണ്ട് രീതികളാണ് സ്വീകരിക്കാറുള്ളത്. ഒന്ന് ഇ.എം.ഐ തുക വര്‍ധിപ്പിക്കുക. ഇതു വഴി പ്രതിമാസം അടയ്‌ക്കേണ്ട തുകയില്‍ നേരിട്ട് വര്‍ധനയുണ്ടാകുന്നു.
രണ്ടാമത്തേത് വായ്പാ കാലാവധി (Tenure) നീട്ടി നല്‍കുകകയാണ്. ഇ.എം.ഐ തുക മാറ്റമില്ലാതെ നിലനിര്‍ത്തി തിരിച്ചടവ് കാലാവധി കൂടുതല്‍ മാസങ്ങളിലേക്ക് നീട്ടിനല്‍കുന്നു. എന്നാല്‍ ഇത് ദീര്‍ഘകാലത്തില്‍ അടച്ചുതീര്‍ക്കേണ്ട മൊത്തം പലിശ ഭാരത്തില്‍ വലിയ വര്‍ധനയുണ്ടാക്കും.
ഉദാഹരണത്തിന്, 8.10 ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപയുടെ ഹോം ലോണ്‍ 20 വര്‍ഷത്തേക്ക് എടുത്ത ഒരാളുടെ കാര്യമെടുക്കാം. ബാങ്ക് പലിശ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് 8.35 ശതമാനാക്കുമ്പോള്‍, അയാളുടെ പ്രതിമാസ ഇ.എം.ഐ 25,268 രൂപയില്‍ നിന്ന് 25,744 രൂപയായി ഉയരും. അതായത് മാസംതോറും 476 രൂപയുടെ അധിക ചെലവ് വരുന്നു.
ആദ്യത്തെ രീതിയില്‍ പ്രതിമാസ ഇ.എം.ഐ തുക കൂട്ടി അടയ്ക്കുകയാണെങ്കില്‍ 20 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം പലിശയിനത്തില്‍ മാത്രം 1,14,240 രൂപയോളം അധികമായി നല്‍കേണ്ടി വരും. ഇനി ഇ.എം.ഐ തുക കൂട്ടാതെ പഴയ തുക തന്നെ നിലനിര്‍ത്തിക്കൊണ്ട് ബാങ്ക് തിരിച്ചടവ് കാലാവധി നീട്ടാനാണ് തീരുമാനിക്കുന്നതെങ്കില്‍ 20 വര്‍ഷമെന്ന ലോണ്‍ കാലാവധി ഏകദേശം 20 വര്‍ഷവും 10 മാസവുമായി ദീര്‍ഘിക്കും. അതായത്, മാസത്തിലെ ഇ.എം.ഐ മാറ്റമില്ലാതെ തുടര്‍ന്നാലും 10 മാസം കൂടി അധികമായി അടയ്‌ക്കേണ്ടി വരും. ഇതു വഴി വായ്പക്കാരന് രണ്ടര ലക്ഷത്തോളം (2,50,000) രൂപയുടെ ഭാരമാണ് ആകെ ഉണ്ടാകുന്നത്.
Major public sector banks hike repo-linked lending rates by 25 bps following RBI's policy repo rate increase to 5.50%, directly impacting home, auto, and personal loan borrowers.
Read DhanamOnline in English
Subscribe to Dhanam Magazine