Indian Rupee sack, RBI Logo
Image : Canva and RBI

കൂടുതല്‍ മേഖലകളിലേക്ക് വായ്പകള്‍ ലഭ്യമാകും, വിപ്ലവകരമായ നടപടിയുമായി ആര്‍.ബി.ഐ, കോ-ലെന്‍ഡിംഗ് നിയമങ്ങള്‍ പരിഷ്കരിക്കുന്നു

നിലവിലുളള കോ-ലെന്‍ഡിംഗ് മോഡല്‍ സംബന്ധിച്ച് ആര്‍ബിഐ നേരത്തെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു
Published on

കോ-ലെന്‍ഡിംഗ് മാർഗനിർദ്ദേശങ്ങൾ പരിഷ്കരിക്കുന്നതിനുള്ള വിപ്ലവകരമായ നിർദ്ദേശവുമായി ആർ‌ബി‌ഐ. റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുളള എല്ലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വായ്പാ വിഭാഗങ്ങൾക്കുമായി കോ-ലെന്‍ഡിംഗ് വ്യാപ്തി വര്‍ധിപ്പിച്ചു.

രണ്ടോ അതിലധികമോ വായ്പാ ദാതാക്കൾ കടം വാങ്ങുന്നവർക്ക് സംയുക്തമായി വായ്പ വാഗ്ദാനം ചെയ്യുന്ന സംവിധാനത്തെയാണ് കോ-ലെന്‍ഡിംഗ് മോഡല്‍ എന്നു പറയുന്നത്. സാധാരണയായി ഒരു ബാങ്കും ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയും (NBFC) തമ്മിലാണ് ഇത്തരത്തില്‍ സഹകരണത്തില്‍ ഏര്‍പ്പെടുന്നത്. ഈ സംവിധാനത്തില്‍ 80 ശതമാനം വായ്പ തുക ബാങ്കും 20 ശതമാനം തുക എന്‍.ബി.എഫ്.സി യും ആകും വഹിക്കുക. ആവശ്യക്കാര്‍ക്ക് ലോണ്‍ നല്‍കുന്നതും അതിനുളള നടപടികള്‍ പൂര്‍ത്തിയാക്കുന്നതും എന്‍.ബി.എഫ്.സി ആയിരിക്കും. ലോണ്‍ തുകയുടെ ഭൂരിഭാഗവും വഹിക്കുക എന്നതാണ് ബാങ്കുകള്‍ ചെയ്യുന്നത്. രണ്ട് വായ്പാദാതാക്കൾക്കും അവരുടെ സംഭാവനയുടെ അടിസ്ഥാനത്തിൽ പലിശ ലഭിക്കുന്നതാണ്.

ആവശ്യക്കാരെ കണ്ടെത്തുന്നതിനും കൂടുതല്‍ ഫലപ്രദമായി വായ്പ വിതരണം നടത്തുന്നതിനും ആകുമെന്നതാണ് എൻ.ബി.എഫ്.സി കളെ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുളള പ്രധാന നേട്ടം. അർദ്ധ നഗര, ഗ്രാമപ്രദേശങ്ങളിലുളള വായ്പ ആവശ്യക്കാരിലേക്ക് കൂടുതലായി എത്തിച്ചേരാൻ വളരെ സഹായകരമാണ് കോ-ലെന്‍ഡിംഗ് മോഡല്‍.

ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (NBFC) തമ്മിലുള്ള പങ്കാളിത്തത്തിലേക്ക് കോ-ലെന്‍ഡിംഗ് നേരത്തെ പരിമിതപ്പെടുത്തുന്നു. കൃഷി, സൂക്ഷ്മ സംരംഭങ്ങൾ, ദുർബല വിഭാഗങ്ങൾക്കുള്ള വായ്പകൾ തുടങ്ങിയ മുൻഗണനാ മേഖലകളില്‍ (PSL) മാത്രമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

നിലവിലുളള കോ-ലെന്‍ഡിംഗ് മോഡല്‍ സംബന്ധിച്ച് ആര്‍ബിഐ നേരത്തെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പരിഷ്കരിച്ച കോ-ലെന്‍ഡിംഗ് മോഡലുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും ആര്‍ബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

വായ്പ ലഭ്യത വര്‍ധിപ്പിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കാനും പുതിയ മോഡല്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് വിവിധ ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എസ്.എല്‍ വിഭാഗങ്ങളെക്കൂടാതെ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com